Flash News

6/recent/ticker-posts

ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ആശ്വസിച്ചു; കള്ളൻ കടന്നത് 14 പുത്തൻ ടാബുകളുമായി

Views

പാലക്കുന്ന് ∙ കള്ളന് സ്കൂളിൽ എന്താണ് കാര്യം എന്നായിരുന്നു ഇന്നലെ വരെ എല്ലാവരുടെയും ചോദ്യം. ഒന്നും നഷ്ടപ്പെട്ടില്ലെന്ന പ്രാഥമിക അന്വേഷണത്തിൽ ആശ്വസിച്ചിരുന്ന സ്കൂൾ അധികൃതർ തിങ്കളാഴ്ച നടന്നത് വെറും മോഷണശ്രമം മാത്രമായിരുന്നുവെന്നു കരുതി സമാധാനിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലിഷ് മീഡിയം സ്കൂളിൽ കയറി ഷട്ടറുകളും വാതിലുകളും പൊളിച്ച് തിങ്കളാഴ്ച അർധരാത്രി 2 പേരടങ്ങുന്ന മോഷണ സംഘം കൈക്കലാക്കി സ്ഥലം വിട്ടത് 14 പുത്തൻ ടാബുകളുമായിട്ടായിരുന്നുവെന്ന് ഇന്നലെ രാവിലെയാണ്‌ അറിയാനായത്.

തലേന്നാളത്തെ അന്വേഷണത്തിന്റെ ഭാഗമായി ബേക്കൽ പൊലീസിന്റെ നേതൃത്വത്തിൽ കാസർകോ‌ട്ടു നിന്ന് കെ–9 സ്‌ക്വാഡിൽ നിന്നു പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്കൂളിൽ എത്തിയിരുന്നു. ഓഫിസ് മുറിയിലെ അലമാരയിൽ നിന്നു ടാബുകൾ കാണാതായ വിവരം ഇന്നലെ ബേക്കൽ പൊലീസിൽ അറിയിച്ചു. നഷ്ടപ്പെട്ട ടാബുകളുടെ ഐഎംഇഐ നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്.

കംപ്യൂട്ടർ, പ്രിൻസിപ്പൽ, ഓഫിസ് മുറികളിൽ 2 പേർ കയറിയ ദൃശ്യം സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നുവെങ്കിലും അവർ മുഖം മറച്ച നിലയിലായിരുന്നു.  ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം വില വരുന്ന ടാബുകൾ കാണാതായ വിവരം ഇന്നലെ രാവിലെയാണ്‌ സ്കൂൾ അധികൃതർ അറിയുന്നത്. സ്മാർട്ട്‌ ക്ലാസുമായി ബന്ധപ്പെട്ട് ലീഡ് സ്കൂളിന്റെ ഭാഗമായി കുട്ടികളുടെ പഠന സഹായത്തിനുള്ള ഈ ടാബുകൾ ഏതാനും മാസം മുൻപാണ് ഇവിടെ എത്തിയത്. ബേക്കൽ പൊലീസ് ഇൻസ്‌പെക്ടർ യു.പി.വിപിന്റെ  നേതൃത്വത്തിൽ അന്വേഷണം തുടരുന്നു.  



Post a Comment

0 Comments