Flash News

6/recent/ticker-posts

തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത; ആധാര്‍ സംബന്ധിച്ച മുന്നറിയിപ്പ് പിന്‍വലിച്ച് സര്‍ക്കാര്‍

Views


ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വാര്‍ത്താക്കുറിപ്പ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാവാനിടയുള്ള സാധ്യത പരിഗണിച്ച് അത് പിന്‍വലിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

യുഐഡിഎഐ നല്‍കിയ ആധാര്‍ കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതിലും പങ്കിടുന്നതിലും സ്വാഭാവികമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ആധാര്‍ ഉടമയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സവിശേഷതകളും ആധാര്‍ ഐഡന്റിറ്റി ഓതന്റിക്കേഷന്‍ എക്കോസിസ്റ്റത്തിനുണ്ടെന്നും പുതിയ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.

ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കുവെക്കാന്‍ പാടില്ല. പകരം, അവസാനത്തെ നാലക്കങ്ങള്‍ മാത്രം കാണാവുന്ന വിധത്തില്‍ മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് ഉപയോഗിക്കണമെന്നായിരുന്നു മന്ത്രാലയം ആദ്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഞായറാഴ്ചയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കുറിപ്പ് പുറത്തുവന്നത്.

യു.ഐ.ഡി.എ.ഐയില്‍നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ വ്യക്തി അയാള്‍തന്നെയെന്ന് ഉറപ്പിക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാവൂ. ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍ പോലുള്ള ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെടാനോ സൂക്ഷിക്കാനോ അനുവാദമില്ല.

ഇന്റര്‍നെറ്റ് കഫേകളിലെ നിരവധിയാളുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കരുത്. ഇനി അഥവാ അങ്ങനെ ചെയ്താല്‍, ഡൗണ്‍ലോഡ് ചെയ്തശേഷം കമ്പ്യൂട്ടറില്‍നിന്ന് അതിന്റെ പകര്‍പ്പുകള്‍ ഡിലീറ്റ് ചെയ്യണം തുടങ്ങിയവയും വാര്‍ത്താക്കുറിപ്പിലെ നിര്‍ദേശങ്ങളായിരുന്നു.

എന്നാല്‍ ഇത് വ്യാപകമായ ആശങ്കകള്‍ക്ക് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് വാര്‍ത്താക്കുറിപ്പ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ നടപടി.



Post a Comment

0 Comments