Flash News

6/recent/ticker-posts

എഴുത്ത് ലോട്ടറി മാഫിയ കുതിച്ചുയരുന്നു ;ആരെ പേടിച്ചാണ് പൊലീസ് മേധാവികൾ കണ്ണടക്കുന്നത്..?!

Views
മലപ്പുറം: മലബാറിൽ തഴച്ചുവളരുന്നു എഴുത്ത് ലോട്ടറി മഫിയ. മലപ്പുറം വേങ്ങര തിരൂരങ്ങാടി മേഖലയിൽ അനധികൃത ലോട്ടറിയുടെ മറവിൽ സ്വകാര്യ വ്യക്തി കൊയ്യുന്നത് കോടികൾ. കേരള ഭാഗ്യക്കുറിയുടെ വയറ്റത്തടിച്ചാണ് മലപ്പുറം ജില്ലയിൽ നഗര ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരച്ച് എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നത്. വാട്സപ്പിൽ നിന്നും മുന്നേറി മൊബൈൽ ആപ്ലിക്കേഷനുൾപ്പെടെ രൂപപ്പെടുത്തിയാണ് കേരള ഭാഗ്യക്കിറുക്ക് സാമാന്തരമായി എഴുത്ത് ലോട്ടറി മാഫിയയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലുമാണ് എഴുത്ത് ലോട്ടറി വിൽപ്പന തകർക്കുന്നത്. പൊലീസ് നടപടികൾക്കിടയിലും അനധികൃത ലോട്ടറി ഇടപാട് സജീവമാണ്.
വിവിധ ദിവസങ്ങളിൽ നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിൻ്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി.നമ്പറുകൾ ഒത്തു വന്നാൽ 5000 രൂപ മുതൽ 12000 രൂപ വരെ ലഭിക്കും.
ഇത്തരത്തിൽ ലക്ഷങ്ങൾ വരെ സമ്മാനം നേടുന്നവരുണ്ട്.
വിൽപ്പനയിലൂടെ ഇടനിലക്കാർ തൊട്ട് മുഖ്യ നടത്തിപ്പുകാരനുൾപ്പെടെ ദിനംപ്രതി 10000 രൂപ മുതൽ ലക്ഷങ്ങൾ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഒറ്റത്തവണ നമ്പർ എഴുതുന്നതിന് 10 രൂപയാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കുന്നത്. ഇത്തരത്തിൽ വൻ തുക മുടക്കി നമ്പർ എഴുതുന്നവരുമേറെ.ദിവസേന 10 നമ്പറുകളിലധികം എഴുതുന്നവരാണ് ഭൂരിപക്ഷവും. മുൻകൂർ സാധ്യതാ നമ്പർ കടലാസിൽ എഴുതി നൽകും.ഇത്തരത്തിൽ ആയിരക്കണക്കിന് എഴുത്ത് ലോട്ടറി ഇടപാടാണ് ദിനംപ്രതി നടക്കുന്നത്.മലപ്പുറം തിരൂരങ്ങാടി കേന്ദ്രീകരിച്ച്  ഒരാളിലൂടെ വൻ ശ്യം ഖല തന്നെ രംഗത്തുണ്ട്.ഇയാളി ലൂടെയാണ് എഴുത്ത് ലോട്ടറി സജീവമാകുന്നത്.15 വർഷമായി ഇയാൾ ഈ മേഖലയിലുണ്ടെന്നാണ് രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അനധികൃത ലോട്ടറി ഇടപാടിലൂടെ ഇയാൾ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഉന്നതങ്ങളിലെ പിടി പാടാണ് എഴുത്ത് ലോട്ടറിയിലൂടെ തഴച്ച് വളരുന്നതിന് വഴിയൊരുക്കുന്നത്.
പൊലീസ് ഇടക്കിടെ നടത്തുന്ന എഴുത്ത് ലോട്ടറി വേട്ടയിലൊന്നും ഇയാൾ കുടുങ്ങാറില്ലെന്നും പറയുന്നു.
125ലധികം പേർ മലപ്പുറം ജില്ലയിലെ വിവിധ മേഖലയിൽ ഇടനിലക്കാരായുണ്ട്. വേങ്ങര ബസ്സ്റ്റാൻ്റ് ഓട്ടോ സ്റ്റ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വേങ്ങര മാർക്കറ്റ്റോട്, അരീക്കുളം, സിനിമാൾ ജൻഷൻ, പിക്കപ്പ് സ്റ്റാൻ്റ്, ചേറൂർ, തീണ്ടിയക്കാട്, അച്ചനമ്പലം, കുന്നുംപുറം, തിരൂരങ്ങാടി, വെന്നിയൂർ, കൂരിയാട്, കൊളപ്പുറം, കൊണ്ടോട്ടി, കോട്ടക്കൽ, താനൂർ, പരപ്പനങ്ങാടി,തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ മേഖലകളിലുമായാണ് ഇവരുടെ രഹസ്യ ഇടപാട്.ഇവ കൂടാതെ വിവിധ കണ്ണികളായി തിരൂരങ്ങാടി, ചേളാരി, തേഞ്ഞിപ്പലം, രാമനാട്ടുകര, കടപ്പടി, വള്ളികുന്ന്, കടലുണ്ടി, കുന്നുംപുറം മേഖലകൾ കേന്ദ്രീകരിച്ചും എഴുത്ത് ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ട്. 
വേങ്ങര ഉൾപ്പെടുന്ന മേഖലയിൽ പ്ലസ്ടു, ഡിഗ്രി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും എഴുത്ത് ലോട്ടറിയുടെ ഇരകളാണ്.
രക്ഷിതാക്കൾ അറിയാതെയാണ് വിദ്യാർത്ഥികൾ ലോട്ടറി ചൂതാട്ടത്തിലേർപ്പെടുന്നത്.വിദ്യാലയങ്ങളിലേക്കും മറ്റുമെന്നും പറഞ്ഞാണ് വിദ്യാർത്ഥികൾ പലരും രക്ഷിതാക്കളിൽ നിന്ന് പണം വാങ്ങുന്നത്.
ദൈനംദിന ചെലുവകൾക്കെന്ന പേരിൽ വാങ്ങുന്ന തുക പോലും എഴുത്ത് ലോട്ടറിക്ക് വേണ്ടി ചെല വഴിക്കുന്ന വിദ്യാർത്ഥികളുണ്ട്.
കേരള ഭാഗ്യക്കുറി ഏജൻ്റുമാരിൽ പലരും എഴുത്ത് ലോട്ടറി മാഫിയയുടെ കണ്ണികളാണ്.
കേരള ഭാഗ്യക്കുറിയേക്കാൾ വേഗത്തിൽ സമ്മാനങ്ങൾ ലഭിക്കുന്നതും തുച്ഛമായ  തുകയുമായതിനാലാണ് വിദ്യാർത്ഥികളെയുൾപ്പെടെ എഴുത്ത് ലോട്ടറിയിലേക്ക് ആകർഷിക്കുന്നത്. സർക്കാർ തലത്തിൽ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ആയിരത്തോളം ഏജൻസികൾക്കും കച്ചവടക്കാർക്കും സർക്കാർ ഖജനാവിനും വൻ നഷ്ടമാണ് ഉണ്ടാവുകയെന്ന പരാതി ഏജൻ്റുമാർക്കിടയിലുണ്ട്. എഴുത്ത് ലോട്ടറി നടക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി ശക്തമാക്കിണ്ടുണ്ടെങ്കിലും വേങ്ങര പൊലീസും തിരൂരങ്ങാടി പൊലീസും  കാര്യമായി പരിശോധന നടത്തുന്നില്ല എന്ന് നാട്ടുക്കാർ പറയുന്നു.


Post a Comment

0 Comments