Flash News

6/recent/ticker-posts

പ്ളസ് വൺ : ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 % സീറ്റ് വർദ്ധിപ്പിക്കും

Views
പ്ളസ് വൺ : ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 % സീറ്റ് വർദ്ധിപ്പിക്കും
        
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ മലപ്പുറം ഉൾപ്പെടെ ഏഴ് ജില്ലകളിൽ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും, എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റ് വർദ്ധിപ്പിക്കും. ഇന്നലെ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സീറ്റ് വർദ്ധിപ്പിക്കാൻ ശുപാർശയുള്ളത്. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ 20 ശതമാനം സീറ്റ് വർദ്ധന അനുവദിച്ചേക്കും. 

നീന്തലിനുള്ള ബോണസ് പോയിന്റ് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള ഭേഗദതി വരുത്തിയ പ്രോസ്‌പെക്ടസിന് അംഗീകാരം വൈകിയ സാഹചര്യത്തിൽ, പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആരംഭിക്കുന്നത് ജൂലായ് നാലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. പ്രോസ്‌പെക്ടസ് ജൂലായ് മൂന്നിനകം പ്രസിദ്ധീകരിക്കും. 

പരീക്ഷയിൽ ലഭിച്ച ഗ്രേഡും ബോണസ് പോയിന്റും ഉൾപ്പെടെ പ്ലസ് വൺ പ്രവേശനത്തിലെ റാങ്കിംഗിനായി പരിഗണിക്കുന്ന വെയിറ്റഡ് ഗ്രേഡ് പോയിന്റ് തുല്യമാകുന്നവർക്ക് ടൈ ബ്രേക്കിങിന് നിലവിലുള്ള മുൻഗണന ഘടകങ്ങൾക്ക് പുറമെ എൽ.എസ്.എസ്, യു.എസ്.എസ്, നാഷനൽ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് പരീക്ഷകളിലെ ഗ്രേഡും ഉൾപ്പെടുത്തും. 

അപേക്ഷകന്റെ തദ്ദേശസ്ഥാപനം, താലൂക്ക് എന്നിവ പരിഗണിച്ച് ബോണസ് പോയിന്റ് പരിമിതപ്പെടുത്തും. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റ് വിഹിതം 20 ശതമാനവും, ന്യൂനപക്ഷ/പിന്നാക്ക സമുദായങ്ങൾ നടത്തുന്ന സ്‌കൂളുകൾക്ക് മാനേജ്‌മെന്റ് ക്വാട്ട സീറ്റും കമ്മ്യൂണിറ്റി ക്വാട്ട സീറ്റും 20 ശതമാനം വീതവുമായിരിക്കും. മറ്റ് സമുദായങ്ങളിൽ നിന്നുള്ള മാനേജ്‌മെന്റ് സ്‌കൂളുകൾക്ക് മാനേജ്‌മെന്റ് ക്വാട്ട 20 ശതമാനവും കമ്മ്യൂണിറ്റി ക്വാട്ട പത്ത് ശതമാനവുമാകും. 

സമുദായ മാനേജ്‌മെന്റുകൾക്ക് കീഴിലല്ലാത്ത സ്‌കൂളുകൾക്ക് 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയല്ലാതെ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് അർഹതയുണ്ടാകില്ല. കഴിഞ്ഞ വർഷം 76 സ്‌കൂളുകൾ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നൽകിയ 30 ശതമാനത്തിൽ പത്ത് ശതമാനം സർക്കാർ തിരികെയെടുത്ത് ഏകജാലക പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിൽ ലയിപ്പിക്കാനും തീരുമാനിച്ചു.


Post a Comment

0 Comments