Flash News

6/recent/ticker-posts

അഴിമതിക്കാരന്‍, ഗുണ്ട, നാടകം ഇത്തരം വാക്കുകള്‍ ഇനി പാര്‍ലിമെന്റില്‍ ഉപയോഗിക്കരുത്

Views

വാക്കുകള്‍ വിലക്കുന്നതിലൂടെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് തടയിടാനാണ് ശ്രമമെന്ന് പ്രതിപക്ഷം

ഭരണകൂട വിമര്‍ശനത്തിന് സ്ഥിരമായി ഉപയോഗിച്ചുവരുന്നതടക്കമുള്ള ചില വാക്കുകള്‍ ഇനി മുതല്‍ പാര്‍ലിമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്ക്‌. അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, അരാജകവാദി, കുരങ്ങന്‍, കൊവിഡ് വാഹകന്‍, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ചതി, അഹങ്കാരം, നാട്യം, ഗുണ്ടായിസം, നാടകം തുടങ്ങിയ 65 വാക്കുകളാണ് അണ്‍പാര്‍ലിമെന്ററിയായി പ്രഖ്യാപിച്ചത്. വലിക്കിയ വാക്കുകള്‍ അടങ്ങിയ പട്ടിക ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി. പാര്‍ലിമെന്റിന്റെ ഇരു സഭകള്‍ക്കും പുതിയ വിലക്കുകള്‍ ബാധകമാണ്.

തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കം ചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കുക.

എന്നാല്‍ വാക്കുകള്‍ വിലക്കുന്നതിലൂടെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് തടയിടാനാണ് ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം വാക്കുകള്‍ ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നും പ്രതിപക്ഷം പറയുന്നു. വിലക്കിയ വാക്കുകള്‍ പാര്‍ലിമെന്റില്‍ പറയുമെന്ന് തൃണമൂല്‍ എം പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. ‘ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്‌പെന്‍ഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്’- ഒബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ പുതിയ കൈപുസ്തകം അംഗീകരിക്കില്ലെന്നും സഭക്കുള്ളില്‍ പ്രതിഷേധിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രതികരിച്ചു




Post a Comment

0 Comments