Views
വാഷിങ്ടണ്‍: ഇന്ത്യയിലുടനീളം വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കിനെ അവഗണിച്ചുകൊണ്ട് തയ്യാറാക്കിയ ഉടമസ്ഥ കമ്പനിയായ മെറ്റയുടെ മനുഷ്യാവകാശ റിപോര്‍ട്ടിനെ തള്ളി വിസില്‍ബ്ലോവര്‍മാരായി മാറിയ ഫേസ്ബുക്ക് ജീവനക്കാരായ ഫ്രാന്‍സെസ് ഹൗഗന്‍, സോഫി ഷാങ് എന്നിവര്‍ രംഗത്ത്. ഈ മാസം ആദ്യമാണ് മെറ്റയുടെ ആദ്യത്തെ ആഗോള മനുഷ്യാവകാശ ആഘാത വിലയിരുത്തല്‍ (എച്ച്ആര്ഐഎ) റിപോര്‍ട്ട് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് പരിഹരിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടെന്നും പ്രത്യേകിച്ച് ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ വിദ്വേഷത്തെ ചെറുക്കുന്നതിന് പകരം ലാഭത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും ഇരുവരും ഒരു കോണ്‍ഗ്രസില്‍ സംസാരിക്കവെ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതിനെതിരായ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതിനും നടപടിയെടുത്തുവെന്ന മെറ്റയുടെ അവകാശവാദം ഫ്രാന്‍സെസ് ഹൗഗന്‍, സോഫി ഷാങ് തള്ളിക്കളഞ്ഞു. ഫേസ്ബുക്കിലെ മുന്‍ ഡാറ്റാ സയന്റിസ്റ്റാണ് ഹൗഗന്‍.
ഫേസ്ബുക്കിലെ പോസ്റ്റുകള്‍ സംബന്ധിച്ച് പരാതി അറിയിക്കുന്നതിന് മേല്‍നോട്ട ബോര്‍ഡ് തങ്ങള്‍ക്കുണ്ടെന്നാണ് ഫേസ്ബുക്ക് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. അതനുസരിച്ച് പോസ്റ്റുകള്‍ നീക്കംചെയ്യുന്നത് സുതാര്യമായാണെന്നും റിപോര്‍ട്ട് പറയുന്നു. എന്നാല്‍, ഏത് ഭാഷകളില്‍ ഏത് ഉള്ളടക്ക മോഡറേഷന് സിസ്റ്റങ്ങള്‍ നിലവിലുണ്ട്, ആ സിസ്റ്റങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള അടിസ്ഥാന ഡാറ്റ പോലും അവര്‍ തങ്ങള്‍ക്ക് നല്‍കില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് വെര്‍ച്വല്‍ ബ്രീഫിങ്ങില്‍ ഹൗഗന്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്ക മോഡറേഷന് സിസ്റ്റങ്ങളില്‍ ഫേസ്ബുക്ക് 'കുറച്ച് നിക്ഷേപം' നടത്തുകയും അവര്‍ക്കായി 'ഏറ്റവും കുറഞ്ഞ തുക വിനിയോഗിക്കുകയും ചെയ്യുന്നു. ആക്ടിവിസ്റ്റുകളുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനാല്‍ ഈ സിസ്റ്റങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സാംപിളുകള്‍ കാണാന്‍ പോലും അവര്‍ തങ്ങളെ അനുവദിക്കാറില്ല. ഫേസ്ബുക്കിന്റെ ഏറ്റവും സുരക്ഷിതമായ പതിപ്പ് കാണാന്‍ കഴിഞ്ഞത് അമേരിക്കയിലാണെന്ന് ഹൗഗന്‍ പറഞ്ഞു.
0 Comments