Flash News

6/recent/ticker-posts

കെ.ടി ജലീലുമായോ സർക്കാരുമായോ ഇടപാടില്ല’; സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി ഫ്ലൈ ജാക്ക്

Views


തിരുവനന്തപുരം∙ മാധവ വാര്യർ മുൻമന്ത്രി കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി.  കെ.ടി ജലീലുമായോ സംസ്ഥാന സർക്കാരുമായോ യാതൊരു  ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്വപ്നയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. സ്ഥാപകരിൽ ഒരാളായ മാധവ വാര്യർ 2014ൽ ചുമതലകൾ ഒഴിഞ്ഞുവെന്നും ഫ്ലൈ ജാക്കിന്റെ  വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനി ഡയറക്ടർ ജെ. ശ്യാം സുന്ദറാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്.

ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി ഉടമയായ മാധവ വാര്യർ ജലീലിന്റെ ഇടപാടുകള്‍ക്ക് മുന്നിൽ നിന്നിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെ.ടി.ജലീൽ 17 ടൺ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും കമ്പനിയുടെ ഉടമ മാധവ വാര്യർ കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.

അതേസമയം, മാധവ് വാര്യരുമായി തർക്കമില്ലെന്ന് എച്ച്ആർഡിഎസ് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു അറിയിച്ചു. മാധവ് വാര്യരുടെ കമ്പനിക്കാണ് അട്ടപ്പാടിയിലെ വീട് നിർമാണ കരാർ നൽകിയത്. 192 വീടുകൾ നിർമിച്ചതിൽ ചിലത് പൂർത്തിയായിട്ടില്ല. ഇതാണ് പണം നൽകാത്തതിന് കാരണം. ഇനി രണ്ടര കോടി രൂപയാണ് നൽകാനുള്ളത്. പണി പൂർത്തിയായാലുടൻ പണം നൽകും. വീട് പണി പൂർത്തിയാക്കാത്തതിന് മാധവ് വാര്യരുടെ കമ്പനിക്ക് നോട്ടിസ് നൽകിയിരുന്നു. മാധവ് വാര്യര്‍ക്ക് നൽകിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമെന്നും ജോയ് മാത്യു പറഞ്ഞു.



Post a Comment

0 Comments