Flash News

6/recent/ticker-posts

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസായി തന്നെ തുടരും

Views

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസായി തന്നെ തുടരുമെന്ന് വ്യക്തമാക്കി കരട് സ്‌കൂള്‍ മാന്വല്‍ പുറത്തിറക്കി. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സില്‍ എന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവിലെ രീതി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന് മൂന്ന് മാസത്തെയും പത്താം ക്ലാസില്‍ ആറ് മാസത്തെയും വയസ്സിളവ് ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം എന്നും കരട് സ്‌കൂള്‍ മാന്വലില്‍ പറയുന്നു. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലേക്ക് ഒരു ഡിവിഷനില്‍ 30 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനില്‍ 35 കുട്ടികള്‍ക്കും ഒമ്പത് , പത്ത് ക്ലാസുകളുടെ കാര്യത്തില്‍ ആദ്യ ഡിവിഷനില്‍ 50 കുട്ടികള്‍ക്കും പ്രവേശനം നല്‍കാം. കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയില്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളോട് പരാതി പറയരുതെന്നും മാന്വലില്‍ പറയുന്നു. ടി സി ലഭിക്കാന്‍ വൈകിയാല്‍ അതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. ടി സിയില്ലാതെ പ്രവേശനം നല്‍കുമ്പോള്‍ പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥി മുമ്പ് പഠിച്ചിരുന്ന സ്‌കൂളില്‍ ഇക്കാര്യം അറിയിക്കണം. ‘സമ്പൂര്‍ണ’ സോഫ്റ്റ്‌വെയര്‍ വഴി ടി സി ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതുമാണ്. കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്താതിരിക്കലും ക്ലാസ് അധ്യാപകന്റെ ചുമതലയാണ്. പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നു സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഉറപ്പാക്കണം എന്നും കരട് മാന്വലില്‍ പറയുന്നു.


Post a Comment

0 Comments