Flash News

6/recent/ticker-posts

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ഇൻഷുറൻസ് അടച്ചാൽ മതി; വാഹന ഇൻഷുറൻസ് പ്രീമിയം കുറയും

Views

തിരുവനന്തപുരം : വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് ഇൻഷുറൻസ് പ്രീമിയം നിർണയിക്കുന്ന സംവിധാനം നടപ്പാക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.) അനുമതി നൽകി. വാഹന ഇൻഷുറൻസ് രംഗത്ത് സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത്.

ഇൻഷുറൻസ് രംഗത്ത് പുതിയ സാങ്കേതികവിദ്യയുടെ കടന്നുവരവ് അതിവേഗമാണെന്നും പോളിസിയുടമകളുടെ മാറുന്നആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന രീതിയിൽ ജനറൽ ഇൻഷുറൻസ് രംഗത്ത് മാറ്റങ്ങളുണ്ടാകണമെന്നും പറഞ്ഞാണ് ഐ.ആർ.ഡി.എ.ഐ. കരടുനിർദേശങ്ങൾ പുറത്തിറക്കിയത്.

ഓൺ ഡാമേജ് കവറേജിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തി മൂന്നുതരം ഇൻഷുറൻസ് പദ്ധതികൾക്കാണ് അനുമതി നൽകിയത്. വർഷം വാഹനം എത്ര കിലോമീറ്റർ സഞ്ചരിക്കുന്നു, ഡ്രൈവിങ് രീതി എന്നിവ കണക്കാക്കിയുള്ളതാണ് ഇതിൽ രണ്ടെണ്ണം. ഒരേ വാഹന ഉടമയുടെ വിവിധ വാഹനങ്ങൾക്ക് ബാധകമാകുന്ന ഫ്ളോട്ടർ പോളിസിയാണ് മൂന്നാമത്തേത്. വാഹനത്തിന്റെ ഉപയോഗമനുസരിച്ചാണ് പോളിസിയുടെ പ്രീമിയം നിർണയിക്കുന്നത്.

മുംബൈപോലെ പൊതുഗതാഗത സംവിധാനം കൂടുതലുപയോഗിക്കുന്ന സ്ഥലങ്ങളിൽ വാഹന ഉടമകളിൽ പലരും ആഴ്ചാവസാനം മാത്രമാകും സ്വന്തം വാഹനം ഉപയോഗിക്കുന്നത്. ഇത്തരക്കാർക്ക് ഏറെ നേട്ടമാകുന്നതാണ് തീരുമാനം. വാഹനങ്ങളിലെ ജി.പി.എസ്. സംവിധാനത്തിൽനിന്നുള്ള ടെലിമാറ്റിക് വിവരങ്ങൾ വിശകലനം ചെയ്താകും ഇൻഷുറൻസ് കമ്പനികൾ പദ്ധതികൾ അവതരിപ്പിക്കുന്നത്. ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കാനും ഐ.ആർ.ഡി.എ.ഐ. നിർദേശിച്ചിട്ടുണ്ട്.

നിശ്ചിത കിലോമീറ്റർ യാത്രയ്ക്ക് പോളിസിയെടുത്ത് കാലാവധി തീരും മുമ്പ് ഈ കിലോമീറ്റർ പിന്നിട്ടാൽ ആഡ് ഓൺ ഉൾപ്പെടെ സേവനങ്ങൾ നൽകാനും വ്യവസ്ഥയുണ്ട്. വാഹന ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കിൽ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് പുതിയ പോളിസികൾക്ക് അനുമതി നൽകിയിട്ടുള്ളത്.




Post a Comment

0 Comments