Flash News

6/recent/ticker-posts

‘‘ജിഎസ്ടി നിരക്ക് വർദ്ധന: അടുത്ത ആഴ്ച മുതൽ വില കൂടുന്ന സാധനങ്ങൾ ഇവയാണ്

Views
ചരക്ക് സേവന നികുതി ഉയരുന്നതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില ഉയരും. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉൽപന്നങ്ങൾക്കുള്ള നികുതി ഇളവ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ഇന്നലെ അറിയിച്ചിരുന്നു. 

ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് വീട്ടുപകരണങ്ങൾ, ഹോട്ടലുകൾ, ബാങ്ക് സേവനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി നിരവധി സാധങ്ങൾക്ക് ചരക്ക് സേവന നികുതി (GST) ഉയർത്തിയത്. 

മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില ഉയരും. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക്  ജൂലൈ 18 മുതൽ 5 ശതമാനം നിരക്കിൽ ജിഎസ്ടി ഏർപ്പെടുത്തും. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ തിങ്കളാഴ്ച മുതൽ 18 ശതമാനം ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏർപ്പെടുത്തും.

പ്രിന്റിംഗ്/റൈറ്റിംഗ് അല്ലെങ്കിൽ ഡ്രോയിംഗ് മഷി, എൽഇഡി ലാമ്പുകൾ, ലൈറ്റുകൾ, മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയിട്ടുണ്ട്. സോളാർ വാട്ടർ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി.

തുകൽ ഉൽപ്പന്നങ്ങളുടെയും പാദരക്ഷകളുടെയും   ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിച്ചു. കൂടാതെ റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മാലിന്യ സംസ്കരണ പ്ലാന്റ്, ശ്മശാനം എന്നിവയുടെ കരാർ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ  ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. മുറിച്ച് മിനുക്കിയ വജ്രങ്ങളുടെ നിരക്ക് 0.25 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായും വർധിപ്പിച്ചു.

കട്ടിംഗ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകൾ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ, ലാഡലുകൾ, സ്കിമ്മറുകൾ, കേക്ക്-സെർവറുകൾ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി ഉയർത്തി. സൈക്കിൾ പമ്പുകൾ, സെൻട്രിഫ്യൂഗൽ പമ്പുകൾ, കുഴൽ കിണർ ടർബൈൻ പമ്പുകൾ, പവർ ഡ്രൈവ് പമ്പുകൾ എന്നിവയുടെ നികുതി 18 ശതമാനമാക്കി. 

ഭൂപടങ്ങളുടെയും അറ്റ്‌ലസുകൾ, മാപ്പുകൾ, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ, ഗ്ലോബുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി.  പാൽ കറക്കുന്ന യന്ത്രങ്ങൾക്ക് 18 ശതമാനമായിരിക്കും ജിഎസ്ടി. 



Post a Comment

0 Comments