Flash News

6/recent/ticker-posts

സ്വര്‍ണം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി, പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി: കോഴിക്കോട് നാലംഗ സംഘം പിടിയിൽ

Views
കോഴിക്കോട്  മാവൂർ റോഡിലെ മാളിൽ പട്ടാപ്പകൽ പോലീസ് ചമഞ്ഞ് 10 ലക്ഷം കവർന്ന കേസിലെ നാലുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയും മലപ്പുറം പറമ്പിൽ പീടികയിൽ വാടകയ്ക്ക് താമസിക്കുന്ന കെ.പി. നവാസ് (45), കണ്ണൂർ മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പിൽ (43), ആലപ്പുഴ ചുങ്കം വാർഡിൽ കരുമാടിപ്പറമ്പ് കെ.എൻ. സുഭാഷ് കുമാർ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസർ (29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബരഹോട്ടലിൽനിന്ന് പിടിയിലായത്. കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവദിവസം അറസ്റ്റ് ചെയ്തിരുന്നു. മേയ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം.

ഒരുകിലോഗ്രാം സ്വർണം വെറും 10 ലക്ഷം അഡ്വാൻസ് നൽകി ബാക്കി തുക കരാറാക്കി ഘട്ടംഘട്ടമായി നൽകിയാൽ മതിയെന്നുപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് ഹോട്ടലുകളിൽ വിളിച്ചുവരുത്തി ഇടപാട് നടത്തുകയും ചെയ്യും. അതിനിടയിൽ സംഘത്തിൽപ്പെട്ട നാലഞ്ചുപേരിൽ ഒരാൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവർ സിവിൽ പോലീസ് ഓഫീസർമാരായും വന്ന് പണം കൈക്കലാക്കി കടന്നുകളയുകയാണ് ഇവരുടെ രീതി.

സംശയംതോന്നി കൺട്രോൾ റൂം പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘാംഗങ്ങളുടെ ആക്രമണത്തിൽ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്. ഷാജിദ് മാളിന്റെ ആറാംനിലയിലെ ബാത്ത്റൂമിന്റെ ജാലകത്തിലൂടെ താഴേക്കു ചാടി രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം കഴിഞ്ഞ ഉടനെ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾ വളാഞ്ചേരിയിൽ ഒരുമിച്ചുകൂടി. മൊബൈൽഫോണുകൾ സ്വിച്ച്ഓഫ് ചെയ്തു. പിന്നീട് ഒളിവിൽപ്പോയി.

തുടർന്ന് എറണാംകുളം, തിരുവനന്തപുരം, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ ആഡംബരഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

ജൂൺ മൂന്നിന് സുഭാഷിന്റെ ജന്മദിനം ആഘോഷിക്കാൻ കൊളപ്പുള്ളിയിലെ ആഡംബരഹോട്ടലിൽ മുറിയെടുത്തു. ആഘോഷത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

വ്യാജപേരുകളിലും വ്യാജ മൊബൈൽനമ്പർ, വ്യാജനമ്പർ ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുമാണ് ഇവർ തട്ടിപ്പിനിരയാകുന്നവരുമായി ബന്ധപ്പെട്ടിരുന്നത്. പണം കൈക്കലാക്കിയാൽ സിം നശിപ്പിച്ചുകളയും.

ഇവർക്ക് വ്യാജസ്വർണം നൽകുന്നവരെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. വ്യാജനമ്പർ ഘടിപ്പിച്ച് ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാർഥ ഉടമയെയും തിരിച്ചറിഞ്ഞു.

ഡി.സി.പി. ആമോസ്‌ മാമന്റെ നിർദേശപ്രകാരം നാർക്കോട്ടിക് എ.സി.പി. എ.ജെ. ജോൺസണിന്റെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും നടക്കാവ് ഇൻസ്പെക്ടർ അലവി, എസ്.ഐ. എസ്. മനോജ്, ഡാൻസാഫ്‌ സബ്‌ ഇൻസ്പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സിവിൽ പോലീസ് ഓഫീസർ അർജുൻ അജിത്ത്, നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ. ടി. വിജയൻ, പി. സുജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.Post a Comment

0 Comments