Flash News

6/recent/ticker-posts

"മന്ത്രിമാരുടെയും ഗവർണറുടെയും വാഹനങ്ങൾക്കായി മുടക്കിയത് കോടികൾ ; നിയമസഭയിൽ കണക്ക് പറയാതെ സർക്കാർ

Views
തിരുവനന്തപുരം: ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യത്തിന് വിശദാംശങ്ങൾ വ്യക്തമാക്കാതെ വിവരം ശേഖരിച്ചു വരുന്നുവെന്ന ഒറ്റ വരിയിലാണ് മുഖ്യമന്ത്രി മറുപടി ഒതുക്കുന്നത്.

മന്ത്രിമാർ, ഗവർണർ, ഉദ്യോഗസ്ഥർ എന്നിവർക്കായി ഈ സർക്കാരിന്റെ കാലത്ത് എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി... ഇതിനായി എത്ര തുക ചെലവായി ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് അനൂപ് ജേക്കബ് ഉന്നയിച്ചത്. അടുത്തിടെ മുഖ്യമന്ത്രിക്കും ഗവർണർക്കുമെല്ലാം വാഹനം വാങ്ങിയിട്ടും അതൊന്നും വ്യക്തമാക്കാൻ തയ്യാറാകാതെ വിവരം ശേഖരിച്ചു വരുന്നുവെന്ന് മാത്രമാണ് മുഖ്യമന്ത്രി ഇതിന് രേഖാമൂലം നൽകിയ മറുപടിയിലുള്ളത്.

നിയമസഭ മറുപടിയിൽ കണക്കുകൾ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിലും ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇറങ്ങിയ ഉത്തരവുകൾ പരിശോധിച്ചാൽ കണക്ക് വ്യക്തമാകും. അത് പ്രകാരം മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രം 2.45 കോടി രൂപയാണ് ഔദ്യോഗിക വാഹനത്തിനായി ചെലവാക്കിയത്. മന്ത്രിമാർക്ക് 1.50 കോടിയും.

മുഖ്യമന്ത്രിക്കായി ഒരു കിയ കാർണിവലും മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിനായി 3 ഇന്നോവ ക്രിസ്റ്റയും വാങ്ങാനായി ധനവകുപ്പ് അനുവദിച്ചത് 88.69 ലക്ഷം രൂപ. ഗവർണർക്ക് ബെൻസ് വാങ്ങാൻ മാത്രം 85 ലക്ഷം രൂപയും ചിലവായി. കൂടാതെ ഡൽഹിയിൽ മുഖ്യമന്ത്രിയുടേയും ഗവർണറുടേയും ഉപയോഗത്തിന് 2 ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 72 ലക്ഷം രൂപയും ധനവകുപ്പ് നൽകി. 6 മന്ത്രിമാർക്കും ഈ കാലയളവിൽ പുതിയ വാഹനം വാങ്ങാൻ സർക്കാർ തുക അനുവദിച്ചു. കണക്കുകൾ ധന എക്‌സ്‌പെൻഡിച്ചർ വിംഗിലും ബജറ്റിലും ലഭ്യമാണെന്നിരിക്കെ വിവരം ശേഖരിക്കുന്നുവെന്ന് പറഞ്ഞുള്ള ഒഴിഞ്ഞു മാറ്റം എന്തിനെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.



Post a Comment

0 Comments