Flash News

6/recent/ticker-posts

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

Views
കോട്ടയം: ജയിൽ ചാടി കൊലക്കേസ് പ്രതി പിടിയിൽ. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്ന് വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു.
ജയിൽ ചാടി 18 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ട ബിനു മോൻ കോട്ടയം മീനടത്തെ വീടിനു സമീപത്ത് ഇന്ന് വൈകീട്ട് എത്തിയിരുന്നു. ഇവിടെ വെച്ച് നാട്ടുകാരിൽ ചിലർ ബിനുവിനെ തിരിച്ചറിഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. താൻ വീണ്ടും പിടിയിലാകുമെന്ന് മനസിലാക്കിയ ബിനുമോൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
നാട്ടുകാരും പൊലീസും ചേർന്ന് ബിനുവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ബിനുവിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ ജനുവരിയിൽ ആണ് ഷാൻ എന്ന യുവാവിനെ കുപ്രസിദ്ധ ഗുണ്ട ജോസ് മോൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിന്നീട് ഷാനിന്റെ മൃതദേഹം പോലീസ് സ്റ്റേഷനിൽ ഉപേക്ഷിക്കുകയും ചെയ്തു. ജോസിന്റെ സുഹൃത്തായിരുന്നു ബിനുമോൻ. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ബിനുമോനും കേസിൽ പ്രതിയായത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കോട്ടയം ജില്ലാ ജയിലിൽ നിന്നും ബിനുമോൻ പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. ജയിൽ അടുക്കളയിൽ നിന്നും പലക വെച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോട് തൊട്ടടുത്തായിരുന്നു ജയിലിലെ അടുക്കള. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പൊലീസിൻ്റെ അനുമാനം.
രാവില സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്. ജയിൽ പരിസരത്ത് തന്നെയാണ് ക്രൈംബ്രാഞ്ച് ഓഫീസും എസ് പി ഓഫീസും വിജിലൻസ് ഓഫീസും സ്ഥിതി ചെയ്യുന്നത്. എങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇയാൾ മുങ്ങുകയായിരുന്നു. അഞ്ചരയോടെ സ്ഥലത്ത് എത്തിയ കോട്ടയം ഈസ്റ്റ് പൊലീസ് പ്രദേശത്ത് ആകെ തെരച്ചിൽ വ്യാപിപ്പിച്ചു. ജയിലിൽ നിന്നും രക്ഷപ്പെട്ട് കെകെ റോഡിൽ എത്തിയ ഇയാൾ ഏതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വിട്ടതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. രാത്രി വൈകി വീട്ടിലെത്തിയതോടെയാണ് ഇയാൾ പിടിയിലായത്.




Post a Comment

0 Comments