Flash News

6/recent/ticker-posts

ഇറങ്ങിയത് ആത്മഹത്യയ്ക്ക്, സിം ഒടിച്ചു, ഫോൺ നശിപ്പിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ച് പൊലീസ്

Views
ഇറങ്ങിയത് ആത്മഹത്യയ്ക്ക്, സിം ഒടിച്ചു, ഫോൺ നശിപ്പിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ച് പൊലീസ്


കൊച്ചി  കാക്കനാട് പൊലീസ് സ്റ്റേഷനിൽ പതിവില്ലാതെ ഒരു അനുമോദന യോഗം!. കാണാതായ സഹപ്രവർത്തകനെ എഫ്ഐആർ റജിസ്റ്റർ ചെയ്തിന്റെ മൂന്നാം ദിവസം തിരികെ എത്തിച്ചതിന് ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ അനിലിന്റെ നേതൃത്വത്തിലായിരുന്നു അനുമോദനം. ‘‘ജീവനോടെ തിരിച്ചു കിട്ടുമോ എന്നു ഭയന്നിരിക്കെയാണ് അജിത് കുമാറിനെ പൊലീസ് ജീവിതത്തിലേക്കു തിരികെ കൂട്ടിക്കൊണ്ടുവന്നത്. അതും ഒരു തുമ്പും ബാക്കി വയ്ക്കാതെ ആത്മഹത്യ ലക്ഷ്യമിട്ടു മുങ്ങിയ ഒരാളെ’’- അജിത് കുമാറിന്റെ സഹപ്രവർത്തകരിൽ ഒരാൾ പറയുന്നു.


പുനലൂർ ഓഫിസിൽ ജോലി ചെയ്യുന്നതിനിടെ കൈകാര്യം ചെയ്ത ചില ഫയലുകൾ കാണാതായ സംഭവത്തിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു അജിത് കുമാർ. ശിക്ഷാ നടപടി പോലെ കൊച്ചിയിലേക്കു സ്ഥലം മാറ്റം കൂടി കിട്ടിയതോടെ മാനസികമായി തളർന്നു. ഒരു മാസം ജോലി ചെയ്തെങ്കിലും രണ്ടു മാസം അവധിയെടുത്തു. ഏപ്രില്‍ 29ന് എറണാകുളത്ത് എത്തിയെങ്കിലും അവധി നീട്ടി വാങ്ങി. 30- തീയതി മുറി ഒഴിഞ്ഞെന്നു വീട്ടിൽ അറിയിച്ച ശേഷം നാടുവിടുകയായിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ മറ്റുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാവുന്നതിന് അപ്പുറമായെന്നും എവിടെയെങ്കിലും പോയി ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നുമാണ് പിന്നീട് അജിത് പൊലീസിനോടു പറഞ്ഞത്.



ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി, ലഭ്യമാകുന്ന മുഴുവൻ വിവരങ്ങളും അതിൽ പോസ്റ്റ് ചെയ്തു. സംഘത്തിലെ ഉദ്യോഗസ്ഥർ കേസിനെക്കുറിച്ചും അജിയെക്കുറിച്ചും വിശദമായി പഠിച്ചു. പൊലീസ് ഗ്രൂപ്പുകളിലും മറ്റും വിവരങ്ങൾ പങ്കുവച്ചു. ഇതിനിടെ, അജിത്തിന്റേതെന്ന പേരിൽ ഗോവയിൽനിന്നു ലഭിച്ച ചിത്രം മറ്റൊരാളിന്റേതാണെന്നു കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളിലെയും മാളുകളിലെയുമെല്ലാം ദൃശ്യങ്ങൾ പരിശോധിച്ച് സാധ്യതകൾ വിലയിരുത്തി. അവസാനമായി വിളിച്ച ഫോൺ നമ്പരുകളിലേക്കുള്ള അന്വേഷണം തമിഴ്നാട്ടിലേക്കു നീണ്ടു. ഒരു ഡ്രൈവറുമായി അജിത്തിനുള്ള ബന്ധം അറിഞ്ഞതോടെ അന്വേഷണം ആ വഴിക്കായി.


ഫോണിൽ വിളിച്ച് അന്വേഷിച്ചാൽ അവിടെനിന്നു മാറാനുള്ള സാധ്യത കണക്കിലെടുത്ത് ആ ഫോണിന്റെ ലൊക്കേഷൻ തേടിയായി യാത്ര. തമിഴ്നാട് യാത്രയ്ക്ക് ഔദ്യോഗിക വാഹനം ലഭിക്കാതെ വന്നതോടെ പ്രിൻസിപ്പൽ എസ്ഐയുടെ വാഹനം വിട്ടു നൽകി. പല സ്ഥലങ്ങളിലും അജിത് കുമാറിന്റെ ഫോട്ടോ കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. ഒടുവിൽ തൂത്തുക്കുടിയിൽ ഒരു ചായക്കടക്കാരൻ അജിത്തിനെ തിരിച്ചറിഞ്ഞു. പതിവായി അവിടെ ചായ കുടിക്കാൻ എത്തുമെന്നും പറഞ്ഞു. പൊലീസ് അവിടെ കാത്തു നിന്നു. രാത്രി 11 മണിക്കു കടയിലെത്തിയ അജിത് കുമാറിനെ പൊലീസ് സംഘം വളഞ്ഞതോടെ അദ്ദേഹവും ഒരു നിമിഷം പകച്ചു. പൊലീസാണെന്നും പരാതിയിൽ അന്വേഷിച്ച് എത്തിയതാണ് എന്നും പറഞ്ഞതോടെ വഴങ്ങി. അനുനയിപ്പിച്ചു കൊച്ചിയിലെത്തിച്ചു.


ആത്മഹത്യ ചെയ്യാനാണ് പുറപ്പെട്ടത് എന്നായിരുന്നു അജിത്തിന്റെ വെളിപ്പെടുത്തൽ. പക്ഷേ അതിനു ധൈര്യം തോന്നാതിരുന്നതിനാൽ ഒളിച്ചു താമസിക്കാൻ തീരുമാനിച്ചു. അതിനാണ് തമിഴ്നാട്ടിലെത്തിയത്. ഫോൺ കൈവശമുണ്ടായാൽ പൊലീസ് പിന്തുടർന്നെത്തുമെന്നതിനാൽ സിംകാർഡ് ഒടിച്ചു കളഞ്ഞു. ഫോണും നശിപ്പിച്ചു. ഒരിക്കൽ വാഹന പരിശോധനയ്ക്കിടെ പരിചയപ്പെട്ട ഡ്രൈവറോട് കുറച്ചു ദിവസം മാറി നിൽക്കാനാണ് എന്നു പറഞ്ഞാണ് തമിഴ്നാട്ടിലെത്തിയത്. ഇതിനിടെയാണ് പൊലീസിന്റെ വരവ്. ഒടുവിൽ അനുനയിപ്പിച്ചു കോടതിയിൽ എത്തിച്ച ശേഷം അജിത് കുമാറിനെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.


ഏതാനും ദിവസങ്ങളായി കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ ഓഫിസിൽ വരുമായിരുന്നെന്ന് ജിഎസ്ടി അസിസ്റ്റന്റ് കമ്മിഷണർ വി.വി.ബിജു മനോരമ ഓൺലൈനോടു പറഞ്ഞു. ഇതിനിടെ സ്റ്റേഷനിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. കൃത്യമായി വിവരങ്ങൾ ശേഖരിച്ച് കൈമാറുകയും ചെയ്തിരുന്നു. പ്രതികൂല സാഹചര്യത്തിലും താൽപര്യപൂർവം അന്വേഷണം നടത്തിയാണ് അവർ അജിത്തിനെ കണ്ടെത്തിയത്. അതോടെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ബിജു പറഞ്ഞു. എസ്ഐ കെ.കെ.രാജേഷ്, എഎസ്ഐ എം.വി.സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ആർ.ജയകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങൾ.




Post a Comment

0 Comments