Flash News

6/recent/ticker-posts

നാല് ദിവസം അതിതീവ്രമഴ പെയ്താല്‍ പ്രതിസന്ധി; മുഖ്യമന്ത്രി

Views തിരുവനന്തപുരം: മുൻ വർഷങ്ങളിലെ മഴക്കെടുതി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. മഴ വലിയതോതിൽ ശക്തമാകുകയാണെന്നും അടുത്ത നാല് ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര മഴ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കും. നാളെ കഴിഞ്ഞ് അത് വടക്കൻ കേരളത്തിൽകൂടി വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലീ മീറ്ററിൽ അധികം മഴ പ്രതീക്ഷിക്കുന്നു. തുടർച്ചയായി നാല് ദിവസം ഇത്തരത്തിൽ മഴ ലഭിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻഡിആർഎഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും. ജലസേനചന വകുപ്പിന്റെ 17 അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തുവിടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

0 Comments