Flash News

6/recent/ticker-posts

കർണാടകത്തിൽ പത്താംക്ലാസിലെ പുതിയ സാമൂഹ്യപാഠം പുസ്തകത്തിൽനിന്ന് ശ്രീനാരായണഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കി; കടുത്ത പ്രതിഷേധം

Views

ബെംഗളൂരു: കർണാടകത്തിൽ പത്താംക്ലാസിലെ പുതിയ സാമൂഹ്യപാഠം പുസ്തകത്തിൽനിന്ന് നവോത്ഥാന നായകരായ ശ്രീനാരായണഗുരു, പെരിയാർ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായി.

പത്താംക്ലാസ് കന്നഡ പാഠപുസ്തകത്തിൽ ആർ.എസ്.എസ്. സ്ഥാപകൻ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിൽ വിവാദം കനക്കുമ്പോഴാണ് സാമൂഹ്യപാഠപുസ്തകത്തിൽ നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്.

കർണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ പുതിയ പാഠപുസ്തകത്തിന്റെ പി.ഡി.എഫ്. പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ മത-സാമൂഹിക നവോത്ഥാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അഞ്ചാം അധ്യായത്തിൽനിന്നാണ് ശ്രീനാരായണഗുരുവും പെരിയാറും പുറത്തായത്. രാജാറാം മോഹൻ റോയ്, സ്വാമി ദയാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ആനിബസന്റ് തുടങ്ങിയവരെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷംവരെ ശ്രീനാരായണഗുരുവും പെരിയാറും ഉണ്ടായിരുന്നു. പുതിയ പാഠപുസ്തകത്തിന്റെ അച്ചടി നടന്നുവരുന്നതേയുള്ളൂ.

ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

ശ്രീനാരായണ ഗുരു

കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹിക പരിഷ്കർത്താവും സന്ന്യാസിവര്യനും
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശത്തിലൂടെ മനുഷ്യരെ ഒന്നായിക്കാണാൻ പ്രേരിപ്പിച്ചു
അന്ധവിശ്വാസങ്ങൾക്കെതിരേയും തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, സവർണ മേൽക്കോയ്മ എന്നിവയ്ക്കെതിരേയും നിലയുറപ്പിച്ചു
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ആപ്തവാക്യം
സാമൂഹികപരിഷ്കരണം ലക്ഷ്യമാക്കി ശ്രീനാരായണ ധർമപരിപാലനയോഗം സ്ഥാപിച്ചു
ദൈവദശകം, അനുകമ്പാശതകം, ആത്മോപദേശശതകം എന്നിവ പ്രധാന കൃതികൾ
 

പെരിയാർ (ഇ.വി. രാമസ്വാമി നായ്‌ക്കർ)

തമിഴ് സാമൂഹികപരിഷ്കർത്താവും യുക്തിവാദിയും
ജാതിക്കെതിരേയും ബ്രാഹ്മണ മേധാവിത്വത്തിനെതിരേയും പ്രചാരണം നടത്തി
അന്ധവിശ്വാസങ്ങൾക്കെതിരേ പോരാടി
സാമൂഹികപരിഷ്കരണം ലക്ഷ്യമാക്കി ദ്രാവിഡ കഴകം എന്ന സംഘടനയ്ക്ക് രൂപംനൽകി
ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരേയും സമരങ്ങൾ നയിച്ചു


Post a Comment

0 Comments