Flash News

6/recent/ticker-posts

ബാലാവകാശ കമ്മിഷന്റെ നിർദേശം; ജില്ലയിലെ പത്ത് ഗേൾസ് സ്‌കൂളുകൾ മിക്സഡ് ആകും

Views

മലപ്പുറം: സംസ്ഥാനത്ത് ബോയ്സ്, ഗേൾസ് സ്‌കൂൾ എന്നീ വേർ തിരിവ് പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പായാൽ ജില്ലയിലുള്ള പത്ത് ഗേൾസ് ഹൈസ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളായി മാറും. തിരൂർ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം, സെയ്‌ന്റ് ജമ്മാസ് ഗേൾസ് സ്‌കൂൾ മലപ്പുറം, ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി, ജി.ജി.എച്ച്.എച്ച്.എസ്. വണ്ടൂർ, ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ, ജി.ജി.എച്ച്.എസ്.എസ്. വളാഞ്ചേരി, ജി.എച്ച്.എസ്.എസ്. വേങ്ങര, ഗേൾസ് എച്ച്.എച്ച്.എസ്. പൊന്നാനി, എം.ഐ. ഗേൾസ് സ്‌കൂൾ പൊന്നാനി എന്നിവയാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്‌കൂളുകളായി മാറുക.

യു.പി. സ്‌കൂൾ വരെ ഒരുമിച്ച് പഠിക്കുന്നവർ ഹൈസ്‌കൂളുകളിൽ എത്തുന്നതോടെ ലിംഗഭേദത്തിന്റെ പേരിൽ മാറ്റപ്പെടുമ്പോൾ സഹപാഠികൾ നഷ്ടമാകുന്നതിന്റെ മാനസിക പ്രശ്‌നം പലരും അനുഭവിക്കുന്നുണ്ട്. നൂറു ശതമാനം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയമുള്ള ഗേൾസ് സ്‌കൂളുകളിൽ ലിംഗ സമത്വമില്ലാത്തതിന്റെ പേരിൽ ഓരോ വർഷവും കുട്ടികൾ കുറഞ്ഞു വരുന്നതായി ഗേൾസ് സ്‌കൂൾ അധ്യാപകർ പറയുന്നു.

106 വർഷം പഴക്കമുള്ള തിരൂർ ബി.പി. അങ്ങാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മികച്ച വിജയമുണ്ടായിട്ടും ഈ കാരണം കൊണ്ട് കുട്ടികൾ കുറയുന്നതായി സ്റ്റാഫ് സെക്രട്ടറി കെ. പ്രദീപ്‌കുമാർ പറഞ്ഞു.

പലയിടത്തും ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളെന്ന് പേരുണ്ടെങ്കിലും അവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. പക്ഷേ, ഗേൾസ് സ്‌കൂളുകളിൽ ഈ സൗകര്യമില്ല.




Post a Comment

0 Comments