Flash News

6/recent/ticker-posts

മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചയാള്‍ അതുപയോഗിക്കുന്നത് ദിവസം അഞ്ചുമിനിറ്റ് മാത്രം!

Views
മൊബൈല്‍ ഫോണുകളുടെ കാലമാണ് ഇപ്പോള്‍. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് മൊബൈല്‍ ഉപയോഗിക്കുന്നു. ചുറ്റുപാടുമുള്ള ജീവിതം കാണാതെ മൊബൈലിനുള്ളിലെ പ്രതീതിലോകത്തില്‍ ജീവിക്കുന്നവരാണ് ഒട്ടുമിക്കപേരും. എന്നാല്‍ മൊബൈല്‍ കണ്ടുപിടിച്ചയാള്‍ അതിന്റെ വിരോധിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 
അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് മൊബൈല്‍ ഫോണിന്റെ  പിതാവ് എന്നറിയപ്പെടുന്നത്. മോട്ടറോള കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 1973-ലാണ് വയര്‍ലെസ് സെല്ലുലാര്‍ ഉപകരണം കണ്ടുപിടിച്ചത്. മോട്ടറോള സി ഇ ഒ ആയിരുന്ന ജോണ്‍ ഫ്രാന്‍സിസ് മിഷേലിന്റെ നേതൃത്വത്തിലാണ് ഇതിനായി ശ്രമങ്ങള്‍ നടന്നത്. ആദ്യ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത്  മാര്‍ട്ടിന്‍ കൂപ്പറും ജോണ്‍ ഫ്രാന്‍സിസ് മിഷേലുമായിരുന്നു. 
ഇപ്പോള്‍ 93 വയസ്സായ അദ്ദേഹത്തിന് മറ്റുള്ളവരോട് പറയാനുള്ളത് ഒറ്റ കാര്യമാണ്. കുറച്ച് സമയം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. മൊബൈലില്‍ കുത്തിയിരുന്ന് സമയം കളയാതിരിക്കുക. അടുത്തിടെ ബിബിസിയുടെ ബിബിസി ബ്രേക്ക്ഫാസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ഡയലോഡ്. 'മൊബൈലും പിടിച്ചിരുന്ന് സമയം കളയാതെ, പോയി ഒരു ജീവിതം ഉണ്ടാക്കാന്‍ നോക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോള്‍ കിളി പോയത് കേട്ട് നിന്നവര്‍ക്കായിരുന്നു.
അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ് അദ്ദേഹം. തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ മൊബൈലിന് വേണ്ടി ചിലവഴിക്കുന്നുള്ളു എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ദിവസവും മണിക്കൂറുകളോളം തങ്ങളുടെ ഫോണുകളില്‍ ചിലവഴിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനാണ്, ''ആ ഫോണ്‍ താഴെവെച്ച് അല്‍പ്പം നേരമെങ്കിലും ജീവിക്കൂ'' എന്ന് അദ്ദേഹം മറുപടി പറഞ്ഞത്. 
ഒരുപക്ഷേ മൊബൈല്‍ കണ്ടെത്തിയപ്പോള്‍ അദ്ദേഹം ഒരിക്കല്‍ പോലും ചിന്തിച്ച് കാണില്ല, ആളുകളില്‍ അതുണ്ടാക്കിയേക്കാവുന്ന സ്വാധീനം. ഭാവിയില്‍ ഇത് ആളുകളുടെ ചിന്തകളെ, സ്വപ്നങ്ങളെ, ജീവിതത്തെ തന്നെ ആകമാനം വിഴുങ്ങുമെന്ന് അദ്ദേഹം ഓര്‍ത്തിരിക്കില്ല. എന്നാല്‍ ഇപ്പോള്‍, ഏകദേശം 50 വര്‍ഷത്തിന് ശേഷം, അദ്ദേഹം തന്നെ അതിന്റെ ഉപയോഗം കുറക്കാന്‍ ആളുകളോട് ഉപദേശിക്കുന്നു.  
ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അദ്ദേഹം 1954-ലാണ് മോട്ടറോളയില്‍ ജോലിയ്ക്ക് കയറുന്നത്. അവിടെ നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹവും പങ്കചേര്‍ന്നു. പിന്നെ അദ്ദേഹം കമ്പനിയുടെ ജനറല്‍ മാനേജറായി. പിന്നെയും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കൈയില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള ഒരു ഫോണ്‍ നിര്‍മിച്ചത്. അതിന് മുന്‍പ് കാര്‍ ഫോണുകള്‍ ഉണ്ടായിരുന്നു. വാഹനങ്ങളുടെ ബാറ്ററികളില്‍ പ്ലഗ് ചെയ്ത് റേഡിയോ തരംഗങ്ങള്‍ വഴി സംസാരിക്കാന്‍ സാധിക്കുന്ന ഫോണുകള്‍. പക്ഷെ അതൊന്നും കൂടുതല്‍ ദൂരം പോകാന്‍ പ്രാപ്തമായിരുന്നില്ല. ഈ വയറുകളില്‍ കുത്തി സംസാരിക്കുന്ന രീതി വിട്ട്, പോക്കറ്റില്‍ കൊണ്ട് നടക്കാവുന്ന ഒരു വയര്‍ലെസ് ഫോണായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. മോട്ടറോള ജീവനക്കാര്‍ക്കൊപ്പം മൂന്ന് മാസം ചെലവഴിച്ചാണ് അദ്ദേഹം ഫോണ്‍ നിര്‍മ്മിച്ചത്. 
ഉല്‍പ്പന്നത്തിനായി ഏകദേശം 100 മില്യണ്‍ ഡോളര്‍ കമ്പനി മുടക്കിയെന്നാണ് റിപ്പോര്‍ട്ട്. മോട്ടറോള ഡൈനാടാക് 8000X എന്നാണ് ആദ്യത്തെ ആ വയര്‍ലെസ് ഉപകരണത്തിന്റെ പേര്. 1973 ഏപ്രില്‍ 3-ന്, ന്യൂ യോര്‍ക്കില്‍ പത്രപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചാണ് അദ്ദേഹം ആദ്യമായി തന്റെ സെല്‍ ഫോണില്‍ നിന്ന് കാള്‍ ചെയ്യുന്നത്. അദ്ദേഹം ആദ്യമായി കോള്‍ ചെയ്തത് തന്റെ ബിസിനസ് എതിരാളിയായ ബെല്‍ ലാബ്സ് ഫോണ്‍ കമ്പനി തലവന്‍ ഡോ ജോയേല്‍ ഏംഗലിനാണ്. 
ആദ്യ ഫോണിന് 1.1 കിലോ ഭാരവും 10 ഇഞ്ച് നീളവുമുണ്ടായിരുന്നു. ബാറ്ററി ചാര്‍ജ് 25 മിനിറ്റ് മാത്രമേ നീണ്ടുനിന്നിരുന്നുള്ളൂ. മാത്രവുമല്ല ഫോണ്‍ ചാര്‍ജാവാന്‍ 10 മണിക്കൂര്‍ എടുത്തിരുന്നു.  Post a Comment

0 Comments