Views
കൈക്കൂലി കൊടുക്കാൻ പണം കൊണ്ടുവന്നതാണ് കരാറുകാരൻ. ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി പ്ലാസ്റ്റിക് കവർ കൈമാറി. തുണിക്കടകളിൽ നിന്നു വസ്ത്രം വാങ്ങുമ്പോൾ മുൻപ് കിട്ടിയിരുന്ന അതേ ടൈപ്പ് പ്ലാസ്റ്റിക് കവർ. അതിലുള്ള തുക എത്ര? – ഒരു കോടി! ഇതെങ്ങനെ സാധിക്കും എന്ന് അമ്പരക്കുന്നവരേറെ. അത്തരം തുകകൾ കൈകാര്യം ചെയ്തിട്ടില്ലാത്തവർക്ക് സ്വാഭാവികമായും സംശയം വരും. നോട്ടുകൾ 2000 രൂപയുടേതായിരുന്നു. ബാങ്കിൽ നിന്നെടുത്തതാണെന്നതിനാൽ ഓരോ കെട്ടിലും 100 വീതം– 2 ലക്ഷം. 50 കെട്ടുകൾ മതി ഒരു കോടി രൂപയ്ക്ക്. ബാങ്കിൽ നിന്നു 10 കെട്ടുകൾ വീതം ബണ്ടിൽ ആക്കിയാണു കിട്ടിയതെങ്കിൽ ഓരോ ബണ്ടിലും 20 ലക്ഷം വീതമാണ്. അത്തരം 5 ബണ്ടിൽ ആവുമ്പോൾ ഒരു കോടി. കൈക്കൂലി കൊടുക്കാനും കള്ളപ്പണം ഒളിപ്പിച്ചു വയ്ക്കാനും എന്തെളുപ്പം! മുൻപ് 1000 രൂപയുടെ നോട്ട് ഉണ്ടായിരുന്ന കാലത്ത് ഡൽഹിയിലും മറ്റും വൻകിട കൈക്കൂലി പറഞ്ഞിരുന്നത് സ്യൂട്ട്കെയ്സിന്റെ എണ്ണത്തിലായിരുന്നത്രെ. ആയിരത്തിന്റെ കെട്ടുകൾ സ്യൂട്ട്കെയ്സിലാക്കി കൊടുക്കണം. ഒരു സ്യൂട്ട്കെയ്സിൽ സുഖമായി കൊള്ളുന്ന തുകയെത്ര? 5 സിആർ. കൈക്കൂലിക്കും കള്ളപ്പണത്തിനും മറ്റുമുള്ള ഭാഷയാണ് സിആർ. ക്രോർ എന്നതിന്റെ ചുരുക്കം–കോടി! ഒരു സ്യൂട്ട്കെയ്സ് വേണമെന്നു പറഞ്ഞാൽ അർഥം 5 കോടി!
0 Comments