Flash News

6/recent/ticker-posts

ബിസിനസിൽ മലപ്പുറം തന്നെ; ഈ വർഷം ഇതുവരെ 5354 സംരംഭങ്ങൾ; മലപ്പുറത്ത് സംരംഭങ്ങൾ ക്ലച്ചു പിടിക്കുന്നതിന്റെ കാഴ്ച ഇങ്ങനെ.

Views
മലപ്പുറം: ഈ സാമ്പത്തിക വർഷം ഇതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച ജില്ലയേതാണ് ? മലപ്പുറം. ഇതുവരെ 5354 സംരംഭങ്ങൾ. പുതിയ സംരംഭങ്ങൾക്കായി ഏറ്റവും കൂടുതൽ നിക്ഷേപമിറക്കിയ ജില്ലയേതാണ്. അതും മലപ്പുറം. ഇതുവരെ മാത്രം 435.14 കോടിരൂപ. സംരംഭങ്ങളിലൂടെ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ അവസരം ലഭ്യമായ ജില്ലയേതാണ്. മലപ്പുറം തന്നെ. ഇതുവരെ 12,206 പേർക്കു തൊഴിലവസരം ലഭ്യമായി. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നതിന്റെ കാഴ്ച വ്യക്തം.

ഭക്ഷ്യസംസ്കരണം, നിർമാണ സാമഗ്രികൾ, വസ്ത്രനിർമാണം, തടി വ്യവസായം, തുകൽ ഉൽപന്നങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടുതൽ സംരംഭങ്ങൾ ജില്ലയിൽ വന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്. സംരംഭങ്ങൾ തുടങ്ങുന്നതിനു സഹായം നൽകാൻ ഓരോ തദ്ദേശ സ്ഥാപനത്തിലും ഇന്റേൺസിനെ നിയോഗിച്ചു. അതത് തദ്ദേശ സ്ഥാപനങ്ങളിലെ സാധ്യതയ്ക്കനുസരിച്ചുള്ള സംരംഭകരെ കണ്ടെത്തി സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ആസൂത്രണം ഇവരുടെ നേതൃത്വത്തിലായിരുന്നു.

122 ഇന്റേൺസ് ഇത്തരത്തിൽ ഇപ്പോൾ ജില്ലയിൽ പ്രവർത്തിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നടത്തിയ ഏകദിന ശിൽപശാലകൾ, ബോധവൽക്കരണ ക്ലാസുകൾ, വായ്പ, സബ്സിഡി മേളകൾ എന്നിങ്ങനെയുള്ള കാര്യങ്ങളും ഗുണം ചെയ്തു. സ്റ്റാർട്ടപ് സപ്പോർട്ട്, സാങ്കേതികവിദ്യാസഹായം, നാനോ സംരംഭങ്ങൾക്കുള്ള സഹായം, ചെറുകിട യൂണിറ്റുകൾക്കുള്ള മണി ഗ്രാന്റ്, പ്രവർത്തനരഹിതമായ യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സഹായം, എന്നിങ്ങനെ സംരംഭകർക്ക് ഗുണകരമായ ഒട്ടേറെ സ്കീമുകൾ നിലവിലുണ്ട്. ഇവ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങാനുള്ള എല്ലാ സഹായവും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൽകി വരുന്നു.

ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ മുതലുള്ള ഈ സാമ്പത്തിക വർഷത്തെ സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. പലവിധത്തിലുള്ള സബ്സിഡികളും സഹായങ്ങളും സംരംഭകരെ കാത്തിരിക്കുന്നു. വായ്പ ലഭ്യമാക്കൽ, ലൈസൻസ് നേടൽ, സാങ്കേതിക സഹായം, സബ്സിഡി ലഭ്യമാക്കൽ എന്നിങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ കാര്യങ്ങൾക്കും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സഹായം ലഭിക്കും.


Post a Comment

0 Comments