Flash News

6/recent/ticker-posts

ചെണ്ടമേളം കാണാനെത്തി; നവ്യ പിന്നെ കണ്ടത് അച്ഛന്റെയും മകന്റെയും മരണം, റോഡിൽ കൂട്ടനിലവിളി

Views
ചെണ്ടമേളം കാണാനെത്തി; നവ്യ പിന്നെ കണ്ടത് അച്ഛന്റെയും മകന്റെയും മരണം, റോഡിൽ കൂട്ടനിലവിളി


ആൾക്കൂട്ടത്തിൽനിന്ന് നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാർ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകൻ ആഗ്‌നേയും അപകടത്തിൽപ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്.


കണ്ണൂർ: ചിറക്കൽ പള്ളിക്കുളത്ത് ദേശീയപാതയോരത്തെ മലബാർ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന നവ്യ, തൊട്ട് മുന്നിൽ പുതുതായി ആരംഭിച്ച മാർബിൾ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയതായിരുന്നു. ഉദ്ഘാടനം പത്ത് മണിക്ക് കഴിഞ്ഞെങ്കിലും ഷോറൂമിന്റെ മുന്നിൽ ആൾക്കൂട്ടമുണ്ട്. ഒരു ലോറി തളിപ്പറമ്പ് ഭാഗത്തേക്ക് പോയതിന്റെ തൊട്ടുപിന്നാലെ കൂട്ടനിലവിളിയും ആൾക്കാരുടെ പരക്കംപാച്ചിലും.




ഓടുന്നവരുടെ കൂടെ നവ്യയും ചേർന്നു. റോഡിൽ തലപൊട്ടി, ചോരയിൽ കുളിച്ച്, ചേർന്ന് കിടക്കുന്ന രണ്ട് ശരീരങ്ങൾ.

പെട്ടെന്നാർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലൻസ് വന്നു. നാട്ടുകാർ അത് നിർത്തിച്ച് മൃതദേഹങ്ങൾ അതിലേക്ക് മാറ്റി. ആൾക്കൂട്ടത്തിൽനിന്ന് നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാർ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകൻ ആഗ്നേയും അപകടത്തിൽപ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്.



ലോറി ഡ്രൈവറുടെ അശ്രദ്ധ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷികളിലൊരാളായ സി. വിനോദ് പറഞ്ഞു. മരിച്ച മഹേഷ് ബാബു വിനോദിന്റെ അടുത്ത സുഹൃത്താണ്.


മുത്തച്ഛനും കൊച്ചുമകനും ദാരുണാന്ത്യം


കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുളത്തിന് സമീപം ലോറിയിടിച്ച് ബൈക്കിൽ പോവുകയായിരുന്ന മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഇടച്ചേരി കൊമ്പ്രക്കാവിന് സമീപം 'നവനീത'ത്തിലെ മഹേഷ് ബാബു (60), മകൾ പി. നവ്യയുടെയും പ്രവാസിയായ പ്രവീണിന്റെയും മകൻ ആഗ്നേയ് (ഒൻപത്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നവ്യ അച്ഛന്റെയും മകന്റെയും ദാരുണാന്ത്യത്തിന് സാക്ഷിയായി.


പുതുതായി ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയ നവ്യ അൽപം കഴിഞ്ഞ് കണ്ടത് അച്ഛന്റെയും മകന്റെയും ജീവനറ്റ ശരീരമായിരുന്നു. തളാപ്പിലെ എസ്.എൻ. വിദ്യാമന്ദിർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് ആഗ്നേയ്. വെള്ളിയാഴ്ച പകൽ 11-നാണ് അപകടം. ഗ്യാസ് നിറയ്ക്കാനുള്ള സിലിൻഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടി.എൻ. 90- 7925 നമ്പർ ലോറി ഇതേ ദിശയിൽ പോവുകയായിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി രണ്ടുപേരും തത്ക്ഷണം മരിച്ചു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർ കേളകം സ്വദേശി സതിഷ്കുമാറിനെ (54) പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.


ചിറക്കൽ ക്ഷീരോത്പാദകസംഘത്തിലെ മുൻ ജീവനക്കാരനാണ് മഹേഷ് ബാബു. ഭാര്യ : വിനീത. മകൻ : നിഖിൽ. സഹോദരങ്ങൾ : മോഹനൻ, ബേബി, വാസന്തി, ശൈലജ, ശ്യാമള. മൃതദേഹങ്ങൾ വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആസ്പത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. ശനിയാഴ്ച സംസ്കരിക്കും.





 റോഡിൽ ചോരവീഴ്ത്തുന്നു അശ്രദ്ധയും അതിവേഗവും



കണ്ണൂർ: വാഹനപ്പെരുപ്പത്തോടൊപ്പം അതിവേഗവും അശ്രദ്ധയും ജില്ലയിൽ അപകടങ്ങളുടെ തുടർക്കഥ സൃഷ്ടിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരുടെവരെ ജീവൻ റോഡിൽ പൊലിയുകയാണ്.


ഇരുചക്രവാഹനയാത്രക്കാരാണ് മരിച്ചവരിൽ കൂടുതലും. കഴിഞ്ഞദിവസം പള്ളിക്കുളത്ത് മരിച്ചത് സ്കൂട്ടർയാത്രക്കാരായ മുത്തച്ഛനും കൊച്ചുമകനുമാണ്. നടുറോഡിൽ ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യമായിരുന്നു. മൂന്നുദിവസംമുൻപാണ് ഇരിട്ടിയിൽ വ്യത്യസ്ത അപകടങ്ങളിൽ ഒരു സ്ത്രീയും പുരുഷനും വാഹനമിടിച്ച് മരിച്ചത്.




മേയ് മാസം പത്തിലധികം പേർ വ്യത്യസ്ത വാഹനാപകടങ്ങളിൽ ജില്ലയുടെ പല ഭാഗത്തായി മരിച്ചു. അഞ്ചുദിവസം മുൻപാണ് മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് വി.കെ.ഇബ്രാഹിം ഹാജി വാഹനാപകടത്തിൽ മരിച്ചത്. അന്നുതന്നെ ചെറുപുഴയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.



ബൈക്കപകടത്തിൽ പരിക്കേറ്റ കൂത്തുപറമ്പ് സ്വദേശി മരിച്ചതും അന്നുതന്നെ. പ്ലാസ ജങ്ഷനിൽ റോഡ് മുറിച്ചു കടക്കവെ തമിഴ്നാട് സ്വദേശിനി ബസിടിച്ച് മരിച്ചതും ഈ മാസം തുടക്കത്തിലാണ്.


2022 ജനുവരി മുതൽ നൂറിലധികംപേർ വാഹനാപകടത്തിൽ മരിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനിടയിൽ പിലാത്തറ-പാപ്പിശ്ശേിരി റോഡിൽ മാത്രം നാല്പതോളംപേർ മരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂർ നഗരത്തിൽ കാൽടെക്സ് ജങ്ഷനിൽ സിഗ്നലിൽ ബസ് മുന്നോട്ടെടുത്തപ്പോൾ സ്കൂട്ടർയാത്രക്കാരൻ തലതകർന്ന് മരിച്ചതും നടുക്കുന്ന ഓർമയാണ്.


മാസങ്ങൾക്കുമുൻപ് ഇതേസ്ഥലത്ത്്് സ്വകാര്യ ആസ്പത്രിയിൽ ജോലിചെയ്യുന്ന യുവതി ടാങ്കർലോറി കയറി മരിച്ചിരുന്നു.


ഈ വർഷത്തെ പുതുവത്സരദിനത്തിലാണ് പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിട്ടിച്ച് വടകര സ്വദേശികളായ രണ്ടുയുവാക്കൾ മരിച്ചത്. തൊട്ടടുത്ത മാസം പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ കണ്ണപുരം പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. റോഡരികിൽ നിർത്തിയിട്ട ലോറിക്കുപിറകിൽ കാർ ഇടിക്കുകയായിരുന്നു.


കഴിഞ്ഞ ഏപ്രിലിൽ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. പയ്യാവൂർ ചുണ്ടയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച്് പുളിക്കൽ സ്വദേശിയും മറ്റൊരാളുമാണ് മരിച്ചത്.


കണ്ണൂർ പള്ളിച്ചാൽ കെ.എസ്.ടി.പി. റോഡിൽ വിഷുദിവസം ചൂണ്ടപ്പുറം ടൗണിന് സമിപം കാറിൽ ആംബുലൻസിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ മേലെ ചൊവ്വയിൽ ബസും പിക്കപ്പ് വാനും ഇടിച്ച് തങ്കേക്കുന്ന് സ്വദേശിയും മരിച്ചിരുന്നു.




Post a Comment

0 Comments