Flash News

6/recent/ticker-posts

കാളകൂട വിഷം ചീറ്റുന്ന മനുഷ്യനെ വെല്ലുവിളിക്കുന്നു, ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ ആ നിമിഷം ശിക്ഷ ഏറ്റുവാങ്ങും: മഅ്ദനി

Views


ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച ബി.ജെ.പി നേതാവ് ആര്‍.വി. ബാബുവിനും, മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനും മറുപടിയുമായി ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി.

ബാബുവും വിനുവും ഇരട്ട സഹോദരങ്ങളാണെന്നും വിഷലിപ്തമായ വിനുവിന്റെ വാക്കുകള്‍ ആരെ സുഖിപ്പിക്കാനാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ലെന്നും മഅ്ദനി പറഞ്ഞു.

ആര്‍.വി. ബാബു ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ ആ നിമിഷം പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യുമെന്ന് മഅ്ദനി തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നികൃഷ്ടവും നീചമായ ഗൂഢോദേശ്യത്തോട് കൂടിയതുമായ ചില വിഷലിപ്തമായ ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കപ്പെട്ടത്. അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ നിജസ്ഥിതി കേരളീയ സമൂഹത്തിന്റെ മുന്നില്‍ അറിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും സത്യം വായില്‍ നിന്ന് അറിയാതെ പോലും വരാതിരിക്കുവാന്‍ ശ്രദ്ധിക്കാറുള്ള ഒരു ‘മഹാന്റെ’ വിടുവായത്തമാണ് നാം കാണുന്നത്. ഹിന്ദു സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ മുസ്‌ലിമിന്റെ ബീജം കടത്തിവിടണമെന്ന് പ്രസംഗിച്ചതിനാണ് എനിക്കെതിരെ കേസെടുത്തതെന്നാണ് ആ മഹാന്‍ പറയുന്നത്.

17 വയസ്സു മുതല്‍ പൊതുവേദികളില്‍ പ്രസംഗിക്കുവാന്‍ തുടങ്ങിയ എന്റെ ജീവിതത്തിലെ ഏതെങ്കിലും പ്രസംഗങ്ങളിലോ ഇന്നും കേരളത്തിലെ വിപണികളില്‍ സുലഭമായി ലഭിക്കുന്നതും യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതുമായ എന്റെ ഒട്ടനവധി പ്രസംഗങ്ങളില്‍ ഏതെങ്കിലും ഭാഗത്തോ അങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് തെളിയിക്കാന്‍ ഈ ‘വിഷമനുഷ്യനെ’ ഞാന്‍ വെല്ലുവിളിക്കുന്നു. ഒപ്പം എനിക്കെതിരെ ചുമത്തപ്പെട്ട ഒരൊറ്റ കേസെങ്കിലും ഇടതുഗവണ്മെന്റ് പിന്‍വലിച്ചിട്ടുണ്ടെന്ന് തെളിയിക്കാനും.

അങ്ങനെ ചെയ്താല്‍ ആ നിമിഷം ഞാന്‍ പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും,’ മഅ്ദനി പറഞ്ഞു.

എനിക്കെതിരെ ചുമത്തപ്പെട്ട മുഴുവന്‍ കേസുകളിലും ഞാന്‍ നിയമത്തിന്റെ മുന്നില്‍ ഹാജരായിട്ടുണ്ടെന്നും, എല്ലാ കേസുകളിലും അതാത് കോടതികള്‍ എന്നെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി.

അബ്ദുന്നാസര്‍ മഅ്ദനിയെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ന്യായീകരിച്ചതില്‍ ലജ്ജിക്കുന്നുവെന്നും സമൂഹത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തിയ മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേര്‍ന്നതെന്നുമായിരുന്നു വിനുവിന്റെ പരാമര്‍ശം. അതിന് മഅ്ദനി നല്‍കിയ മറുപടി ഇങ്ങനെ,

‘ഒരു കൊടുംവിദ്വേഷ പ്രസംഗകനെ അറസ്റ്റ് ചെയ്ത ദിവസം താങ്കള്‍ക്കുണ്ടായ സ്വാഭാവികമായ അസഹ്യതയില്‍ നിന്ന് പ്രത്യേകിച്ച് യാതൊരു കാരണമോ ചര്‍ച്ചയില്‍ പങ്കെടുത്ത ആരെങ്കിലും എന്നെ പറ്റി പരാമര്‍ശിക്കുന്ന സാഹചര്യമോ ഇല്ലാതെ തന്നെ താങ്കള്‍ പറഞ്ഞ വിഷലിപ്തമായ ആ വാക്കുകള്‍ ആരെ സുഖിപ്പിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല.

മഅ്ദനിയുടെ മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദിച്ചുപോയത് വന്‍ഖേദമുള്ള കാര്യമാണ് എന്ന് പ്രേക്ഷകരുടെ മുന്‍പില്‍ അന്തിച്ചര്‍ച്ചയില്‍ പുലമ്പിയ താങ്കള്‍ മനസ്സിലാക്കേണ്ടത് ഒമ്പതര കൊല്ലത്തെ അകാരണമായ കഠിനപീഡനങ്ങള്‍ക്ക് ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒറ്റയൊരെണ്ണം പോലും തെളിയിക്കാന്‍ കഴിയാതെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂര്‍ വിചാരണക്കോടതി വെറുതെവിട്ടതും ആ വിധി മേല്‍കോടതികള്‍ എല്ലാം ശരിവെച്ചതും ഇപ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ കഠിന രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോഴും താങ്കളുടെ പുതിയ യജമാനന്മാര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര രാഷ്ട്രീയത്തിനും നീതിനിഷേധത്തിനുമെതിരെ 12 വര്‍ഷമായി നിയമപോരാട്ടം നടത്തി പിടിച്ചുനിന്ന് കൊണ്ടിരിക്കുന്നതും താങ്കളുടെ മഹത്തായ ഔദാര്യം കൊണ്ടല്ല മറിച്ച് കേരളത്തിലെ ജാതിമതഭേദമന്യേയുള്ള ഒരുപാട് നല്ല മനുഷ്യരുടെ പിന്തുണ കൊണ്ട് മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.

അനീതിക്ക് മുന്നില്‍ മുട്ടുമടക്കില്ല എന്നത് ജീവിതത്തിലെ ഉറച്ച തീരുമാനമാണെന്നും എനിക്ക് തൂക്കുമരം തന്നേക്കൂ’ എന്ന് വിളിച്ചുപറഞ്ഞ അതേ മനസ്സ് തന്നെയാണ് എനിക്കിപ്പോഴുമുള്ളതെന്നും മഅ്ദനി പറഞ്ഞു.



Post a Comment

0 Comments