Flash News

6/recent/ticker-posts

കുട്ടിയുടെ വര്‍ഗീയപരമായ മുദ്രാവാക്യം: പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം ഒന്നാം പ്രതി , പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് രണ്ടാം പ്രതി.

Views
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ബഹുജന റാലിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി വര്‍ഗീയപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം ഒന്നാം പ്രതി. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് രണ്ടാം പ്രതി.

മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും കേസില്‍ പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഇന്നലെ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയാണ് ഇന്നലെ രാത്രിയോടെ പൊലീസ് പിടികൂടിയത്.

കുട്ടിയെ ആലപ്പുഴയിലെത്തിച്ചത് അന്‍സാര്‍ നജീബായിരുന്നു. റാലിയിലെ മുദ്രാവാക്യത്തിനെതിരെ അഭിഭാഷക പരിഷത് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഐ.പി.സി 153 A വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്തുന്ന വിധം മുദ്രാവാക്യം വിളിച്ചതിനാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

അതേസമയം, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനം ആലപ്പുഴയില്‍ നടന്നത്. ആലപ്പുഴ നഗരത്തില്‍ നടന്ന ജനമഹാസമ്മേളനത്തിന്റെ ഭാഗമായായിരുന്നു റാലി സംഘടിപ്പിച്ചത്.

പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ഒരു ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം.

സംഭവത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

‘റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ’ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. ”അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ട്’ എന്നായിരുന്നു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍.

അതേസമയം, പ്രകടനത്തില്‍ കുട്ടി മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിളിച്ചത് തങ്ങളുടെ സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് പ്രസ്താവനയില്‍ പറഞ്ഞു.

അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിവധ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.


Post a Comment

0 Comments