Flash News

6/recent/ticker-posts

പ്ലസ് വൺ പ്രവേശനം: നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കുന്നു

Views


സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ നീന്തൽ അറിവിന് ബോണസ് പോയന്‍റ് നൽകുന്ന സമ്പ്രദായം നിർത്തലാക്കുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. പ്ലസ് വൺ പ്രവേശന നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ മന്ത്രിതലത്തിൽ നടന്ന ചർച്ചയിൽ നിർദേശം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. സർക്കാർതലത്തിൽ അംഗീകാരമായാൽ നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കിയായിരിക്കും പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുക.


നിലവിൽ രണ്ട് പോയന്‍റാണ് നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രവേശനത്തിന് ബോണസ് പോയന്‍റായി നൽകുന്നത്. പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കും മുമ്പ് ജില്ല സ്പോർട്സ് കൗൺസിലുകൾ കുട്ടികളിൽനിന്ന് ഫീസ് ഈടാക്കി നീന്തൽ അറിവ് പരിശോധിക്കുന്നതിനിടെയാണ് ഇതിനുള്ള ബോണസ് പോയന്‍റ് തന്നെ നിർത്തലാക്കാനുള്ള തീരുമാനത്തിലേക്ക് പോകുന്നത്. തട്ടേക്കാട് ബോട്ട് ദുരന്തത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ച പശ്ചാത്തലത്തിലാണ് കുട്ടികൾക്കിടയിൽ നീന്തൽ അറിവ് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറ് സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ, പരിശോധന പോലുമില്ലാതെ ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുന്ന രീതിയിലേക്ക് മാറുകയായിരുന്നു.


പ്ലസ് വൺ പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്കുന്ന രീതിയിൽ അനാവശ്യമായി ബോണസ് പോയന്‍റ് നൽകുന്നതിനെതിരെ വിമർശനം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ പ്രവേശനത്തിന് ബോണസ് പോയൻറ് പാർട്ടിന് പകരം കുട്ടിയുടെ അക്കാദമിക മികവിന് പരിഗണന നൽകുന്ന രീതിയിലുള്ള ഭേദഗതികൾക്കും ശിപാർശ ചെയ്തിട്ടുണ്ട്. പ്രാദേശികത പരിഗണിച്ചുള്ള ബോണസ് പോയൻറ് പരിമിതപ്പെടുത്താനും നിർദേശമുണ്ട്.


നിലവിൽ വിദ്യാർഥി താമസിക്കുന്ന പഞ്ചായത്തിലെ സ്കൂളിൽ രണ്ട് ബോണസ് പോയന്‍റും താലൂക്കിന് ഒരു പോയന്‍റും നൽകുന്നുണ്ട്. ഇത് ആകെ പരമാവധി രണ്ടായി പരിമിതപ്പെടുത്താനാണ് നിർദേശം. പരീക്ഷയിൽ ലഭിച്ച ഗ്രേഡും ബോണസ് പോയന്‍റും ഉൾപ്പെടെ ചേർത്ത് പ്ലസ് വൺ പ്രവേശനത്തിലെ റാങ്കിങ്ങിനായി പരിഗണിക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയന്‍റ് ആവറേജ് (ഡബ്ല്യു.ജി.പി.എ) തുല്യമായി വരുന്ന കുട്ടികളുടെ കാര്യത്തിൽ ബോണസ് പോയന്‍റ് പാർട്ടിന് പകരം അക്കാദമിക പാർട്ടിന് മുൻഗണന നൽകും. ജൂലൈ ഒന്നു മുതൽ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങാനാണ് ശ്രമം.



Post a Comment

0 Comments