Flash News

6/recent/ticker-posts

കൂളിമാട് പാലം അപകടം: കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറ്- കിഫ്ബി

Views കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗർഡറുകൾ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു.

നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസിലായിട്ടുള്ളത്. യഥാർഥകാരണം, ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കികൾക്കുണ്ടായ യന്ത്രത്തകരാറാണ്. ഗുണനിലവാര പ്രശ്നമല്ല, തൊഴിൽനൈപുണ്യം(workmanship)ആയി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായതെന്നും ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളതെന്നും കിഫ്ബി അറിയിച്ചു.

ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂർത്തിയായി. സൂപ്പർ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്. സൈറ്റിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗർഡറുകളുടെ നിർമാണം. താൽക്കാലിക താങ്ങും ട്രസും നൽകി പിയർ ക്യാപിന്റെ മധ്യത്തിലായാണ് ഗർഡറുകൾ നിർമിച്ചത്.

തൊണ്ണൂറ് മെട്രിക് ടൺ ആണ് ഓരോ ഗർഡറിന്റെയും ഏകദേശഭാരം. ആദ്യ ഘട്ട സ്ട്രെസിങ്ങിനു ശേഷം ഓരോ ഗർഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും. കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗർഡറുകളെ 100-150മെട്രിക് ടൺ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയർത്തും. മെയ് 16 ന് മൂന്നാം ഗർഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു.

ഈ രണ്ടു ഹൈഡ്രോളിക് ജാക്കികളുടെയും ചലനങ്ങൾ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്ത്തൽ പൂർത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റൺ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടർന്ന് മൂന്നാം ഗർഡർ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടർന്ന് മൂന്നാം ഗർഡർ രണ്ടാം ഗർഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗർഡർ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗർഡറിന്റെ മേൽ പതിച്ചു. ഈ ആഘാതത്തെ തുടർന്ന് ഒന്നാം ഗർഡർ പുഴയിലേക്ക് വീഴുകയും ചെയ്തു. അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിൽ കലാശിച്ചത്. അല്ലാതെ ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണ്- കിഫ്ബി പറഞ്ഞു.


Post a Comment

0 Comments