Flash News

6/recent/ticker-posts

പ്രവാസികൾക്ക് വയറ്റത്തടി: ഖുബൂസിനു വില കൂടുന്നു, വേറെ വഴിയില്ലെന്ന് കച്ചവടക്കാർ

Views

അബുദാബി • യുഎഇയിൽ സാധാരണക്കാരായ പ്രവാസികളുടെ പ്രധാന ഭക്ഷണ ഇനമായ ഖുബൂസിനു വില കൂടുന്നു. വ്യാപാര സ്ഥാപനങ്ങൾ വില വർധിപ്പിച്ച നടപടി താങ്ങാൻ കഴിയില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ചില ബേക്കറികളും വ്യാപാര സ്ഥാപനങ്ങളുമാണ് വില കൂട്ടിയത്.


2.65 ദിർഹമിനു വിറ്റിരുന്ന ലബനാൻ ഖുബൂസിനു ഇപ്പോൾ വില 3.15 ദിർഹമായെന്ന് ഒരു അറബ് പൗരൻ പറഞ്ഞു. 19 ശതമാനമാണ് വില കൂടിയത്. മൂന്നു ദിർഹമിനു വിറ്റിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പായ്ക്കറ്റ് മറ്റൊരു അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്. 25 ശതമാനമാണ് കച്ചവടക്കാർ വില കൂട്ടിയത്.


ഗൾഫിലുള്ളവർ ദേശഭേദമില്ലാതെ കഴിക്കുന്ന ദൈനം ദിന വിഭവമായ ഖുബൂസിനു വില കൂട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണു ഉപഭോക്താക്കളുടെ ആവശ്യം. കുറഞ്ഞ കാശുകൊണ്ട് വിശപ്പടക്കാൻ സാധിച്ചിരുന്ന സമ്മൂന റൊട്ടിക്കും വില കൂട്ടിയതായി ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. 3.95 നു വിറ്റിരുന്ന സമൂന റൊട്ടിക്ക് 4.95 ആക്കി വില ഉയർത്തി. 2.95 നു വിറ്റിരുന്ന സമൂന റൊട്ടിയ്ക്ക് മൂന്നരയാണ് ഇപ്പോൾ വില.


മറ്റൊരു സ്ഥാപനത്തിൽ ഇടത്തരം ലെബനൻ ഖുബൂസ് പായ്ക്കക്കറ്റിനു 1.05 ദിർഹം ഈടാക്കിയിരുന്നത് ഇപ്പോൾ 1.35 ദിർഹമായി. ഒരു ദിർഹമിനു ലഭിച്ചിരുന്ന അഫ്ഗാൻ റൊട്ടിയുടെ വില ഒന്നര ദിർഹമായി ഉയർന്നിട്ടുണ്ട്. പ്രോട്ടീൻ ബ്രഡ് വില 6.25 ദിർഹമിൽ നിന്നും 8.25 ദിർഹമായാണ് ഉയർന്നത്. ഉത്പന്നം ഒന്നാണെങ്കിലും സ്ഥാപനങ്ങൾ മാറുന്നതിന് അനുസരിച്ച് വില വ്യത്യാസം ഉപഭോക്താക്കൾ പറയുന്നു.


ഉത്പാദന വില കൂടിയതാണു ഖുബൂസിനുണ്ടായ വില വർധനയ്ക്കുള്ള പ്രധാന കാരണമെന്ന് അബുദാബിയിലെ പ്രമുഖ ബേക്കറി ശൃംഖലകളുടെ ഉടമ ഉസാമ മുഹമ്മദ് പറഞ്ഞു. അസംസ്കൃത ഉത്പന്നങ്ങളുടെ ദൗർലഭ്യവും ഗോതമ്പ്, ധാന്യപ്പൊടി, പഞ്ചസാര, എള്ള്, ഇതര ധാന്യങ്ങൾ എന്നിവയ്ക്കുണ്ടായ വില വർധനയുമാണ് ഖുബൂസ് വില വർധിക്കാൻ ഇടയാക്കിയത്. ഇന്ധന വിലവർധനയ്ക്ക് പുറമെയാണിത്. നഷ്ടമില്ലാതെ പിടിച്ചു നിൽക്കാനാണ് നേരിയ വർധനയെന്നാണ് വ്യാപാരികളുടെ നിലപാട്.


Post a Comment

0 Comments