Flash News

6/recent/ticker-posts

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത്

Views
ആലപ്പുഴ : ഒരിടവേളയ്ക്കുശേഷം മാധ്യമപ്രവർത്തകനായ കെ എം  ബഷീറിൻറെ കൊലയാളി ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസ് വാർത്തകളിൽ നിറയുകയാണ്.

ഇക്കുറി സംസ്ഥാന സർക്കാർ വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായിട്ടാണ് അവരോധിച്ചിട്ടുള്ളത്. 

സിവിൽ സർവീസ് സെൻട്രൽ ഗവൺമെൻറിൻറെ അധികാര പരിധിയിൽ വരുന്ന മേഖലയാണ്.

ഒരു IAS കാരന്റെ ബ്യൂറോക്രാറ്റിക് പദവി എടുത്തുമാറ്റാൻ  രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം ഉള്ളത്.
മറ്റാർക്കും കൈകടത്താനാവില്ല.

എന്നിരുന്നാലും അയാൾക്ക് സംസ്ഥാനത്ത് എന്തു പദവികൾ നൽകണമെന്നത് സംബന്ധിച്ച ചർച്ചകളിൽ തീരുമാനമെടുക്കേണ്ട  അവസാനവാക്ക് സംസ്ഥാന സർക്കാറുകളുടേതാണ്‌. 

സെൻസേഷണലായ, മാധ്യമപ്രവർത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ഒരാളെ, അയാളുടെ നിലവിലെ റാങ്ക് അനുസരിച്ച് സംസ്ഥാന സർക്കാറിന് നൽകാവുന്ന വലിയ പദവികളിൽ ഒന്നിൽ  നിശ്ചയിക്കുന്നതിന് അശ്ലീലം എന്ന  വാക്കുകൊണ്ട് വിശേഷിപ്പിക്കേണ്ടി വരും.

ബ്യൂറോക്രാറ്റുകളുടെ വിഷയത്തിൽ സെൻട്രൽ ഗവൺമെൻറിൻറെ തീരുമാനമാണ് അന്തിമമെന്ന് പറയുമെങ്കിലും, സംസ്ഥാന സർക്കാറുകൾക്ക് തൃപ്തരല്ലാത്ത ഉദ്യോഗസ്ഥരെ വലിയ പ്രാധാന്യം ഒന്നും ഇല്ലാത്ത കോർപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും  ഒതുക്കുന്ന ശൈലിയാണ് കേരളത്തിൽ സാധാരണയായി കണ്ടുവരാറുള്ളത്. 

നാളികേര വികസന ബോർഡ് പോലെ  അത്ര പ്രാധാന്യമൊന്നും ഇല്ലാത്ത ചിലയിടങ്ങളിൽ കെട്ടിയിടപ്പെട്ട ഉദ്യോഗസ്ഥ ജീവിതങ്ങളെ നമ്മൾ മുൻപും വായിച്ചിട്ടുണ്ട്. DGP റാങ്കിൽ ഉണ്ടായിരുന്ന ജേക്കബ് തോമസിന്റെ സർവീസിലെ അവസാന ദിനങ്ങൾ  കണ്ടവരാണ് മലയാളികൾ .

ഇവിടെ നരഹത്യാ കേസിൽ പ്രതിയായ ഒരാൾ,ഒരു ജില്ലയുടെ മുഴുവൻ എക്‌സികുട്ടീവ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അധികാരം കയ്യാളുന്ന വിരോധാഭാസത്തിനാണ് കേരളം സാക്ഷിയാകുന്നത്.

കള്ളു കുടിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ വാഹനം ഓടിച്ച് ജീവനെടുത്തൊരാൾ, ഒരു ജില്ലയുടെ മുഴുവൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും അമരത്ത് വരുന്നതിനേക്കാൾ വലിയ പ്രഹസനമെന്തുണ്ട്?

ഉന്നത ഉദ്യോഗസ്ഥർ മുമ്പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രവീൺ വധക്കേസിൽ ഡിവൈഎസ്പി സ്ഥാനത്തിരുന്ന ഷാജി ഉൾപ്പെടെ വ്യത്യസ്തമായ കേസുകളിൽ കേരളത്തിൽ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കണക്കുകൾ നമുക്ക് ഔദ്യോഗികമായിത്തന്നെ വിവരാവകാശനിയമപ്രകാരം ലഭിക്കും. 

പക്ഷേ ഇവിടെ കൂടുതൽ സംശയത്തിലാക്കുന്ന ചില വസ്തുതകളുണ്ടെന്നു പറയാതെ വയ്യ.

ഒന്നുകിൽ സംസ്ഥാന സർക്കാർ ശ്രീരാം വെങ്കിട്ടരാമനെ പേടിക്കുന്നു. 
ഇല്ലെങ്കിൽ അയാളുടെ കേസിൽ തങ്ങളെ വിശ്വസിച്ച ഒരു സമൂഹത്തെ മുഴുവനും ഇരട്ടത്താപ്പിലൂടെ വഞ്ചിക്കുന്നു.രണ്ടും ഗുരുതരമായ തെറ്റാണ്. 

കെ എം ബഷീർ ഒരായിരകണക്കിനു മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ മിടുക്കനായ മാധ്യമപ്രവർത്തകനാണ്.
തലസ്ഥാനത്ത് അയാളുടെ ഇടപെടലുകൾ അനുഭവിച്ച ഒരാൾക്കും മറുവാക്കു പറയാനുണ്ടാവുകയുമില്ല.

എല്ലാവരാലും സ്നേഹിക്കപ്പെട്ട ഒരു മനുഷ്യൻറെ കൊലപാതകത്തിനു നേതൃത്വം നൽകിയ ആളിനെ തുറുങ്കിലടയ്ക്കാതെ നൽകാവുന്നതിൽ വലിയൊരധികാരം നൽകി കേരളീയ സമൂഹത്തോട് പല്ലിളിച്ചു കാണിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുക തന്നെ വേണം.

ആലപ്പുഴക്കാർ ഇതിലും മികച്ചൊരാളെ അർഹിക്കുന്നുണ്ട്.


Post a Comment

0 Comments