Flash News

6/recent/ticker-posts

പ്രവാചക നിന്ദക്കെതിരെ : നുപൂറിന്റെ പ്രസ്താവനയും ശൈശവ വിവാഹത്തിൽ പോപ്പുലർ ന്യൂസിന്റെ കണ്ടെത്തലും

Views

ഇന്ത്യ മഹാരാജ്യം ഇന്ന് ആരാലും വെറുക്കപ്പെട്ട ഒരു രാജ്യമായി മാറി. വിദേശ രാജ്യങ്ങൾ അവഗണിക്കപ്പെട്ടു. അറബ് രാഷ്ട്രങ്ങൾ അമുസ്ലിം പ്രവാസികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങുന്നു. ഏതൊരു മുസ്ലിമിനും താങ്ങാവുന്നതിനപ്പുറമുള്ള ഒരു പ്രസ്താവന ഇറക്കിയ പ്രമുഖ ബി ജെ പി വക്താവും അഭിഭാഷകയുമായ നുപൂർ ശർമ്മയാണ് ഇതിനെല്ലാം കാരണക്കാരി. ഗ്യാൻ വാപി മസ്ജിദിനെ ചൊല്ലി നടക്കുന്ന പ്രശ്നത്തിൽ ഒരു ടിവി ചാനലിന് നൽകി അഭിമുഖത്തിലാണ് നുപൂർ ശർമ്മ ഇസ്ലാമിനെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനയോട് പോപ്പുലർ ന്യൂസും പ്രതിഷേധം അറിയിക്കുന്നു.
      പ്രവാചകനേയും പ്രവാചക പത്നിയേയും കുറിച്ച് സംസാരിച്ച നുപൂറിന്റെ കണ്ണിൽ പ്രവാചകൻ ബാലപീഡകനായി ചിത്രീകരിച്ചു. ഈ പ്രസ്താവനക്ക് മുമ്പ് സ്വന്തം മതത്തിലെ മഹാൻമാരെ കൂടി നുപൂർ പഠിക്കേണ്ടിയിരുന്നു.
കുട്ടികളോട് അങ്ങേയറ്റം കരുണ കാണിച്ചിരുന്ന ആ നബി(സ്വ) ലോകത്തെ പഠിപ്പിച്ച ഒരു വാക്കുണ്ട് , 'യതീം കുട്ടിക്ക് മുമ്പിൽ വെച്ച് സ്വന്തം കുട്ടിയെ ലാളിക്കരുത് ' എന്ന് . കുട്ടികളുടെ മനസിലെ പോലും നോവിക്കരുതെന്ന് പഠിപ്പിക്കുന്ന പ്രവാചകനാണോ നുപൂർ ചിത്രീകരിച്ച വ്യക്തി..?!
     ഇസ്‌ലാമിക നിയമങ്ങൾ കാലാതിവർത്തിയാണ് എന്ന് തെളിയിക്കുന്ന കാര്യം മാത്രമാണ് വിവാഹത്തിന് ഇസ്ലാമിൽ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലും സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് എന്താണോ നാട്ടിൽ പൊതുവായി നടക്കുന്ന സമ്പ്രദായം അത് പിൻപറ്റാൻ മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്.
    പ്രവാചകൻ മത കാര്യമായി പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തൽ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമോ (ഫർള്) അഭികാമ്യമോ (സുന്നത്ത്) ആണ്.
എന്നാൽ മറ്റ് ജീവിത വ്യവഹാരങ്ങൾ അങ്ങനെയല്ല. അവിടെ നമുക്ക് നമ്മുടെ സാമൂഹിക സാമ്പത്തിക  സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് .

 പ്രവാചകൻ 65 വയസ്സുകാരിയായ വിധവയായ സൗദയെ വിവാഹം കഴിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീങ്ങൾ 65 വയസ്സുകാരിയെ വിവാഹം ചെയ്യണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പ്രവാചകൻ ഒൻപത് വയസ്സുള്ള ഉള്ള ആയിഷയെ വിവാഹം കഴിച്ചു , അതുകൊണ്ട് മറ്റു മുസ്ലീങ്ങൾ അതു പോലെ ഒമ്പതു വയസുകാരിയെ വിവാഹം കഴിക്കണമെന്നും മതത്തിൽ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല. (പ്രവാചകൻ ആയിശാ ബീവിയുടെ ആറാം വയസ്സിൽ നികാഹ് ചെയ്യുകയും ഒമ്പതാം വയസ്സിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമാണ് ചെയ്തത്. ബീവിയുടെ ഒമ്പതാം വയസിലാണ് ഭാര്യാഭർത്ത് ബന്ധം തുടങ്ങുന്നത്). ഒരു നാട്ടില് സാധാരണ വിവാഹപ്രായം എത്രയാണോ ആ പ്രായത്തിൽ കല്യാണം കഴിക്കാം എന്ന് മാത്രം. 
 
 ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്.അൻപത് - നൂറ് വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് തന്നെയായിരുന്നു. 1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം വിവാഹവും ബാല വിവാഹമായിരുന്നു. ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു. 

ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളേയും അവരുടെ ഭാര്യമാരുടെ വയസ്സും നുപൂർ ശർമ്മയും കൂട്ടരും പഠിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യവരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻ്റെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു..!
മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്..! 
ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻ്റെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം..!
ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു..!
മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ  എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു..!
കേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ എ കെ ജി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട്‌ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.
എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന  പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്

തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ)യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു ..! പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.   

മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു

മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു..!

ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന   മനുകർണ്ണിക  പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ  രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്..!

 പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും  വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ്  സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന  മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി  രമാബായിയെയായിരുന്നു...!
വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു..!

ഇത്രയും എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കാം.എന്നിട്ടുമെന്തേ പ്രവാചകനെ മാത്രം നുപൂർ ശർമ്മ എടുത്ത് പറഞ്ഞത്. വിദ്യഭ്യാസത്തിന്റെ കുറവാണെന്ന് കരുതാം. 
ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില അപരിഷ്കൃത അറബ് രാജ്യങ്ങളിൽ മാത്രം വിവാഹ പ്രായം 18 നും താഴെയാണ് പരിഷ്കൃതരാജ്യങ്ങളിൽ എല്ലാം 18 വയസിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാർഥ്യം എന്ന് നോക്കാമല്ലോ

ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദ്യോഗികമായി നിശ്ചയിച്ചിട്ട് ഇല്ലെങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല. 
അലാസ്കയിലും നോർത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
അമേരിക്കയിലെ 48 സ്റ്റേറ്റുകളിലും ചില നിബന്ധനകൾ ഓടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെൺകുട്ടി ഗർഭിണി ആവുക, പ്രസവിക്കുക, മാതാപിതാക്കൾക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക  ഇങ്ങനെയുള്ള അവസ്ഥകളിൽ ഇതിലും  താഴെയുള്ള പ്രായങ്ങളിൽ (12 വയസ്സിനു താഴെ) പോലും അമേരിക്കയിൽ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്. 

ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്. 
ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും ലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 -16 വയസ്സ് ഒക്കെയാണ്. യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെൺകുട്ടിക്കു16 വയസ്സും ആൺകുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതിൽ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്

 1880ഇൽ അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്റ്റേറ്റിൽ ഇത് വെറും ഏഴ് വയസ്സായിരുന്നു. 
മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളുമായി ആയി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ  ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു. 

2007 അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ CDC നടത്തിയ പഠനത്തിൽ 48 ശതമാനം ഹൈസ്കൂൾ വിദ്യാർത്ഥികളും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി  സമ്മതിച്ചു. 2017 നടത്തിയ പുതിയ സർവ്വേയിൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കണക്കാണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...

ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല.  സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള ഉള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. 
ഇനി ഈ പറഞ്ഞ ആളുകളൊക്കെ ഒക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് പ്രസ്താവനക്കാരുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക.

ജനരോഷമുയർന്ന് തുടങ്ങിയപ്പോൾ നുപൂർ തന്റെ വാക്ക് പിൻവലിച്ചെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാകുമോ..?!
നുപൂർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

"ശിവദേവനെ അപമാനിക്കുന്നതുമായി  ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ  പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല..." ഇതാണ് നുപൂറിന്റെ ട്വിറ്റർ ക്ഷമാപണം.

വിവാദ പ്രസ്താവനയിൽ വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയിൽ ദില്ലി പൊലീസ് സുരക്ഷ ഏർപ്പെടുത്തി, പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. തന്റെ മേൽ വിലാസം പ്രചരിപ്പിക്കരുതെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.
നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തിൽ നുപൂറിന്റെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. 

 ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ ​ഗൾഫ് രാജ്യങ്ങൾ രം​ഗത്തെത്തിയതോടെ ബിജെപി ഇവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നൂപുർ ശർമ പ്രകടിപ്പിച്ചതെന്നും ബിജെപി വിശദമാക്കി.  വിവാദ പരാമർശത്തിൽ മറ്റൊരു നേതാവ് നവീൻകുമാർ ജിൻഡാലിനെയും സസ്പെൻഡ് ചെയ്തിരുന്നു.

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പരാമർശം മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ കൊച്ചിയിൽ പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വാണിജ്യ മന്ത്രി പറഞ്ഞു. നൂപുർ ശർമ നടത്തിയ പരാമർശത്തിൽ ബിജെപി ആവശ്യമായ നടപടി എടുക്കും. സർക്കാരുമായി ബന്ധപ്പെട്ടവരല്ല പരാമർശം നടത്തിയത്. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ നടപടികൾ ഉണ്ടായില്ല. ബിജെപി കാരണം ഇപ്പോൾ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

പല അന്വേഷണങ്ങളിലൂടെയും കണ്ടെത്തിയ ഈ കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ പോപ്പുലർ ന്യൂസിന്റെ മാന്യ വായനക്കാർക്ക് കമന്റായി രേഖപ്പെടുത്താം. ഒരു വ്യക്തിയെ കൊണ്ട് രാജ്യത്തിനേറ്റ അപമാനം ചെറുതല്ല. നുപൂറിന്റെ വാക്ക് കൊണ്ട് മറ്റു ഹിന്ദു സഹോദരങ്ങളെ കുറ്റപ്പെടുത്തുകയോ മാനസികമായി നോവിക്കുകയോ അരുതെന്ന് പോപ്പുലർ ന്യൂസ് മാന്യ വായനക്കാരോട് അപേക്ഷിക്കുകയാണ്.


Post a Comment

0 Comments