Flash News

6/recent/ticker-posts

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടിയ പയ്യനാട് സ്‌റ്റേഡിയം കാട് വിഴുങ്ങി

Views
പയ്യനാട് : സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടത്തില്‍ മുത്തമിട്ട് കേരള ടീമും ആരാധകരും സന്തോഷത്തിലാറാടി മടങ്ങിയ പയ്യനാട് സ്റ്റേഡിയം വീണ്ടും കാടുകയറി നശിക്കുന്നു. മികച്ച മൈതാനമെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ സ്റ്റേഡിയത്തിലാണ് പുല്ലുനിറയുന്നത്. മൈതാനത്ത് പുല്ലുകള്‍ യഥാസമയം പരിപാലനം നടത്താതെ വന്നതോടെ പരിസരമാകെ കാടുപിടിച്ചു. രണ്ട് ഗോള്‍ പോസ്റ്റിനടുത്തും പുല്ലുകള്‍ ഉയര്‍ന്നുപൊങ്ങി. കോര്‍ണര്‍ ലൈന്‍ പോലും കാണാത്ത തരത്തില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞു. മൈതാനത്തിലെ പുല്ലിന് പുറമെ മറ്റു കളകളുമുണ്ട്. ഗോള്‍ പോസ്റ്റിന് പുറത്തും സ്ഥിതി വ്യത്യസ്തമല്ല.

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി മൈതാനത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. നാല് മാസത്തോളം യഥാസമയം പുല്ലുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിയൊതുക്കി. പിന്നീട് റോളര്‍ ഉപയോഗിച്ചും പ്രവൃത്തി നടത്തി. എന്നാല്‍, ഫൈനല്‍ മത്സരം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും പഴയ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പുല്ലുകള്‍ പറിക്കുന്ന ജോലി നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല. മഴക്കാലമായതോടെ വേഗത്തിലാണ് പുല്ലിന്‍റെ വളര്‍ച്ച.

2015ലെ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുശേഷം ദേശീയ മത്സരങ്ങള്‍ക്ക് പയ്യനാട് വേദിയായിരുന്നില്ല. ഈ സമയത്തും സ്റ്റേഡിയത്തില്‍ പുല്ല് നിറഞ്ഞിരുന്നു. ഇതിനെതിരെ കായിക പ്രേമികള്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തി. ഇതോടെയാണ് താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തിയത്. 2020ല്‍ സ്റ്റേഡിയത്തില്‍ നാല് കോടി രൂപ ചെലവഴിച്ച്‌ ഫ്ലഡ്ലൈറ്റും സജ്ജമാക്കി.

സന്തോഷ് ട്രോഫിയിലെ നിറഞ്ഞ ഗാലറി കണ്ട് സ്റ്റേഡിയം നവീകരിക്കുമെന്നും ഒട്ടേറെ ദേശീയ മത്സരങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നും കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നു. വീണ്ടും മത്സരങ്ങള്‍ നടത്തുന്നതിന് മുമ്ബ് ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിക്കുന്നതിന് പകരം യഥാസമയം പരിപാലനം നടത്തി സ്റ്റേഡിയം സംരക്ഷിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.


Post a Comment

0 Comments