Flash News

6/recent/ticker-posts

മുഖ്യമന്ത്രിയുടെ ഗണ്‍മാനും പി.എയും ചികിത്സ തേടി; വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് കുരുക്ക് മുറുകും

Views തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ഗൺമാനും പി.എയ്ക്കും പരിക്കേറ്റതായി ആരോപണം. ഗൺമാൻ അനിൽകുമാറിനും പി.എ. സുനീഷിനുമാണ് പരിക്കേറ്റതായി പറയുന്നത്. ഇരുവരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റതെന്നാണ് പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നുണ്ട്. ഇവരുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രർത്തകരുടെ പേരിൽ പോലീസ് കേസെടുത്തേക്കും. 'വിമാനം യാത്ര പുറപ്പെടുമ്പോൾ മുതൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത് സീറ്റ് ബെൽറ്റ് മാറ്റുംമുമ്പെ മുഖ്യമന്ത്രിയെ അക്രമിക്കാനെത്തി. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പരിക്കേറ്റത്' ഗൺമാൻ അനിൽകുമാർ മൊഴിനൽകി.

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ എത്തിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിലെത്തിയത്. വിമാനത്തിനുള്ളിൽ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചവരെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തള്ളിമാറ്റുന്ന ദൃശ്യം പുറത്തുവന്നിരുന്നു. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ പ്രതിഷേധിച്ചത്.

ജയരാജൻ തള്ളിമാറ്റിയതിന് ശേഷവും ഇവർ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ പുറത്തിറക്കുന്നതിനായി ഇവരെ പിടിച്ച് മാറ്റുന്നതിനിടയിലാണ് ഗൺമാനും പി.എയ്ക്കും പരിക്കേറ്റതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ കൈയേറ്റം ചെയ്തെന്ന പരാതി കൂടി വരുന്നതോടെ പ്രതിഷേധക്കാർക്കെതിരെ കൂടുതൽ ഗൗരവമുള്ള വകുപ്പകൾ കൂടി പോലീസ് ചുമത്തും.ഭീകരവാദ പ്രവർത്തനമാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്ന് സി.പി.എം. ആരോപിക്കുന്നതിനിടെയാണ് ഈ നീക്കങ്ങൾ.ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രിയും പറയുകയുണ്ടായി.

ഇതിനിടെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച ഫർസീൻ മജീദ് എയ്ഡഡ് സ്കൂൾ അധ്യാപകനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

അതേസമയം ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചിരിക്കുകായണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. ജയരാജനോട് പകരം ചോദിക്കുമെന്നും സുധാരൻ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ വ്യാപക സംഘർഷമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. പലയിടങ്ങളിലും കോൺഗ്രസ്-സി.പി.എം. പ്രവർത്തകർ ഏറ്റുമുട്ടി. കെ.പി.സി.സി. ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഇരുപാർട്ടികളുടേയും ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. തലസ്ഥാന നഗരിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. കെ.പി.സി.സി. ആസ്ഥാനത്ത് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചൊവ്വാഴ്ച കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ തങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിന് വൈദ്യപരിശോധന നടത്താൻ പോലീസ് തയ്യാറാകുന്നില്ലെന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
മദ്യപിച്ച് പൂസായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിക്കാനെത്തിയതെന്ന് ഇ.പി.ജയരാജൻ ആരോപിച്ചിരുന്നു.




Post a Comment

0 Comments