Flash News

6/recent/ticker-posts

വോട്ടുകണക്കുകളിൽ പിന്നിൽ; മോദിക്ക് വെല്ലുവിളിയോ രാഷ്ട്രപതി തിരഞ്ഞെടുപ്പ്.?

Views
വോട്ടുകണക്കുകളിൽ പിന്നിൽ; മോദിക്ക് വെല്ലുവിളിയോ രാഷ്ട്രപതി തിരഞ്ഞെടുപ്പ്?



 രാഷ്ട്രപതി തിരഞ്ഞെടുപ്പു ബിജെപിക്കും ദേശീയ ജനാധിപത്യസഖ്യത്തിനും വെല്ലുവിളിയാകുമോ? ലോക്സഭയിലെ വൻ ഭൂരിപക്ഷവും രാജ്യസഭയിലെ സംഖ്യാബലത്തിനുമപ്പുറം ഏറ്റവുമധികം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയും സഖ്യ കക്ഷികളുമായതിനാൽ അനായാസ വിജയം നേടിയ കഴിഞ്ഞ തിരഞ്ഞെടുപ്പുപോലെ ഇത്തവണ എൻഡിഎയുടെ സ്ഥാനാർഥി തന്നെ ജയിക്കുമെന്നാണ് പൊതുവേ തോന്നുകയെങ്കിലും അതല്ല വാസ്തവം.*



ജൂലൈ 18 നുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ ജനാധിപത്യസഖ്യത്തിനും വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ തന്ത്രജ്ഞരായ ബിജെപി നേതൃത്വം ഈ പ്രതിസന്ധി എങ്ങനെയും മറികടക്കും എന്നുതന്നെയാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ. ഇതിനുള്ള നീക്കങ്ങൾ പല തലത്തിൽ ബിജെപി നേതൃത്വം നടത്തിക്കഴിഞ്ഞെന്നാണ് സൂചന.



ആരാകും സ്ഥാനാർഥി?


ഇത്തവണ ആരാവും ഭരണപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ലെങ്കിലും നിലവിൽ ഉയർന്നു കേൾക്കുന്ന പേരുകളാവില്ലെന്നാണ് സൂചന. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജ തുടങ്ങിയ പേരുകൾ ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും അവരൊന്നുമാവില്ലെന്നാണ് പറയപ്പെടുന്നത്. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനെതന്നെ ഈ സ്ഥാനത്തേക്കു പരിഗണിക്കുമെന്നാണ് ബിജെപി നേതൃത്വത്തിലുള്ളവർ വിശ്വസിക്കുന്നത്.


2017 ൽ അപ്രതീക്ഷിതമായിരുന്നു റാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി പദത്തിലേക്കുള്ള വരവ്. ദലിത് വിഭാഗത്തിൽ നിന്നുള്ള ആളെ ബിജെപി കൊണ്ടുവരും എന്ന് ഏറെ മുൻപേ കേട്ടിരുന്നെങ്കിലും പേരുവന്നപ്പോൾ പലരും അത്ഭുതപ്പെട്ടു. അതുവരെ പറഞ്ഞു കേട്ട പല പേരുകൾക്കുമപ്പുറം, ബിജെപിയുടെ മറ്റു നേതാക്കൾ പോലും പ്രതീക്ഷിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായും കോവിന്ദിനെ അവതരിപ്പിച്ചത്.


പ്രതിപക്ഷവും ദലിത് വിഭാഗത്തിൽനിന്നു തന്നെ സ്ഥാനാർഥിയെ നിർത്തി തിരിച്ചടിച്ചെങ്കിലും ബിജെപിയുടെ അന്നത്തെ അംഗബലവും തന്ത്രങ്ങളും തിര‍ഞ്ഞെടുപ്പ് അനായസമാക്കി. എതിരാളിയുടെ ഇരട്ടിയോളം വോട്ടുമായാണ് റാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തിൽ ഉപവിഷ്ടനായത്.


തന്ത്രമൊരുക്കാൻ കോൺഗ്രസ്



ഒത്തുപിടിച്ചാൽ കൂടെ പോരും എന്ന പ്രതീക്ഷയിലാണ് ഇതിനിടെ പ്രതിപക്ഷം. 18 പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ‌എൻസിപി നേതാവ് ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന് ഒരു വിഭാഗം കക്ഷികൾ രംഗത്തുണ്ടെങ്കിലും കോൺഗ്രസ് അതിനോട് അനുഭാവം കാട്ടിയിട്ടില്ല. എന്നാൽ മറ്റു പേരുകളൊന്നും ഇതുവരെ ഉയർന്നു വന്നിട്ടില്ലെന്നതും ശ്രദ്ധേയം.



ബിജെപി തോൽവി മണക്കുന്നുവെന്നു പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഏറെയാണ്. എന്നാൽ അതിനുള്ള കൂട്ടായ ശ്രമമൊന്നും പ്രതിപക്ഷനിരയിൽ നിന്നില്ല എന്നതാണ് കൗതുകം. അഞ്ചു സംസ്ഥാനങ്ങളിൽ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം കൊയ്യാനായില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ വോട്ടിന്റെ ബലത്തിൽ വിജയിച്ചു കയറാനാവും എന്ന് ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ കണക്കുകൂട്ടുന്നു. എന്നാൽ അത് വെറും മനഃപ്പായസം മത്രമാണെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.



ലോക്സഭയിലും രാജ്യസഭയിലുമായി ദേശീയ ജനാധിപത്യ സഖ്യത്തിനു വൻ ഭൂരിപക്ഷമുണ്ടെങ്കിലും പല വലിയ സംസ്ഥാനങ്ങളുടെയും ഭരണം ബിജെപി ഇതര കക്ഷികൾക്കാണെന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതും പ്രതിപക്ഷത്തിനു പ്രതീക്ഷ നൽകുന്നതും. അഞ്ച് സംസ്ഥാനങ്ങളിൽ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പോടെ ബിജെപിയെ തളയ്ക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തെ മിക്ക നേതാക്കളുടെയും കണക്കുകൂട്ടൽ. എന്നാൽ, ഇതിൽ നാലു സംസഥാനങ്ങളിലെ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റവും പഞ്ചാബിൽ ആംആദ്മിയുടെ വിജയവുമാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നത്.



തിരഞ്ഞെടുക്കുന്നത് ഇലക്ട്രൽ കോളജ്


പാർലമെന്റിലേയും സംസ്‌ഥാന നിയമസഭകളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ട്രറൽ കോളജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്ന 4809 അംഗങ്ങളടങ്ങുന്നതാണ് ഇലക്ട്രറൽ കോളജ്. രാജ്യത്തെയും സംസ്ഥാനത്തെയും ജനസംഖ്യയ്ക്ക് ആനുപാതികമായി ഓരോ അംഗത്തിന്റെയു വോട്ടിന് മൂല്യം നിർണയിച്ചിട്ടുണ്ട്. 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴും മൂല്യം നിർണയിക്കുന്നത് എന്നതും പ്രത്യേകത.



ജനസംഖ്യയെ പാർലമെന്റ് സീറ്റിന്റെയും നിയമസഭാ സീറ്റിന്റെയും എണ്ണം കൊണ്ട് ഭാഗിച്ചാണ് മൂല്യം നിശ്ചയിക്കുന്നത്. അങ്ങനെ പാർലമെന്റ് അംഗത്തിന്റെ ഒരു വോട്ടിന്റെ മൂല്യം ഇത്തവണ 700 ആണ്. സംസ്ഥാനങ്ങളിൽ ഇത് ജനസംഖ്യാനുപാതികമായി വ്യത്യാസപ്പെടും. ഈ മാനദണ്ഡത്തിന് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മാറ്റമുണ്ടായിട്ടില്ല. ലോക്സഭ,രാജ്യസഭ,നിയമസഭ അംഗങ്ങളും ഉൾപ്പെട്ട ഇലക്ട്രൽ കോളജിലെ മൊത്തം വോട്ടിന്റെ മൂല്യം 10,98,903 ആണ്. എന്നാൽ ജമ്മുകശ്മീരിൽ നിയമസഭ നിലവിലില്ലാത്തതിനാൽ ഇത്തവണ മൊത്തം മൂല്യം 10,86,431 ആണ് മൊത്തം വോട്ടിന്റെ മൂല്യം. എംഎൽഎമാരുടെ വോട്ടിൽ 6,264, എംപിമാരുടെ വോട്ടിൽ 6,208 എന്നീ ക്രമത്തിലാണ് കശ്മീർ വഴിയുള്ള ഇടിവ്.



എംഎൽഎ മാരിൽഏറ്റവും കൂടിയ മൂല്യമുള്ള വോട്ടർമാർ യുപിയിലാണ് 208. ഏറ്റവും കുറവ് സിക്കിമിലും – ഏഴ്. മിസോറമിലും അരുണാചലിലും എട്ടും നാഗാലാന്റിൽ ഒൻപതുമാണ് വോട്ടിന്റെ മൂല്യം. കേരളത്തിലെ ഒരു എംഎൽഎ യുടെ വോട്ടിന്റെ മൂല്യം 152 ആണ്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് മാറിയാൽ കേരളത്തിന്റെ വോട്ട് മൂല്യം 240 ഉം യുപിയുടേത് 501 ഉം ആകും.



• *കണക്കുകളിൽ പിന്നിൽ ഭരണപക്ഷം*



ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിപക്ഷം ഒന്നിച്ചാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു ബിജെപിക്ക് കനത്ത വെല്ലുവിളിയാകും. പ്രതിപക്ഷം ജയിച്ചുകയറിയാൽ പോലും അദ്ഭുതപ്പെടേണ്ട. ബിജെപിക്കും സഖ്യകക്ഷികൾക്കും എളുപ്പത്തിൽ ജയിക്കാനുള്ള വോട്ടില്ലെന്നതാണ് യാഥാർഥ്യം. വിജയത്തിനു തെട്ടരികെ മാത്രം നിൽക്കുന്ന ഭരണപക്ഷത്തിന്, കഴിഞ്ഞ തവണ കിട്ടിയ സഹായവും പ്രയോഗിച്ച തന്ത്രങ്ങളും ആവർത്തിച്ചാലേ ഇത്തവണയും ജയിച്ചു കയറാനാവൂ. അതുണ്ടാവും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


ബിജെപിക്ക് ലോക്സഭയിൽ മുന്നൂറും രാജ്യസഭയിൽ തൊണ്ണൂറ്റിയെട്ടും അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1,241 അംഗങ്ങളുണ്ട്. സഖ്യകക്ഷികൾക്കടക്കം എൻഡിഎക്ക് ലോകസഭയിൽ 332 പേരും രാജ്യസഭയിൽ 115 പേരുമുണ്ട്. പ്രതിപക്ഷത്ത് ലോക്സഭയിൽ കോൺഗ്രസിന്റെ 52 പേർ ഉൾപ്പെടെ യുപിഎക്ക് 91 പേരാണുള്ളത്. യുപിഎയോട് ആഭിമുഖ്യമുള്ള തൃണമൂൽ, ടിആർഎസ്, ശിവസേന, ഇടതുപാർട്ടികൾ എന്നിവർക്കെല്ലാം കൂടി ലോക്സഭയിൽ 60 എംപിമാരുണ്ട്.



ഫലത്തെ സ്വാധീനിക്കാൻ കഴിയുന്നവരായി ഒരു മുന്നണിയിലും ഉൾപ്പെടാത്ത ബിഎസ്പി,അകാലിദൾ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, എംഐഎം എന്നീ പാർട്ടികൾക്ക് ഇരുസഭയിലുമായി 68 എംപിമാരും 296 എംഎൽഎമാരുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായുള്ള മുപ്പതോളം സ്വതന്ത്ര എംഎൽഎ മാരുടെ വോട്ടും നിർണായകം.



ഇപ്പോഴത്തെ കണക്ക് അനുസരിച്ച് മൊത്തമുള്ള 10,86,000 വോട്ടിൽ 5,12,000 വോട്ട് മാത്രമേ ദേശീയ ജനാധിപത്യ സഖ്യത്തിന്റേതായി കിട്ടാൻ സാധ്യതയുള്ളൂ. വിജയിക്കാൻ വേണ്ട 5,43,000 വോട്ടിന് 29,000 വോട്ടിന്റെ കുറവ്. നിയമസഭ സസ്പെന്റു ചെയ്ത ജമ്മു കശ്മീരിലെ 87 എംഎൽമാരുടെ വോട്ട് മൂല്യം കുറച്ചാണ് മൂല്യം കണക്കാക്കുന്നത്. അല്ലെങ്കിൽ ഒട്ടേറെ കക്ഷികൾ വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കണം.


വോട്ടു മൂല്യത്തിൽ ഭരണപക്ഷത്തിനാണ് മുൻതൂക്കമെങ്കിലും അതിവേഗം ജയിച്ചുകയറാൻ കഴിയാത്ത സ്ഥിതിയാണ്. കരുത്തുറ്റ, പൊതുവിശ്വാസം നേടിയ സ്ഥാനാർഥിയെ യുപിഎയുടെ നേതൃത്വത്തിൽ കണ്ടെത്തിയാൽ ബിജെപിയുടെ വിജയം അസാധ്യമോ ആശങ്കാജനകമോ ആകാം. എന്നാൽ, സംയുക്ത സ്ഥാനാർഥിയെ നിലവിൽ പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുപോലെ പിന്തുണയ്ക്കുമോ എന്നതും കണ്ടറിയണം.


11 സംസ്ഥാനങ്ങൾ എൻഡിഎ വിരുദ്ധ കക്ഷികളാണ് ഭരിക്കുന്നതെങ്കിലും അഞ്ചിടത്ത് മാത്രമാണ് യുപിഎ ഭരണം. മറ്റ് ആറിടത്തും ഒരു മുന്നണിയിലും പെടാത്തവരാണ് ഭരണത്തിൽ. ഇതിൽ ബംഗാളിലെ തൃണമൂൽ കോൺഗ്രസും തെലങ്കാനയിലെ ടിആർഎസും മാത്രമാണ് യുപിഎക്കൊപ്പം ചേർന്നു പോകാൻ താൽപര്യമുള്ളവർ. എന്നാൽ, യുപിഎ നേത്യത്വം കിട്ടിയില്ലെങ്കിൽ മമതയുടെ നിലപാട് എന്തായിരിക്കും എന്നതു കാത്തിരുന്നു കാണണം. മറ്റുള്ളവരിൽ ഒഡിഷയിലെ ബിജെഡിയും ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസും വ്യക്തിത്വം നിലനിർത്തി പോകാനായിരിക്കും താൽപര്യം കാട്ടുക.



ആം ആദ്മി നിലപാട് എന്താകും?


ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടി ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുമോ എന്നതും കാത്തിരുന്നു കാണണം. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലേറിയ എഎപി ,ബിജെപി യോടുള്ള എതിർപ്പുമൂലം പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. എന്നാൽ കോൺഗ്രസിനോടുള്ള സമീപനവും അനുകൂലമല്ല. കോൺഗ്രസുകാരനല്ലാത്ത ആൾ സ്ഥാനാർഥിയായാൽ എഎപി പിന്തുണ പ്രതിപക്ഷത്തിനു ലഭിച്ചേക്കും. ഇതൊക്കെയാണ് സ്ഥിതിവിശേഷമെങ്കിലും പ്രതിപക്ഷത്തുള്ള ഐക്യമില്ലായ്മ തന്നെയാണ് ബിജെപി നേതൃത്വത്തിന് ഏറെ പ്രതീക്ഷ നൽകുന്നത്.


പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ വോട്ടുള്ള കോൺഗ്രസിനെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിനിർത്തിയുള്ള ഒരു പോരാട്ടം പ്രതിപക്ഷത്തിന് അസാധ്യമാവുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. അതിനാൽ തന്നെ കോൺഗ്രസ് നിർദേശിക്കുന്ന ആളായിരിക്കും സ്ഥാനാർഥി ആവാൻ സാധ്യത. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം വോട്ട് തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കുമാണ്. ഇരുവരുടെയും നിലപാടും നിർണായകമാവും. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും കരുത്തൻ എം.കെ. സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞതോടെ ഡിഎംകെ നിലപാടിനൊപ്പമാവും സിപിഎം എന്ന സൂചനയാണ് നൽകുന്നത്.



ലോക്സഭയിലെ മൂന്നും രാജ്യസഭയിലെ ആറും ഉൾപ്പെടെ ഒൻപത് എംപിമാരും കേരളത്തിലെ 62, ത്രിപുരയിലെ 16 ഉൾപ്പെടെ ഒൻപതു സംസ്ഥാനങ്ങളിലായി 88 എംഎൽഎമാരും മാത്രമാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. മൊത്തം വോട്ട് മൂല്യം 17,624.


ഇരട്ടിവോട്ടു നേടിയ റാംനാഥ്



കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രംനാഥ് കോവിന്ദിന്റെ വിജയം സുഗമവും സുനിശ്ചിതവും ആയിരുന്നു. ബിജെപി അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യകക്ഷികൾക്കു പുറമേ അണ്ണാ ഡിഎംകെ, ബിജു ജനതാദൾ ,തെലുങ്കുദേശം, തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) തുടങ്ങിയ കക്ഷികൾ പിന്തുണ നൽകിയതോടെ 65.55 ശതമാനം വോട്ടുമായി അദ്ദേഹം വിജയം നേടി. പോൾ ചെയ്ത 10,69,358 ൽ 7,02,044 വോട്ട് കോവിന്ദിന് കിട്ടിയപ്പോൾ എതിരാളി മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന് കിട്ടിയത് 3,67,314 വോട്ട് . പാർലമെന്റംഗങ്ങളിൽ 522 പേർ കോവിന്ദിന് വോട്ടു ചെയ്തപ്പോൾ 225 വോട്ടാണ് മീരയ്ക്കു ലഭിച്ചത്. ( മൂല്യം: കോവിന്ദ് – 3,69,576, മീര –1,59,300).



സംസ്ഥാനങ്ങളിൽ ഏറ്റുമധികം വോട്ടുള്ള യുപിയിൽ 403 ൽ 335 വോട്ടും കോവിന്ദിനായിരുന്നു. ഏറ്റവും കുറവുള്ള പുതുച്ചേരിയിൽ മീരാ കുമാറിന് 19 ഉം കോവിന്ദിന് പത്തുമായിരുന്നു വോട്ട്. ബിജെപി ഭരണമുണ്ടായിരുന്ന രാജസ്ഥാൻ (200 ൽ 166 വോട്ട് ) മഹാരാഷ്ട്ര (288 ൽ 208) എന്നിവിടങ്ങളിൽ കിട്ടിയ നല്ല ശതമാനം വോട്ടാണ് അന്ന് കോവിന്ദിന്റെ വിജയം അനായാസമാക്കിയത്. പിന്തുണ നൽകിയ ബിജെഡിയുടെ ഒഡിഷയിൽ 147 ൽ 127 ഉം കോവിന്ദിനായിരുന്നു. ഗുജറാത്തിൽ 182 ൽ 132 ഉം ഹരിയാനയിൽ 90 ൽ 73 ഉം കോവിന്ദ് നേടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കതിലും കോവിന്ദിന് മികച്ച രീതിയിൽ വോട്ടു നേടാനായി.



എൻഡിഎക്ക് പുറത്തായിരുന്ന അണ്ണാ ഡിഎംകെ, ജെഡി(യു), ബിജെഡി ,ടിആർഎസ്, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ രാംനാഥ് കോവിന്ദ് വൻവിജയം ഉറപ്പാക്കിയത്. ഇതിൽ അണ്ണാ ഡിഎംകെ, ജെഡി(യു) കക്ഷികൾ നിലവിൽ എൻഡിഎക്കൊപ്പം തന്നെയാണ്. മറ്റുള്ളവരുടെ പിന്തുണ ഇത്തവണയും നേടാനാവും എന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. എന്നാൽ, തെലങ്കാനയിൽ എതിർപക്ഷത്തു വെല്ലുവിളിക്കുന്ന ബിജെപിയെ ടിആർഎസ് പിന്തുണയ്ക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് അധികാരത്തിൽ ഇല്ലാതിരുന്ന ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ സ്വന്തമാക്കാനും എൻഡിഎ ശ്രമിക്കും.



നിർണായകം വൈഎസ്ആർ  കോൺഗ്രസ്, ബിജെഡി



വൈഎസ്ആർ കോൺഗ്രസോ ബിജു ജനതാദളോ (ബിജെഡി ) പിന്തുണച്ചാൽ എൻഡിഎയുടെ വിജയം സുഗമമാകും. കഴിഞ്ഞ തവണ നിരുപാധിക പിന്തുണ നൽകുകയായിരുന്നു ബിജെഡി. ഇവയ്ക്കൊപ്പം കഴിഞ്ഞ തവണത്തെപ്പോലെ മറ്റു ചെറു കക്ഷികളുടെയും അപൂർവമായി മാത്രമുള്ള സ്വതന്ത്രൻമാരുടെ പിന്തുന്ന നേടിയാൽ എൻഡിഎ വിജയം കഴിഞ്ഞ തവണത്തെപ്പോലെ അനായാസമാകും.



വൈഎസ് ആർ കോൺഗ്രസിന് ലോക്സഭയിൽ 22 ളം രാജ്യസഭയിൽ ആറും ഉൾപ്പെടെ 28 എം പിമാരും 151 എംഎൽഎ മാരുമുണ്ട് .ഇവരുടെ വോട്ടിന്റെ മൂല്യം 45,383 ആണ്. 21 എം പിമാരും 117 എംഎൽഎമാരുമുള്ള ബിജെഡിയുടെ വോട്ട് മൂല്യം 31,920 ആണ്.


പ്രതിപക്ഷത്താണെങ്കിലും ഒരു മുന്നണിയിലും ചേരാതെ നിൽക്കുന്ന തെലുങ്കുദേശം, മായാവതിയുടെ ബിഎസ്പി, അകാലിദൾ, ജനതാദൾ എസ്, തുടങ്ങിയ കക്ഷികളുടെ പിന്തുണ നേടാനും ബിജെപി ശ്രമിക്കും. ഈ കക്ഷികൾക്കെല്ലാം കൂടി 23 അംഗങ്ങളാണ് പാർലമെന്റിൽ( ലോക്സഭയിൽ 19 പേരും രാജ്യസഭയിൽ ആറും). വിവിധ നിയമസഭകളിലായി 78 എംഎൽഎമാരുമുണ്ട്. ബിജെപിയുമായി വീണ്ടും അടുക്കാൻ ശ്രമിക്കുന്ന തെലുങ്കുദേശത്തിന്റെ പിന്തുണ വീണ്ടും എൻഡിഎക്കായിരിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.


കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പു കാലത്ത് ബിജെപി അധികാരത്തിലിരുന്നതും വോട്ടുമൂല്യം കൂടുതലുള്ളതുമായ വലിയ സംസ്ഥാനങ്ങളിലെ ഭരണനഷ്ടമാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്. റാംനാഥ് കോവിന്ദ് വൻതോതിൽ വോട്ടു നേടിയ രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലും എൻഡിഎക്ക് ഭരണം നഷ്ടമായതും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ എണ്ണം കുറഞ്ഞതുമാണ് എൻഡിഎക്ക് മത്സരം കടുത്തതാക്കുന്നത്. കർണാടകം, ബംഗാൾ, ത്രിപുര തുടക്കിയ സംസ്ഥാനങ്ങളിൽ മാത്രമാണ് കഴിഞ്ഞ തവണത്തെക്കാൾ ബിജെപിക്ക് എംഎൽഎ മാർ കൂടിയത്.



നിർണായകമാകുക സ്ഥാനാർഥി



മറ്റു തിരഞ്ഞെടുപ്പുപോലെ ലളിതമല്ല രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്. വളരെ സങ്കീർണമായ സംവിധാനത്തിൽ ആർക്കും അനായാസമായി കടക്കാനാവില്ല. അതു തന്നെയാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നതും. വിജയത്തിനു വേണ്ട മൊത്തം വോട്ടിന്റെ തൊട്ടടുത്തുമാത്രം നിൽക്കുകയാണ് ബിജെപി സഖ്യം. വോട്ടിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കാൽലക്ഷത്തോളം വോട്ട് കണ്ടെത്തിയാലേ വിജയം എളുപ്പമാവൂ.



പലതട്ടിലാണെങ്കിലും പ്രതിപക്ഷം എതാണ്ട് ഒപ്പം തന്നെയുണ്ട്. കേന്ദ്ര സർക്കാരിന് ഒരു പ്രയാസവും സൃഷ്ടിക്കാത്ത രാഷ്ട്രപതി എന്ന നിലയിൽ ബിജെപിക്ക് ഏറെ സ്വീകാര്യൻ തന്നെയാണ് റാംനാഥ് കോവിന്ദ്. എങ്കിലും ഒരവസരം കൂടി നൽകാൻ സാധ്യതയില്ലെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. അങ്ങനെ ഉണ്ടായില്ലെങ്കിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ ബിജെപിയുടെ സ്ഥാനാ‍ർഥിയാവും എന്നാണ് പൊതുവേയുളള കണക്കുകൂട്ടൽ.



പ്രതിപക്ഷ കക്ഷികളുമായി നല്ല ബന്ധമുള്ള വ്യക്തി എന്ന നിലയിൽ ബിജെപി ഇതര വോട്ട് സമാഹരിക്കാൻ ഏറ്റവും അനുയോജ്യൻ നായിഡുവാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. വെങ്കയ്യ വന്നാൽ, ഇപ്പോൾ പ്രതിപക്ഷത്തെങ്കിലും കോൺഗ്രസ് ക്യാംപിലല്ലാത്ത കക്ഷികളെ സ്വാധീനിക്കാൻ കഴിയും എന്ന കണക്കുകൂട്ടൽ ബിജെപിക്കുണ്ട്.



പ്രത്യേകിച്ച് കഴിഞ്ഞ തവണ അനുകൂലിച്ച ആന്ധ്ര കക്ഷികളെയും ബിജെഡിയെയും ഒപ്പം നിർത്താനാവും എന്ന പ്രതീക്ഷയും ഉണ്ടാവും. തെലുങ്ക് അഭിമാനം ഉയർത്തി ടിഡിപിക്കൊപ്പം വൈഎസ് ആർ കോൺഗ്രസിനയും തെലങ്കാനയിലെ ടിആർഎസിനെയും കൂടെക്കൂട്ടിയാൽ വിജയം കഴിഞ്ഞ തവണത്തെപ്പോലെ അനായാസമായേക്കും. വേണ്ടി വന്നാൽ എംഐഎം നേതാവ് ഉവൈസിയുടെ പോലും പിന്തുണ നേടാൻ ഇതിലൂടെ ബിജെപിക്കു കഴിഞ്ഞേക്കും.



അതേസമയം, സ്ഥാനാർഥി മറ്റൊരാളായാലും ഈ കക്ഷികളെത്തന്നെ കൂടെക്കൂട്ടാൻ ബിജെപി ശ്രമിക്കും. നല്ല പാർട്ടി ബന്ധമുള്ള ഒരാളെത്തന്നെയാവും ഇത്തവണ രാഷ്ട്രപതി പദത്തിലേക്ക് എത്തിക്കുക എന്നു തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അങ്ങനെ വന്നാൽ പ്രധാനമായും പരിഗണിക്കുക വെങ്കയ്യയെ തന്നെ ആയിരിക്കും.




ചർച്ച തുടങ്ങി പ്രതിപക്ഷം



രാഷ്ട്രപതി തിരഞ്ഞെടുപ്പു ബന്ധപ്പെട്ട് പ്രതിപക്ഷം ഇതിനകം ചർച്ച തുടങ്ങിയിട്ടുണ്ട്. ഒപ്പം നിൽക്കുന്ന 19 കക്ഷികളുമായി കോൺഗ്രസ് അടുത്ത ദിവസം ചർച്ച നടത്തും. സ്ഥാനാർഥിയാകാൻ മോഹമുള്ളവർ ഒട്ടേറെപ്പരുണ്ട്. എൻസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാർഥിയാക്കാൻ പിന്തുണയുമായി പലരും രംഗത്തുവരാനാണ് സാധ്യത. പ്രത്യേകിച്ചും ശിവസേന പോലുള്ള കക്ഷികൾ. സ്ഥാനാർഥി മോഹമില്ലെന്ന് ബിഎസ്പി നേതാവ് മായാവതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും തീരുമാനം സ്ഥാനാർഥി നിർണയത്തിൽ മുൻതൂക്കം നേടും. ഇവരുടെ കൂടി അഭിപ്രായത്തെ മാനിച്ചേ കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിത്വത്തിന് തയാറാവൂ എന്നാണ് പ്രതീക്ഷ. ബിജെപിയെ തളയ്ക്കാനുള്ള ഏറ്റുവും നല്ല അവസരമായി കണ്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങും എന്നുതന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ. അതേസമയം, എല്ലാവർക്കും സമ്മതനായ ഒരാളെ കണ്ടെത്താൻ പ്രതിപക്ഷവും നന്നായി ക്ലേശിക്കേണ്ടി വരും.


ഉപരാഷ്ട്രപതി പദം വഴി രാഷ്ട്രപതി ഭവനിലേക്ക്


ഇന്ത്യയിലെ പരമോന്നത സ്ഥാനമായ രാഷ്ട്രപതി പദത്തിൽ എത്തുക ഉപരാഷ്ട്രപതിമാർ ആണ് എന്നത് ആദ്യകാലങ്ങളിലെ കീഴ് വഴക്കമായിരുന്നു. വി.വി.ഗിരിക്കു ശേഷം ഏറെക്കാലത്തേയ്ക്ക് അത് ഇല്ലാതായി. എന്നാൽ പിന്നീടും ചില ഉപരാഷ്ട്രപതിമാർ രാഷ്ട്രപതി പദത്തിലെത്തി. കെ.ആർ. നാരായണനാണ് ഉപരാഷ്ട്രപതി പദത്തിൽ നിന്ന് രാഷ്ട്രപതിയായ അവസാനത്തെയാൾ.



ആദ്യ ഉപരാഷ്ട്രപതിയായ സർവേപ്പിളളി രാധാകൃഷ്ണൻ, പത്ത് വർഷം ആ പദവി വഹിച്ച ശേഷമാണ് രാഷ്ട്രപതിയായത്. ഉപരാഷ്ട്രപതിമാരായ ആറു പേർ രാഷ്ട്രപതിമാരായപ്പോൾ ആറു പേർക്ക് അതിനുള്ള അവസരം കിട്ടിയില്ല. ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ചപ്പോൾ ബി.ഡി.ജെട്ടി ആക്ടിങ് രാഷ്ട്രപതിയായി. ചീഫ് ജസ്റ്റിസ് ആയിരിക്കെ രാഷ്ട്രപതിയുടെ ചുമതല നിർവഹിക്കാൻ അവസരം കിട്ടിയ ആളാണ് പിന്നീട് ഉപരാഷ്ട്രപതിയായ എം. ഹിദായത്തുല്ല.



രാജ്യത്തെ ആദ്യ മൂന്ന് ഉപരാഷ്ട്രപതിമാരും–എസ്. രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, വി.വി. ഗിരി– പിന്നീടു രാഷ്ട്രപതിമാരായി. തുടർന്നുള്ള മൂന്നുപേർ–ജി.എസ്.പാഠക്, ബി.ഡി.ജെട്ടി, എം. ഹിദായത്തുല്ല– രാഷ്ട്രപതി ഭവനിൽ എത്തിയില്ല. അടുത്ത മൂന്നു പേർ–ആർ. വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ.ആർ. നാരായണൻ–രാഷ്ട്രപതിമാരായി. എന്നാൽ തുടർന്നുവന്ന മൂന്നു പേരും–കൃഷ്ണകാന്ത്, ഭൈരോൺ സിങ് ഷെഖാവത്ത്, ഹാമിദ് അൻസാരി–ഉപരാഷ്ട്രപതിമാരായിത്തന്നെ വിരമിച്ചു.



ഉപരാഷ്ട്രപതിമാരായിരുന്ന സക്കീർ ഹുസൈൻ ,വി.വി.ഗിരി, ആർ. വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ.ആർ.നാരായണൻ എന്നിവർക്കും രാഷ്ട്രപതി ആകാൻ അവസരം ലഭിച്ചപ്പോൾ, ജി.എസ്.പാഠക്, കൃഷ്ണകാന്ത്, ഭൈരോൺ സിങ് ഷെഖാവത്ത്, ഹാമിദ് അൻസാരി എന്നിവർക്ക് അവസരം ലഭിച്ചില്ല. ഇതു വരെ രാഷ്ട്രപതിയായ മൂന്നു പേരൊഴികെ എല്ലാവരും കോൺഗ്രസുകാരായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദും എ.പി.ജെ അബ്ദുൽ കലാമുമാണ് ബിജെപി പിന്തുണയോടെ രാഷ്ട്രപതിയായവർ. കലാം സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും ബിജെപിയുടെ സ്ഥാനാർഥി എന്ന നിലയിലാണ് രാഷ്ട്രപതിയായത്. മുൻപ് കോൺഗ്രസ് രാഷ്ട്രപതി സ്ഥാനാഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും ജനതാ പാർട്ടി പ്രതിനിധിയാണ് നീലം സഞ്ജീവ റെഡ്ഡി രണ്ടാം മത്സരത്തിൽ 1977 ൽ രാഷ്ട്രപതിയായത്. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയെ തോൽപിച്ചാണ് ഉപരാഷ്ട്രപതിയായിരുന്ന വി.വി.ഗിരി പദവിയിലെത്തിയത്.



ഉപരാഷ്ട്രപതിയായ ആദ്യ ബിജെപി നേതാവ് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ഭൈരോൺ സിങ് ഷെഖാവത്ത് പിന്നീട് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച കൃഷ്ണകാന്തിനും രാഷ്ട്രപതിയാവാൻ ഭാഗ്യമുണ്ടായില്ല. ഉപരാഷ്ട്രപതിയായി ഏറ്റവുമധികം കാലം പ്രവർത്തിച്ചത് എസ്.രാധാകൃഷ്ണനും ഹാമിദ് അൻസാരിയുമാണ് – 10 വർഷം വീതം.


എൻഡിഎക്ക് വോട്ടില്ലാതെ കേരളം



ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭരണ പക്ഷത്തിന് ഒരു വോട്ടുപോലും കിട്ടാൻ സാധ്യതയില്ലാത്ത ഏക സംസ്ഥാനം കേരളമാകും. ബിജെപിക്ക് എംഎൽഎമാരില്ലാത്ത രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളവും മറ്റൊന്നു സിക്കിമുമാണ്. സിക്കിമിൽ എൻഡിഎയോട് ആഭിമുഖ്യമുള്ള കക്ഷി ഉള്ളതിനാൽ വോട്ടു നൽകാതെ പുറംതിരിഞ്ഞു നിൽക്കുന്നത് കേരളമായിരിക്കും. കഴിഞ്ഞ തവണ ബിജെപി ഒരു എംഎൽഎ ഉണ്ടായിരുന്നതിനാൽ കേരളത്തിൽ നിന്ന് റാംനാഥ് കോവിന്ദിന് വോട്ടുണ്ടായിരുന്നു. ഇത്തവണ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുണ്ടായാൽ മൊത്തമുള്ള 21,280 മൂല്യവോട്ടും എൻഡിഎ പക്ഷത്തിനെതിരാവും.




സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ എണ്ണവും വോട്ടു മൂല്യവും


ആന്ധ്ര 175, 169
അരുണാചൽ 60,8
അസം 126, 116
ബിഹാർ 243, 173
ഛത്തീസ്ഗഢ് 90,129
ഡൽഹി 70,58
ഗോവ 40, 20
ഗുജറാത്ത് 182 ,147
ഹരിയാന 90,112
ഹിമാചൽ 68,61
ജമ്മു കശ്മീർ 87,72
ജാർഖണ്ഡ് 81,176
കർണാടക 224,131
കേരളം 140 ,152
മധ്യ പ്രദേശ് 230 ,131
മഹാരാഷ്ട്ര 288 ,175
മണിപ്പുർ 60,18
മേഘാലയ 60 ,17
മിസോറം 40, 8
നാഗാലൻറ് 60, 9
ഒഡീഷ 147, 149
പുതുച്ചേരി 30 ,16
പഞ്ചാബ് 117 ,116
ബംഗാൾ 294 ,151
രാജസ്ഥാൻ 200,129
സിക്കിം 32,7
തമിഴ്നാട് 234,176
തെലങ്കാന 119, 132
ത്രിപുര 60, 26
ഉത്തർപ്രദേശ് 403, 208
ഉത്തരഖണ്ഡ് 70, 64


• *ഇന്ത്യയിലെ രാഷ്ട്രപതിമാർ*


1. ഡോ. രാജേന്ദ്രപ്രസാദ് 1950–1962
2. ഡോ. എസ്. രാധാകൃഷ്ണൻ 1962–1967
3. സക്കീർ ഹുസൈൻ 1967–1969
4. വി.വി.ഗിരി 1969–1974
5. ഫക്രുദ്ദീൻ അലി അഹമ്മദ് 1974–1977
6. നീലം സഞ്ജീവ റെഡ്ഡി 1977–1982
7. ഗ്യാനി സെയിൽ സിങ് 1982–1987
8. ആർ. വെങ്കിട്ടരാമൻ 1987–1992
9. ശങ്കർ ദയാൽ ശർമ 1992–1997
10. കെ.ആർ. നാരായണൻ 1997–2002
11. എ.പി.ജെ. അബ്ദുൽ കലാം 2002–2007
12. പ്രതിഭാ പാട്ടീൽ 2007–2012
13. പ്രണബ് മുഖർജി 2012–2017
14. റാംനാഥ് കോവിന്ദ് 2017 – തുടരുന്നു

.......



Post a Comment

0 Comments