Flash News

6/recent/ticker-posts

മണിക്കൂറുകളോളം ഇയർഫോൺ ഉപയോഗിക്കാറുണ്ടോ? വിളിച്ചുവരുത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ…

Views


ഫോണിനൊപ്പം നമ്മുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ഇയർഫോണും. പാട്ടു കേൾക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന ഉപകരണത്തിൽ നിന്ന് മാറി ഇയർഫോൺ ഇല്ലാതെ പറ്റാത്ത ഒരു അവസ്ഥയാണ് പലർക്കും ഇപ്പോൾ. ഇയർഫോണിൽ തന്നെ ഇറങ്ങുന്ന വ്യത്യസ്തത തന്നെ അതിനുള്ള ഉദാഹരണമാണ്. എന്തെല്ലാം വെറൈറ്റി ഇയർഫോണുകളാണ് വിപണികളിൽ ഉള്ളത്. ഇയർഫോൺ ഉപയോഗം വർധിക്കാൻ ഒരു പരിധി വരെ കൊവിഡ് കാലവും കാരണമായിട്ടുണ്ട്. ഓൺലൈൻ ക്ലാസും വർക്ക് ഫ്രം ഹോമും വന്നതോടെ ഇയർഫോൺ നിത്യജീവിതത്തിൽ പ്രധാനമായി മാറിക്കഴിഞ്ഞു. തുടർച്ചയായി എട്ടും പത്തും മണിക്കൂറുകളാണ് ഇയർഫോൺ ഉപയോഗിക്കുന്നത്.

മണിക്കൂറുകൾ നീണ്ട ഇയർഫോൺ ഉപയോഗം ചെവിക്ക് സമ്മർദം നൽകും. ഇത് ചെവിയ്ക്ക് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. എന്തൊക്കെയാണ് പ്രശ്നങ്ങളെന്ന് പരിശോധിക്കാം… തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ചെവിക്കുള്ളില്‍ ഇരിക്കുമ്പോൾ ഇത് ഇയര്‍ കനാലിനുള്ളിൽ ചൂടും ഈര്‍പ്പവും വര്‍ധിക്കാൻ കാരണമാകും. ഇത് ചെവിക്കുള്ളിൽ ബാക്ടീരിയ വളരാൻ കാരണമാകുകയും തുടർന്ന് അണുബാധകൾ ഉണ്ടാകുകയും ചെയ്യും. മാത്രവുമല്ല ചെവിക്കുള്ളിൽ പറ്റി പിടിച്ചിരിക്കുന്ന അണുക്കളും പൊടിയും ചെവിയ്ക്കകത്ത് എത്താനുള്ള സാധ്യതയും കൂടുതലാണ്.

കേള്‍വിക്കുറവ് പോലുള്ള പ്രശ്നങ്ങളിലേക്കും ചെവിയില്‍ എപ്പോഴും മുഴക്കമുണ്ടാക്കുന്ന ടിന്നിറ്റസിനും ഇയര്‍ഫോണിന്റെ അമിത ഉപയോഗം വഴിവെക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇയർഫോൺ ഉപയോഗത്തിന് നമുക്ക് കുറച്ച് മുൻകരുതലുകൾ സ്വീകരിക്കാം. ഇയര്‍ ഫോണുകള്‍ ഒരു ദിവസം പരമാവധി ഒരു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കാം. ആവശ്യം കഴിഞ്ഞാൽ അപ്പോൾ തന്നെ ഇയർഫോൺ എടുത്ത് മാറ്റാം. ഇയര്‍ ഫോണ്‍ ഇല്ലാത്ത കുറച്ച് സമയം ചെവിക്ക് നല്‍കുന്നത് ചെവിയിലെ മെഴുകിന് അണുക്കളെ നശിപ്പിക്കാനുള്ള അവസരം നല്‍കും. ഇയർ ഫോണിന്റെ അമിത ഉപയോഗം മൂലം ചെവിയില്‍ ഈര്‍പ്പം കൂടാതിരിക്കാനും ഇത് പ്രധാനമാണ്.

ചെവിക്ക് എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. ചെവിയ്ക്ക് കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ സോഫ്ട് ബാന്‍ഡ് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുക. ഇയർഫോൺ ഇടക്ക് സ്പിരിറ്റ് ഉപയോഗിച്ച് വൃത്തിയാക്കാം. ബാഗിലോ പഴ്സിലോ സൂക്ഷിക്കുന്നതിന് പകരം ഇയര്‍ഫോണുകള്‍ ഒരു പായ്ക്കറ്റിലോ മറ്റോ അടച്ച് സൂക്ഷിക്കുന്നതുപോലുള്ള മുന്കരുതലുകളും സ്വീകരിക്കാം…



Post a Comment

0 Comments