Flash News

6/recent/ticker-posts

പ്രവാചകനെതിരെ ആക്ഷേപ പരാമർശം ; നൂപുർ ശർമയ്ക്കു മഹാരാഷ്ട്രാ പൊലീസ് നോട്ടിസ്.

Views

ഡൽഹി : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ, ബിജെപിയിൽനിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട നൂപുർ ശർമയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ സമൻസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിനു ഹാജരാവണം എന്നു നിർദേശിച്ചാണ് സമൻസ്. മൂന്നു കേസുകളാണ് നൂപുർ ശർമയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനിടെ, ജീവനു ഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കരുതൽ നടപടിയെന്ന നിലയിലാണ് നൂപുർ ശർമയ്ക്കു സുരക്ഷ നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് നൂപുർ പൊലീസിനു പരാതി നൽകിയത്. പരാമർശത്തിന്റെ പേരിൽ അപായപ്പെടുത്താനോ അപമാനിക്കാനോ സാധ്യതയുണ്ടെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പത്തു ദിവസം മുമ്പ് ചാനൽ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദിനെ ആക്ഷേപിക്കും വിധം സംസാരിച്ചതിന്റെ പേരിൽ, ദേശീയ വക്താവ് ആയിരുന്ന നൂപുർ ശർമയെ ബിജെപി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ ആയിരുന്നു നടപടി. പതിനഞ്ചു രാജ്യങ്ങളാണ് ഇതുവരെ സംഭവത്തെ അപലപിച്ചു രംഗത്തുവന്നത്. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇൻഡോനേഷ്യ എന്നിവ ബിജെപി നേനതാക്കളുടെ വാക്കുകളെ വിമർശിച്ചു. ചില ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നൂപുർ ശർമ പരാമർശം പിൻവലിക്കുകയാണെന്ന അറിയിച്ചിരുന്നു.


Post a Comment

0 Comments