കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്നിലാണ് മകന് അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന് വിഷ്ണു കൊലപ്പെടുത്തിയത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു.
വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്നങ്ങൾ ഉള്ളതായി അറിവില്ല. ബഹളമോ ഉച്ചത്തിൽ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നും ഇവർ പറയുന്നു. പിന്നെ പെട്ടെന്നുള്ള പ്രകോപനം എന്താണെന്നാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്. ഒരു മാസം മുമ്പാണ് ശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിന്റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല. കേസിൽ ഇൻക്വസ്റ്റും ഫോറൻസിക് സംഘത്തിന്റെ പരിശോധനയും ഇന്ന് നടക്കും. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.
കോടാലി കൊള്ളിക്കുന്നിൽ കൊലപാതകം നടന്ന വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ശോഭനയെ മകൻ വിഷ്ണു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചിട്ടുണ്ട്.
0 Comments