കൊല്ലം: വസ്ത്ര വിപണിയിൽ ‘കറുപ്പിന്റെ’ തിളക്കം വർദ്ധിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കറുപ്പ് വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറിയതെന്ന് വ്യാപാരികൾ പറയുന്നു. സ്‌കൂൾ വിപണിയുടെ തിരക്കിലായിരുന്നു രണ്ടാഴ്ച മുമ്പുവരെ. എന്നാൽ സംസ്ഥാനത്ത് അപ്രതീക്ഷിതമായിട്ടാണ് കറുത്ത വസ്ത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിച്ചത്. മിക്ക കടകളിലും സ്റ്റോക്കുണ്ടായിരുന്ന കറുത്ത ഷർട്ട്, ടീ ഷർട്ട്, സാരി, ചുരിദാർ എന്നിവ വിറ്റുതീർന്നു. ആവശ്യക്കാർ കൂടിയതോടെ തയ്യൽ ജോലിക്കാരെ നിയോഗിച്ച് കറുപ്പ് വസ്ത്രങ്ങൾ തുന്നുന്നുമുണ്ട്.
ഇരുന്നൂറ് മുതൽ മൂവായിരം രൂപവരെയുള്ള കറുപ്പ് ഷർട്ടുകൾ വിപണിയിൽ ലഭ്യമാണ്. കറുപ്പ് ലുങ്കിയ്ക്കും ആവശ്യക്കാരേറി. സാധാരണ മണ്ഡലകാലത്താണ് കറുത്ത ഷർട്ടും ലുങ്കികളും കൂടുതലായി വിൽപ്പന നടക്കുന്നത്. പ്രതിപക്ഷ സംഘടനകൾ പ്രകടനങ്ങൾക്കും മറ്റും കറുത്ത വേഷമണിഞ്ഞാണ് എത്തുന്നത്.
0 Comments