ദുബായ് • യുഎഇ പാതകളിലൂടെ കാൽനൂറ്റാണ്ടിലേറെ വാഹനമോടിച്ചിട്ടും ഒരു ട്രാഫിക് പിഴയും ലഭിക്കാത്ത പ്രവാസി മലയാളി താരമായി. തൃശൂർ ജില്ലയിലെ ചാമക്കാല സ്വദേശി പി.ബി. സൈനുദ്ദീൻ ആണ് ഗതാഗതനിയമം കൃത്യമായി പാലിച്ച് പിഴയൊന്നും ഒടുക്കേണ്ടിവരാത്ത ഭാഗ്യവാൻ.
25 വർഷത്തിൽ 10 ലക്ഷം കിലോ മീറ്റർ വാഹനം ഒാടിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സൈനുദ്ദീൻ 1996-ലാണ് യുഎഇയിലെത്തിയത്. മൂന്നാമത്തെ ശ്രമത്തിൽ 1997-ൽ അദ്ദേഹത്തിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ഇതിന് ഒന്നര വർഷത്തോളമെടുത്തുവെന്ന് സൈനുദ്ദീൻ പറയുന്നു. ടെസ്റ്റിനുള്ള തീയതി ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു. ഡ്രൈവിങ് ലൈസൻസ് കിട്ടിയ ഉടൻ വാഹനമോടിക്കാൻ തുടങ്ങി.
.എല്ലാ മാസവും ഏകദേശം 3,500 കിലോമീറ്റർ ഓടിക്കുന്നു. താൻ ഒരിക്കലും വേഗ പരിധി ലംഘിച്ചിട്ടില്ലെന്നും ട്രാഫിക്കിൽ ആയിരിക്കുമ്പോൾ അനാവശ്യമായി ലൈനുകൾ മാറ്റാറില്ലെന്നും പറഞഞു. പാർക്കിങ് സ്ഥലം ലഭിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടാറ്. നായിഫ്, അബു ഹൈയിൽ പ്രദേശങ്ങളിൽ താമസിച്ചായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. അവിടെ പാർക്കിങ് കണ്ടെത്തുന്നത് ലോട്ടറി അടിച്ചതിന് തുല്യമാണ്.
സൈനുദ്ദീന്റെ ദുബായിലെ ആദ്യത്തെ കാർ നിസ്സാൻ ബ്ലൂബേർഡ് ആയിരുന്നു. ഇന്ന് മെഴ്‌സിഡസ് മെയ്ബാക്ക് ഓടിക്കുന്നുണ്ടെങ്കിലും തന്റെ ഡ്രൈവിങ് ശൈലിക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഞാൻ എപ്പോഴും വളരെ ശ്രദ്ധാലുവാണ്. കൂടാതെ, ഒരു അപകടത്തിലും പെടാതിരിക്കുന്നതിനും കാറിന് പോറൽ ഏൽക്കാതിരിക്കുന്നതിനും പിന്നിൽ ഭാഗ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
റോഡ് നിയമങ്ങൾ മാനിക്കാതെ അലസമായി വാഹനമോടിക്കുന്നവർ പത്തു ശതമാനത്തോളമാണ്. ഇവരാണ് ബാക്കിയുള്ള 90 ശതമാനം പേരുടെയും ജീവൻ അപകടത്തിലാക്കുന്നത്. ആളുകളുടെ നീണ്ട നിരയ്ക്ക് മുന്നിൽ വഴി വെട്ടിക്കാൻ ശ്രമിക്കുന്നവരെ കാണുമ്പോഴാണ് ഏറെ ദേഷ്യം തോന്നാറെന്നും സൈനുദ്ദീൻ പറഞ്ഞു. യുഎഇയ്ക്ക് പുറമേ ഇന്ത്യ, മറ്റെല്ലാ ജിസിസി രാജ്യങ്ങൾ, യുകെ, യുഎസ്എ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഇദ്ദേഹം വാഹനമോടിച്ചിട്ടുണ്ട്.
ക്ഷമയോടെ വാഹനമോടിക്കുന്നതാണ് മികവ് എന്നാണ് പുതിയ ഡ്രൈവർമാരോട് സൈനുദ്ദീന് പറയാനുള്ളത്. റോഡിലായിരിക്കുമ്പോൾ ഒരിക്കലും അക്ഷമനാകരുത്. അമിതവേഗത്തിന് 5 അല്ലെങ്കിൽ 10 മിനിറ്റ് ലാഭിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, ആ മിനിറ്റുകളായിരിക്കും നിങ്ങളുടെ ജീവൻ അപകടത്തിലാക്കുക.
0 Comments