Flash News

6/recent/ticker-posts

കുത്തൊഴുക്കിൽ യുവാക്കളുടെ ‘നരൻ മോഡൽ’ സാഹസിക തടിപിടിത്തം; വിഡിയോ വൈറൽ

Views


സീതത്തോട് ∙ കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ തടിപിടിത്തവുമായി യുവാക്കൾ സജീവം. കുത്തൊഴുക്കിൽ കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവർ നീന്തിപ്പോകുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും തടി ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർ ഉൾപ്പെട്ട മൂന്നംഗ സംഘത്തിന്റെ സാഹസിക തടിപിടുത്തം.

ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളിൽ ഇരുന്നായിരുന്നു യാത്ര. തടി കരയിലേക്കു അടുപ്പിക്കാൻ കഴിയാതായതോടെ മൂവരും ആറ്റിൽ ചാടി കരയിലേക്കു നീന്തുകയായിരുന്നു.

ഇവരുടെ സുഹൃത്ത് അർജുനാണ് വിഡിയോ മൊബൈൽ ഫോണിൽ പകർത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വിഡിയോ ഹിറ്റായി. എഡിറ്റ് ചെയ്ത സമയത്ത് ‘നരൻ’ സിനിമയിലെ പാട്ടും ഉൾപ്പെടുത്തിയിരുന്നു. ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. വിവിധ ഗ്രൂപ്പുകളിൽ തടിപിടുത്തം വൈറലായതോടെ മൂവരെയും തേടി അഭിനന്ദന പ്രവാഹമെത്തി.

കാലവർഷം ആരംഭിച്ചാൽ ആറ്റിലൂടെ ഒഴുകിയെത്തുന്ന തടികൾ പിടിക്കുന്നത് ഈ പ്രദേശത്തെ യുവാക്കളുടെ പ്രധാന വിനോദമാണ്. മിക്കവർക്കും നീന്തൽ നല്ല വശമാണ്. സമീപപ്രദേശങ്ങളിൽ നിന്നുപോലും ഇതിനായി യുവാക്കൾ എത്താറുണ്ട്.



Post a Comment

0 Comments