Flash News

6/recent/ticker-posts

ബലിപെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കാം; വിമാന നിരക്കില്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

Views അബുദാബി: വിമാന നിരക്കില്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കായുള്ള ആശ്വാസ വാര്‍ത്തയിതാ. വിമാന നിരക്കില്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് അവധിക്കാലത്തു നാട്ടിലേക്കു പോകാന്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ബലിപെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കാന്‍ സാധിക്കും. പ്രവാസികളുടെ ആവശ്യാനുസരണമാണ് സ്വകാര്യ ട്രാവല്‍ ഏജന്‍സി (അല്‍ഹിന്ദ്) കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. വണ്‍വേയ്ക്ക് 26500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്.
ഈ മാസം 7ന് യുഎഇയില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളിലേക്ക് ഒരാള്‍ക്കു വണ്‍വേ ടിക്കറ്റിനു ശരാശരി 42,000 രൂപയാണു സാധാരണ വിമാനങ്ങളില്‍ നിരക്ക്. മുംബൈ, ഡല്‍ഹി തുടങ്ങി മറ്റു സെക്ടറുകള്‍ വഴി കണക്ഷന്‍ വിമാനത്തിലാണ് ഈ നിരക്ക്. എയര്‍ അറേബ്യ, ഇന്‍ഡിഗോ എന്നീ വിമാനങ്ങളില്‍ നേരിട്ടു പോകാനായി അവശേഷിക്കുന്ന ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് 52,000 രൂപയാണു വണ്‍വേ നിരക്ക്. ഇത്തിഹാദില്‍ 89,000 രൂപയും. ഈ ദിവസം നാലംഗ കുടുംബത്തിനു നേരിട്ടുള്ള വിമാനത്തില്‍ പോകണമെങ്കില്‍ വണ്‍വേയ്ക്ക് 2 ലക്ഷത്തോളം രൂപ നല്‍കണം. കണക്ഷന്‍ വിമാനത്തിലാണെങ്കില്‍ 1,65,000 രൂപയും. ഓഗസ്റ്റ് 15നു ശേഷം തിരിച്ചു വരണമെങ്കിലും ഇതേ നിരക്കോ അതില്‍ കൂടുതലോ നല്‍കണം.

തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം 183 യാത്രക്കാരുമായി ഇന്നലെ ദുബായില്‍നിന്നു പുറപ്പെട്ടു. 7നു റാസല്‍ഖൈമയില്‍ നിന്ന് ഒരു വിമാനവും 8ന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടേക്ക് 2 വിമാനങ്ങളും ഉള്‍പ്പെടെ മൊത്തം 4 വിമാനങ്ങളിലാണു പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും ഏജന്‍സിക്കു പദ്ധതിയുണ്ട്. ഈ മാസം ഒന്നിനു മറ്റൊരു ഗ്രൂപ്പിനു കീഴില്‍ 2 ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്നു കോഴിക്കോട്ടേക്കു പോയിരുന്നു. ഈ വിമാനത്തില്‍ പോയവര്‍ക്കായി ഓഗസ്റ്റ് 15ന് കോഴിക്കോട്ടു നിന്നു ദുബായിലേക്കു തിരിച്ചുവരാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ലാത്തതിനാല്‍ ഓഗസ്റ്റ് 29ന് യുഎഇയില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പു നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്കു തിരിച്ചെത്താനും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് വേണ്ടി വരും. മറ്റൊരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ നേതൃത്വത്തിലും ഇന്ന് റാസല്‍ഖൈമയില്‍ നിന്നു കോഴിക്കോട്ടേക്കു ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നുണ്ട്.


Post a Comment

0 Comments