Flash News

6/recent/ticker-posts

സ്കൂളുകളിൽ അടുത്ത അധ്യയന വർഷം പുതിയ പാഠപുസ്തകം

Views
സ്കൂളുകളിൽ അടുത്ത 
അധ്യയന വർഷം പുതിയ 
പാഠപുസ്തകം



തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുശേഷമുള്ള ആദ്യഘട്ട പുതുക്കിയ പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷം (2023 ജൂൺ) കുട്ടികളുടെ കൈയിലെത്തിക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി സംഘടിപ്പിച്ച ആശയ രൂപവത്കരണ ശിൽപശാലയിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് അവതരിപ്പിച്ച രൂപരേഖയിലാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ 31നുമിടയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടമായി പാഠപുസ്തക പരിഷ്കരണം പൂർത്തിയാക്കും. 2024 ജനുവരി ഒന്നിനും സെപ്റ്റംബർ 31നുമിടയിലായി രണ്ടാം ഘട്ടം പൂർത്തിയാക്കും. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2022' രൂപവത്കരിക്കും.

ഇതിനായുള്ള കരട് ചട്ടക്കൂട് നവംബർ 30നകം തയാറാക്കും. വിവിധതലങ്ങളിലുള്ള ചർച്ചക്കുശേഷം 2023 ജനുവരിയിൽ അന്തിമ പാഠ്യപദ്ധതി ചട്ടക്കൂട് അംഗീകരിക്കും. ആദ്യഘട്ടത്തിൽ ഏതെല്ലാം ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുക എന്നതിൽ തുടർന്നുള്ള ചർച്ചകൾക്കുശേഷം തീരുമാനമെടുക്കും.

ഒന്നാം ക്ലാസ് മുതൽ ഒന്നിടവിട്ടുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ആദ്യഘട്ടത്തിൽ പരിഷ്കരിക്കണമെന്ന നിർദേശമാണ് പരിഗണനയിൽ. ഏഴു വരെ ക്ലാസുകളിലേത് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുന്നതിന്‍റെ സാധ്യതയും പരിശോധിക്കും. 2007ലാണ് ഏറ്റവും അവസാനമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയത്. പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതിനായി 25 വിഷയ മേഖലകളിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപവത്കരിക്കും. ശാസ്ത്രപഠനം, സാമൂഹികശാസ്ത്ര പഠനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഗണിത വിദ്യാഭ്യാസം, ഭാഷാ വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, പരീക്ഷ പരിഷ്കരണം, പ്രീ സ്കൂൾ വിദ്യാഭ്യാസം, വിദ്യാഭ്യാസ ദർശനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യ വിദ്യാഭ്യാസം തുടങ്ങിയ വിഷയമേഖലകളിലായിരിക്കും ഫോക്കസ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക. ഫോക്കസ് ഗ്രൂപ്പുകൾ തയാറാക്കുന്ന പൊസിഷൻ പേപ്പറിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിഷ്കരണത്തിന്‍റെ സമീപന രേഖയായ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് തയാറാക്കുക. ജില്ല, ബ്ലോക്ക്, സ്കൂൾ തലങ്ങളിൽ കരട് ചർച്ച ചെയ്യും.

പ്രീ പ്രൈമറി വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, ടീച്ചർ എജുക്കേഷൻ എന്നിവയിലായിരിക്കും പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുക. കരട് ചട്ടക്കൂടിന്മേൽ ഡിസംബർ ഒന്നു മുതൽ 15 വരെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ രൂപവത്കരണം നടത്തും. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം 2023 ഫെബ്രുവരി ഒന്നു മുതൽ ആദ്യഘട്ടത്തിലേക്കുള്ള പാഠപുസ്തകം തയാറാക്കും. ഇതുപ്രകാരം 2023 ജൂണിൽ തന്നെ ഏതാനും ക്ലാസുകളിലേക്ക് പുതിയ പാഠപുസ്തകങ്ങൾ എത്തിക്കാനും രൂപരേഖ ലക്ഷ്യമിടുന്നു.



Post a Comment

0 Comments