തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജിനും സംഘപരിവാറിനും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് തനിക്കില്ലെന്ന് കെടി ജലീൽ എംഎൽഎ. രണ്ടു ദിവസം പോയിട്ട് ഒരു നിമിഷം പോലും തനിക്ക് ടെൻഷനടിക്കേണ്ടതില്ല. സ്വർണം ഖുർആനിൽ കടത്തി എന്ന് ആരോപിച്ചവർ പിന്നീട് ഈത്തപ്പഴത്തിന്റെ കുരു സ്വർണമാക്കി കടത്തി എന്ന് ആരോപിച്ചു. ഇത് തീർപ്പാക്കിയിട്ട് പോരെ പുതിയ വെളിപ്പെടുത്തൽ എന്ന് ജലീൽ ചോദിച്ചു. നികുതിയടക്കാത്ത ഒരു സമ്പാദ്യം പോലുമില്ലാത്ത താൻ എന്തിന് ടെൻഷനടിക്കണം. കൃഷ്ണരാജും സ്വപ്നയും പുറത്തുവിടാൻ പോകുന്ന ആ തമാശ കേൾക്കാൻ താൻ കാത്തിരിക്കുന്നതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ജലീൽ പറഞ്ഞു.
രണ്ടുദിവസത്തിനകം രഹസ്യം പുറത്തുവരും അതുവരെ കെടി ജലീൽ ടെൻഷനടിക്കട്ടെ എന്ന സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
164ൽ ജലീലിനെതിരെ നൽകിയ മൊഴി ഉടൻ പുറത്ത് പറയുമെന്ന് ഇന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ''ഞാനൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. വസ്തുതകള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്‍കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഉടന്‍ വെളിപ്പെടുത്തും. ജലീല്‍ എന്തൊക്കെ കുറ്റങ്ങള്‍ ചെയ്‌തെന്നും ഞാന്‍ പറയും.'' എന്നായിരുന്നു സ്വപ്ന പറഞ്ഞത്.
0 Comments