Flash News

6/recent/ticker-posts

ഓണം ബംപറിലൂടെ അഞ്ഞൂറിന് 25 കോടി; യുഎഇയിലെ നറുക്കെടുപ്പുകളുമായുള്ള വ്യത്യാസം എന്തൊക്കെ?

Views ദുബായ്: ഭാഗ്യ പരീക്ഷണങ്ങളുടെ പ്രധാന ഇടമാണ് യുഎഇ. അതിനാല്‍ തന്നെ നിരവധി മലയാളികള്‍ യുഎഇയിലെ വിവിധ നറുക്കെടുപ്പുകളിലൂടെ ഭാഗ്യശാലികളായിട്ടുണ്ട്. വലിയ സമ്മാന തുകയാണ് ഇത്തരം നറുക്കെടുപ്പുകളുടെ പ്രധാന ആകര്‍ഷണം. എന്നാല്‍, ഇത്തവണത്തെ കേരള സര്‍ക്കാരിന്റെ ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തുകയും ഇത്തരം നറുക്കെടുപ്പുകള്‍ക്ക് സമാനമാണ്. 25 കോടി രൂപ! ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണര്‍ എന്നിവയാണ് യുഎഇ പ്രശസ്തമായ നറുക്കെടുപ്പുകള്‍. നിരവധി മലയാളികളാണ് ഇതുവഴി കോടീശ്വരന്മാരായതും. ഇതിനു പുറമേ, എമിറേറ്റ്‌സ് ലോട്ടോ, മെഹ്‌സൂസ് തുടങ്ങി മറ്റു രീതിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന നറുക്കെടുപ്പുകളുമുണ്ട്. ഇവ നറുക്കെടുപ്പ് രീതിയില്‍ അല്ല, നമ്പറുകള്‍ ഒപ്പിച്ചാണ് കളിക്കുന്നത് എന്നതാണ് വ്യത്യാസം. കൂടാതെ, ഇവയെല്ലാം ഓണ്‍ലൈന്‍ വഴിയും പരീക്ഷിക്കാന്‍ സാധിക്കും.

യുഎഇയില്‍ നടക്കുന്ന മിക്ക നറുക്കെടുപ്പുകളിലും വിജയികളാകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്. ഭാഗ്യ പരീക്ഷണം നടത്തുന്നതും കൂടുതല്‍ ഇന്ത്യക്കാരാണ് എന്നതാണ് ഇതിനുള്ള കാരണവും. മിക്കവരും സംഘം ചേര്‍ന്നാണ് ടിക്കറ്റുകള്‍ എടുക്കുന്നത്. യുഎഇയിലെ നറുക്കെടുപ്പുകളും സമ്മാനത്തുകയും കേരളത്തിലെ ഓണം ബംപന്‍ നറുക്കെടുപ്പും തമ്മില്‍ ഏതൊക്കെ തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കാം.
ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാള്‍ക്ക് ലഭിക്കുക. ഇവിടെയാണ് യുഎഇയിലെ നറുക്കെടുപ്പ് സമ്മാനവും കേരളത്തിലെ സമ്മാനവും തമ്മിലുള്ള പ്രധാന വ്യത്യാസം. യുഎഇയില്‍ നറുക്കെടുപ്പില്‍ ലഭിക്കുന്ന സമ്മാനത്തിന് നികുതി നല്‍കേണ്ടതില്ല. സമ്മാനം ലഭിക്കുന്ന മുഴുവന്‍ തുകയും സ്വന്തമാക്കാന്‍ സാധിക്കും.

ഗ്രാന്‍ഡ് സമ്മാനം ലഭിക്കുന്നവരോട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവയ്ക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചില കമ്പനികള്‍ ചോദിക്കാറുണ്ട്. എന്നാല്‍, അത് നിര്‍ബന്ധമല്ല. സമ്മാനം ലഭിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അതിന് അനുവദിക്കുന്ന ലോട്ടറികളും യുഎഇയില്‍ ഉണ്ട്.
എന്നാല്‍, ലോട്ടറിയുടെ വില സംബന്ധിച്ചുള്ള വ്യത്യാസവും വളരെ വലുതാണ്. 500 രൂപയ്ക്ക് 25 കോടിയാണ് കേരളത്തില്‍ ലഭിക്കുന്നതെങ്കില്‍ അബുദാബി ബിഗ് ടിക്കറ്റിന് ഒരെണ്ണത്തിന് 500 ദിര്‍ഹമാണ് (ഏതാണ്ട് പതിനൊന്നായിരം രൂപ). പക്ഷേ, രണ്ട് ടിക്കറ്റ് ഒരുമിച്ചെടുക്കുമ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അതായത് മൂന്ന് ടിക്കറ്റ് ഒരുമിച്ച് എടുക്കുമ്പോള്‍ രണ്ടു ടിക്കറ്റിന് (1000 ദിര്‍ഹം) പണം നല്‍കിയാല്‍ മതി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലും സംഘം ചേര്‍ന്നാണ് ഭാഗ്യം പരീക്ഷിക്കാറുള്ളത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഒരു ടിക്കറ്റിന് 1000 ദിര്‍ഹമാണ് (ഏതാണ്ട് 21000 രൂപ) വില.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒരു ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് എട്ടു കോടിയോളം രൂപ) ആണ് സമ്മാനത്തുക. രണ്ടു നറുക്കെടുപ്പുകളിലും സമ്മാനമായി വിലകൂടിയ കാറുകളും ബൈക്കുകളും നല്‍കുന്നുമുണ്ട്. 1999ല്‍ ആണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചത്. 5000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വയ്ക്കുക. അത് തീരുമ്പോള്‍ വീണ്ടും ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും ഭാഗ്യം പരീക്ഷിക്കാന്‍ സാധിക്കും.

അബുദാബി ബിഗ് ടിക്കറ്റില്‍ ഓരോ തവണയും ഓരോ സീരീസ് ആണ്. ഓരോ മാസവും ഇതിലെ സമ്മാന തുകയില്‍ മാറ്റം വരാറുമുണ്ട്. ആഴ്ചതോറുമുള്ള ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ ചെറിയ തുകകളും സമ്മാനമായി നല്‍കുന്നു. 1992ല്‍ ആണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്. 25 ദശലക്ഷം ദിര്‍ഹം (54 കോടിയിലേറെ രൂപ), 22 ദശലക്ഷം ദിര്‍ഹം (47 കോടിയിലേറെ രൂപ), 15 ദശലക്ഷം ദിര്‍ഹം (32 കോടി രൂപ), 12 ദശലക്ഷം ദിര്‍ഹം ( 26 കോടി രൂപ) എന്നിങ്ങനെയാണ് അടുത്ത കാലത്ത് നടന്ന നറുക്കെടുപ്പുകളിലെ സമ്മാനത്തുക. ഒന്നാം സമ്മാനത്തിനു പുറമേയും വലിയ തുകകള്‍ സമ്മാനമായും നല്‍കുന്നുണ്ട്.

35 ദിര്‍ഹം (758 രൂപ) നല്‍കി ഒരു കുപ്പി വെള്ളം വാങ്ങുമ്പോഴാണ് നിങ്ങള്‍ മെഹ്‌സൂസ് ലോട്ടോ കളിക്കാന്‍ യോഗ്യത നേടുന്നത്. അഞ്ചു നമ്പറുകളും ഒരുപോലെ ശരിയാക്കുന്നവര്‍ക്കാണ് ഒന്നാം സമ്മാനം. ഇതില്‍ ഏറ്റവും ഒടുവില്‍ 10 ദശലക്ഷം ദിര്‍ഹം (21.5 കോടി രൂപ) സമ്മാനം നേടിയത് പത്തനംതിട്ട സ്വദേശിയായ അനീഷ് ആയിരുന്നു. എമിറേറ്റ്‌സ് ഡ്രോയില്‍ ഏഴു നമ്പറുകള്‍ ആണ് ശരിയാക്കേണ്ടത്. ഗ്രാന്‍ഡ് സമ്മാനം 10 ദശലക്ഷം ദിര്‍ഹമാണ് (21.5 കോടി രൂപ) സമ്മാനം. 50 ദിര്‍ഹമാണ് (ഏതാണ്ട് 1100 രൂപ) ടിക്കറ്റ് നിരക്ക്.



Post a Comment

0 Comments