Flash News

6/recent/ticker-posts

"അര്‍ഹരായവര്‍ക്കെല്ലാം റേഷന്‍ നല്‍കണം ; നിയമസഭ പ്രമേയം പാസാക്കി

Views

തിരുവനന്തപുരം
കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങളെയും റേഷന്‍ സമ്ബ്രദായത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചട്ടം 118 പ്രകാരം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠേന അംഗീകരിച്ചു. ഇതിനായി മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം.

രാജ്യത്ത് ആദ്യമായി സാര്‍വത്രിക റേഷന്‍ സമ്ബ്രദായം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. സൗജന്യനിരക്കില്‍ ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതില്‍ ഇത് വലിയ പങ്കുവഹിച്ചു. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ കേരളത്തില്‍ സാര്‍വത്രിക റേഷന്‍ സമ്ബ്രദായം നിലനിന്നു. ഭക്ഷ്യഭദ്രതാ നിയമം 2016ല്‍ സംസ്ഥാനത്ത് നടപ്പാക്കിയതോടെ കേരളത്തിലെ റേഷന്‍ സമ്ബ്രദായം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ഇതുപ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിനുമാത്രമാണ് റേഷന് അര്‍ഹതയുള്ളത്. ഇപ്പോള്‍ 1,54,80,040 പേര്‍ മാത്രമാണ് റേഷന്‍ സമ്ബ്രദായത്തിനു കീഴിലുള്ളത്. യോഗ്യതയുള്ള അഞ്ചു ലക്ഷത്തോളം കുടുംബം മുന്‍ഗണനാപട്ടിക പ്രകാരമുള്ള റേഷന്‍ സമ്ബ്രദായത്തില്‍നിന്ന് പുറത്തായി.

നിര്‍ത്തലാക്കിയ ടൈഡ് ഓവര്‍ ഗോതമ്ബ് വിഹിതം, മുന്‍ വര്‍ഷങ്ങളില്‍ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തരമായി പുനഃസ്ഥാപിക്കണം. മത്സ്യ ബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വര്‍ധിപ്പിച്ച്‌ വില കുറയ്ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments