Flash News

6/recent/ticker-posts

ഡ്രൈവിങ് നന്നായാൽ പ്രീമിയം കുറയും, ഓടിയാൽ മാത്രം ഇന്‍ഷുറന്‍സ്; അടിമുടി മാറാന്‍ വാഹന ഇന്‍ഷുറന്‍സ്

Views സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന ഇൻഷുറൻസ് രംഗം അടിമുടി മാറ്റുകയാണ് ബുധനാഴ്ചത്തെ തീരുമാനത്തിലൂടെ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.) ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഉപയോഗം, ഡ്രൈവിങ് രീതി എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ച് ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കാൻ കമ്പനികൾക്ക് അവസരം നൽകുന്നതാണ് തീരുമാനം.

രണ്ടോ അതിലധികമോ വാഹനങ്ങളുണ്ടെങ്കിൽ ഒന്നിച്ച് ഇൻഷുറൻസ് ഏർപ്പെടുത്താമെന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്യും. ഉടമയ്ക്കുണ്ടാകുന്ന നഷ്ടത്തിനുള്ള ഇൻഷുറൻസ് പരിരക്ഷയിലാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. തേഡ് പാർട്ടി ഇൻഷുറൻസിന് ഇത് ബാധകമാക്കുമോ എന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. വാഹനങ്ങൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കേ അതിനും ഈ സൗകര്യം വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.

പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

സാങ്കേതികവിദ്യ വരുന്നതോടെ ഉപയോഗം നോക്കി പ്രീമിയം നിശ്ചയിക്കുന്ന രീതി നിലവിൽവരും. വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ നിരീക്ഷണ സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുക. മികച്ച ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ ഇതു സഹായിക്കും. വാഹനം സൂക്ഷിക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങൾ പാലിക്കാനും ശ്രമമുണ്ടാകും. എല്ലാവർക്കും ഒരേ രീതിയിലുള്ള വാഹന ഇൻഷുറൻസ് എന്ന ഇപ്പോഴത്തെ രീതിക്കു പകരം കുറച്ചുപയോഗിക്കുന്നവർക്ക് കുറഞ്ഞ പ്രീമിയം എന്ന രീതി വരും.

പ്രവർത്തനം

ഡ്രൈവിങ് സംബന്ധിച്ച വിവരശേഖരണമാണ് ഇതിൽ നിർണായകം. വാഹന ഉപയോഗം മനസ്സിലാക്കുന്നതിന് ജി.പി.എസ്. ട്രാക്കിങ്ങുള്ള ആപ്പും ഡ്രൈവിങ് രീതി കണ്ടെത്താൻ പ്രത്യേക ഉപകരണവും വേണ്ടിവരും. പോളിസിക്കൊപ്പം ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനം ഉപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തിൽ സൂക്ഷിക്കും. ഇതു വിലയിരുത്തിക്കൊണ്ടാകും പോളിസി പ്രീമിയവും ക്ലെയിമുകളും മറ്റും തീരുമാനിക്കുക.

അടുത്തവർഷം വാഹനം എത്രത്തോളം ഉപയോഗിക്കുന്നു എന്ന് ഉടമ നൽകുന്ന സത്യവാങ്മൂലത്തിനനുസരിച്ചാണ് പ്രീമിയം ഈടാക്കുക. ഇതിൽ കൂടുതൽ ഉപയോഗം വന്നാൽ ആഡ് ഓൺ സൗകര്യമുണ്ടാകും. ഉപയോഗപരിധിക്കപ്പുറം ക്ലെയിം വരുന്ന സാഹചര്യത്തിൽ പരിഹാരമെന്തെന്ന് വ്യക്തത വരേണ്ടതുണ്ട്. ചില ഇൻഷുറൻസ് കമ്പനികൾ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

നേട്ടവും കോട്ടവും

വാഹന ഉടമയ്ക്ക് ഡ്രൈവിങ് രീതി മെച്ചപ്പെടുത്തി ഇൻഷുറൻസ് ചെലവ് കുറയ്ക്കാനാകും. മുംബൈ പോലെ പൊതുഗതാഗതത്തിന് കൂടുതൽ സാധ്യതകളുള്ള സ്ഥലങ്ങളിൽ ഒട്ടേറെപ്പേർക്ക് വാഹന ഇൻഷുറൻസ് ചെലവിനത്തിൽ വലിയ തുക സംരക്ഷിക്കാൻ ഇതിലൂടെ കഴിയും. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഇൻഷുറൻസ് എന്ന സംവിധാനം പ്രീമിയം കുറയ്ക്കുന്നതിനൊപ്പം ഇവ കൈകാര്യം ചെയ്യുന്നതിനുള്ള സമയനഷ്ടം ഒഴിവാക്കുന്നതാണ്. ഇൻഷുറൻസ് കമ്പനികൾക്കിടയിൽ കൂടുതൽ മത്സരക്ഷമത കൊണ്ടുവരും. ഇതോടെ ആകർഷകമായ കൂടുതൽ പോളിസികൾ ലഭ്യമാകും. കൂടുതൽ ഉപയോഗമുള്ള വാഹനങ്ങൾക്ക് കൂടുതൽ പ്രീമിയം വേണ്ടിവന്നേക്കുമെന്നതാണ് ഇതിന് തിരിച്ചടിയായി പറയുന്നത്.Post a Comment

0 Comments