Flash News

6/recent/ticker-posts

25,000 രൂപയ്ക്ക് 16 വയസ്സുകാരിയുടെ അണ്ഡവില്‍പ്പന, കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് റിപ്പോര്‍ട്ട്

Views


തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 16 വയസ്സുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തില്‍ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തിലാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച ഡയരക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ആന്റ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസിലെ (DMS) വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. അണ്ഡ വില്‍പ്പനയില്‍ പങ്കാളികളായ കേരളത്തിലെയും ആന്ധ്രയിലെയും രണ്ട് ആശുപത്രികള്‍ക്കെതിരെ നടപടി എടുക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

വന്ധ്യതാ ചികില്‍സാ സ്ഥാപനങ്ങളായ ഈറോഡ് സുധ ഹോസ്പിറ്റല്‍, സേലം സുധ ഹോസ്പിറ്റല്‍, പെരുന്തുറൈയിലെ രാമപ്രസാദ് ആശുപത്രി, ഹൊസൂറിലെ വിജയ് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ അടിയന്തിരമായി അടച്ചുപൂട്ടാനാണ് നിര്‍ദേശം. ഇതോടൊപ്പം, തിരുവനന്തപുരത്തെ ശ്രീ കൃഷ്ണ ഹോസ്പിറ്റല്‍, തിരുപ്പതിയിലെ മാതൃത്വ ടെസ്റ്റ് ട്യൂബ് ബേബി ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്ന് ന്യൂസ് മിനിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഞെട്ടിക്കുന്ന  ക്രൂരതയാണ് പെണ്‍കുട്ടിക്കെതിരെ ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമാണ് വന്ധ്യതാ ചികില്‍സയ്ക്കായി ഒരു തവണ അണ്ഡം വില്‍ക്കാനുള്ള നിയമപരമായ അനുമതിയുള്ളത്. എന്നാല്‍, ഈ പെണ്‍കുട്ടിയുടെ അണ്ഡം 12 മുതല്‍ 16 വയസ്സുവരെയുള്ള നാലു വര്‍ഷ കാലയളവില്‍ എട്ടു തവണ ആശുപത്രികള്‍ എടുത്ത് വില്‍പ്പന നടത്തി. 25,000 രൂപയാണ് ഒരു തവണ അണ്ഡം വില്‍ക്കുന്നതിന് ആശുപത്രിക്കാര്‍ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനും നല്‍കിയത്. 20,000 രൂപ അമ്മയ്ക്കും അയ്യായിരം രൂപ രണ്ടാനച്ഛനും  നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് അണ്ഡ വില്‍പ്പന നടക്കുന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ അകന്ന ബന്ധത്തിലുള്ളഒരു സ്ത്രീയാണ് പൊലീസിനെ സമീപിച്ചത്. കുട്ടി അവരുടെ അടുത്തേക്ക് സഹായം അഭ്യര്‍ത്ഥിച്ച് വരികയായിരുന്നു. സേലം പൊലീസിലാണ് ഇവര്‍ ഈ സംഭവത്തെക്കുറിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയും രണ്ടനച്ഛനും ഏജന്റായ ഒരാളും അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തു.

12 വയസ്സുള്ളപ്പോള്‍ മുതലാണ് ഈ പെണ്‍കുട്ടിയുടെ അണ്ഡം വില്‍ക്കാന്‍ തുടങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാലു വര്‍ഷം തുടര്‍ച്ചയായി അണ്ഡവില്‍പ്പന നടന്നു. വിവാഹിതയാണെന്ന് വ്യക്തമാക്കുന്ന വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ അണ്ഡവില്‍പ്പന നടന്നതെന്നും കണ്ടെത്തി.

ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധരുടെ അന്വേഷണം നടന്നത്. ഇവരുടെ റിപ്പോര്‍ട്ടിലാണ്, സ്വകാര്യ വന്ധ്യതാ ചികില്‍സാ സ്ഥാപനങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് അണ്ഡവില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ, അടിയന്തിരമായി നാല് ആശുപത്രികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു.



Post a Comment

0 Comments