Flash News

6/recent/ticker-posts

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണം; പതിനൊന്ന് പേര്‍ക്ക് കടിയേറ്റു

Views
മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പതിനൊന്ന് പേര്‍ ചികിത്സ തേടി. റോഡില്‍ നടന്നുപോകുന്ന ആളുകളെയടക്കം നായ കടിച്ചു. പേവിഷ ബാധയുള്ള നായയാണ് ഇതെന്ന സംശയവും ഉയരുന്നുണ്ട്. കടിയേറ്റ ആരുടേയും പരുക്ക് സാരമുള്ളതല്ല. മേഖലയിലെ സന്നദ്ധ സംഘടനയായ ഇആര്‍എഫും നാട്ടുകാരും തെരുവ് നായയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. നിലമ്പൂര്‍ ടൗണിലാണ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നേരത്തെയും ഇവിടെ തെരുവ് നായ ശല്യം ഉണ്ടായിരുന്നു.
ഈ വർഷം 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. ഈ മാസം മാത്രം മരണം മൂന്നെന്ന് ഞെട്ടിക്കുന്ന കണക്കുകൾ മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് മൂന്ന് പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ മരണം 13 ആണ്.  വളർത്ത് മൃഗങ്ങളുടെ കടിയേറ്റാൽ, അത് ഗൌരവമാക്കാത്തതും കൃത്യ സമയത്ത് ചികിത്സ തേടുന്നതിൽ വരുന്ന വീഴ്ചയും പേ വിഷബാധയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.

അതേസമയം, ആശങ്കയാകുന്നത് പൂർണ വാക്സിനേഷന് ശേഷമുള്ള മരണങ്ങളാണ്. വാക്സിൻ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകാറുണ്ട്.

കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നൽകി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീർണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.

വീട്ടിലെ വളർത്ത് നായ്ക്കളാകുമ്പോൾ നിസാര പോറലുകൾ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദർ പറയുന്നു. പാലക്കാട്ടെ മരണത്തിൽ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവൻ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സർക്കാർ അന്വേഷിക്കണമെന്ന് വിദഗ്ദർ പറയുന്നത്.



Post a Comment

0 Comments