Flash News

6/recent/ticker-posts

അറിവിന്റെ അനർഘ മുത്തായി രായിൻ കുട്ടി ഹാജി; കയ്യക്ഷരങ്ങൾക്ക് മുമ്പിൽ യന്ത്രങ്ങളെ പോലും തോൽപിച്ച അതുല്യ വ്യക്തിത്വം

Views
   നവയുഗം അറിയാതെ പോകരുത് ഈ മഹാ മനീഷിയെ...!
മത വിദ്യാഭ്യാസത്തിൽ  അഗ്രഗണ്യൻ... ഭൗതിക വിദ്യാഭ്യാസത്തിൽ അമൂല്യ ജോതിഷ്... വിദ്യാഭ്യാസ നിഷേധികൾക്ക് പരിചയേന്തിയ പടനായകൻ... സമൂഹത്തിൽ നിസ്വാർത്ഥ അധ്യാപന സേവകൻ... കരവിരുതിൽ അതുല്യ പ്രതിഭ... യാത്രകളിൽ തേൻകണം തേടും ശലഭം... കുടുംബത്തിന് ഉത്തമ നായകൻ... കൊച്ചുമക്കൾക്ക് വാത്സല്യ നിധിയായ വല്യുപ്പ...
ഈ നൂറ്റാണ്ടിൽ കഴിയുന്ന ഇങ്ങനെയൊരു വ്യക്തിത്വത്തിലേക്കാണ് പോപ്പുലർ ന്യൂസിന്റെ മാന്യ വായനക്കാരെ ക്ഷണിക്കുന്നത്.

പരേതനായ അഴുവളപ്പിൽ മൂസയുടെയും മറിയക്കുട്ടിയുടെയും മകനായ ഹാഫിള് - ഖാരിഅ് രായിൻകുട്ടി ഹാജിയെ അറിയാത്ത തജ് വീദ് പണ്ഡിതൻമാർ കുറവായിരിക്കും. മതവിദ്യാഭ്യാസത്തിന് പള്ളിദർസുകളെ മാത്രം ആശ്രയിച്ചിരുന്ന കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ മത വിദ്യാഭ്യാസം നേടാനായി മദ്‌റസ രൂപീകരണത്തെ എതിർക്കപ്പെട്ട നാളുകളിൽ (1931-32 കാലഘട്ടത്തിൽ) മദ്റസയിൽ പോയിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ( ഇവിടെ മദ്‌റസ രൂപീകരണത്തെ എതിർക്കപ്പെട്ട നാളുകൾ എന്ന് ഉദ്ദരിക്കാൻ കാരണം, പള്ളിദർസുകളെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രമായാണ് മദ്റസ രൂപീകരിക്കുന്നതെന്ന ചിന്താഗതിയായിരുന്നു ജനങ്ങൾക്കിടയിൽ. നിരവധി പേർ എതിർപ്പുമായെത്തിയെങ്കിലും മദ്റസ രൂപീകരിച്ചു. ജനങ്ങളുടെ തെറ്റിദ്ധാരണകൾ നീങ്ങി. ചെറിയ കുട്ടികൾ മദ്‌റസയിലും മറ്റുള്ളവർ പള്ളിദർസുകളിലുമായി ഇന്ന് മത വിദ്യാഭ്യാസം കുതിച്ചുയർന്നു.)
ജനങ്ങൾ ഇദ്ദേഹത്തിന്റെ പിതാവായ അഴുവളപ്പിൽ മൂസയുടെ സമീപത്തെത്തി മകൻ രായിൻ കുട്ടിയെ മദ്റസയിലേക്ക് അയക്കരുതെന്ന് എതിർപ്പ് പ്രകടിപ്പിച്ചതായും അതൊന്നും വകവെക്കാതെ മകന്റെ ഇഷ്ടത്തിന് മദ്റസയിൽ തന്നെ പഠിക്കാനായി അയച്ചു. മദ്റസ അഞ്ചാം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിനാൽ പാറക്കടവ് തങ്ങൾ ഇദ്ദേഹത്തിന്  ഒരു ഖുർആൻ സമ്മാനിച്ചു. അത് ഇന്നും വളരെ ഭംഗിയായി രായിൻ കുട്ടി ഹാജി സൂക്ഷിക്കുന്നുണ്ട്. ( അതിന്റെ ഫോട്ടോ ഇവിടെ ചേർക്കുന്നുണ്ട്).
അന്നത്തെ ആ സമർത്ഥനായ വിദ്യാർത്ഥിയുടെ ചുവടുകൾ ഹാഫിള് പദവിയിലേക്കും ഖാരിഅ് എന്ന പ്രശസ്തിയിലേക്കും അറബി വ്യാകരണശാസ്ത്രത്തിൽ ആഴക്കടലും കീഴടക്കി.

    റേയിൽവേയിൽ ചീഫ് സുപ്രണ്ടായി വിരമിച്ച ഇദ്ദേഹം 95ാം വയസ്സിലും ഖുർആൻ പാരായണ രീതി സമൂഹത്തിന് പകർന്നു നൽകുകയാണ്. പന്താരങ്ങാടിയിലെ  അഴുവളപ്പിൽ എ.വി രായിൻ കുട്ടി ഹാജിക്ക് തജ്‌വീദിലെ ഏത് നിയമങ്ങളിലും അഗാത പാണ്ഡിത്യമാണ്. 

           മർഹൂം ഖാരിഅ പി ഹസൻ മുസ്ലിയാർ, അബുൽ വഫാ കെ.വി അബ്ദുറഹ്‌മാൻ മുസ്ലിയാർ കൊടുവള്ളി തുടങ്ങിയ പ്രമുഖ ഖാരിഉകളിൽ നിന്നായി ഖുർആൻ പാരായണത്തിലും നിയമങ്ങളിലും  അവഗാഹം നേടിയ ഇദ്ദേഹത്തിന് ഈ രംഗത്ത് ഒട്ടനവധി ശിഷ്യൻമാരുണ്ട്. തിരൂരങ്ങാടി ആസാദ് സ്വദേശിയായിരുന്ന പിതാവ് ചായകച്ചവടക്കാരനായിരുന്നു. ഈ രംഗത്തേക്ക് എത്തിപ്പെടാനുണ്ടായത് ഒരു നിയോഗമായിട്ടാണ് രായിൻ കുട്ടി ഹാജി കാണുന്നത്.       
    
    മതബോധത്തിൽ മാത്രമല്ല, ഭൗതിക വിദ്യാഭ്യാസത്തിലും രായിൽ കുട്ടി ഹാജി കഠിന ത്യാഗത്താൽ വിദ്യാസമ്പന്നനാണ്.
തിരൂരങ്ങാടി സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പഠനത്തിന് ശേഷം മലപ്പുറം ഗവ:ഹൈസ്കൂളിൽ ചേർന്ന് പഠനം തുടർന്നു.  ഹെെസ്കൂൾ പഠനത്തിനായി രായിൻ കുട്ടിഹാജി മലപ്പുറത്ത് ഹോസ്റ്റൽ കണ്ടെത്തി.  വെള്ളിയാഴ്ചയും ഞായറാഴ്ചയും സ്കൂൾ അവധിയാണ്. അക്കാലത്ത് മൂന്നാം ശനിയാഴ്ചയായിരുന്നു പൊതു അവധി. അതിനാൽ ഈ മൂന്ന് ദിവസത്തെ അവധിക്ക്  നാട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച സ്കൂൾ അവസാന ഒരു പിരീഡിന് മുന്നേ അധ്യാപകരോട് ചോദിച്ച് യാത്ര തുടങ്ങും,  മലപ്പുറത്ത് നിന്നും തിരൂരങ്ങാടിയിലേക്ക്... വെറും കാൽനടയായി..! നടന്ന് നടന്ന് രാത്രി എട്ട് മണിയോടെ വീട്ടിലെത്തും. അവധി കഴിഞ്ഞ് തിങ്കളാഴ്ച അഞ്ചു മണിയോടെ വീട്ടിൽ നിന്നിറങ്ങുകയും പത്ത് മണിയോടെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്യും. ഇന്നത്തെ സമൂഹത്തിന് ചിന്തിക്കാനാകുമോ ഇത് ...?! ഭൗതിക വിദ്യാഭ്യാ ത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര.!
മത ചിന്തകൻമാർ ഇദ്ദേഹത്തിന്റെ ഭൗതിക പഠനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. എങ്കിലും ഒട്ടും തളരാതെ രായിൻ കുട്ടി ഹാജി എസ് എസ് എൽ സിക്ക് ഉയർന്ന മാർക്കോടെ പാസാകുകയും ചെയ്തു.

നാട്ടിൽ എഴുത്തും വായനയും അറിയുന്ന വ്യക്തി അന്ന് ഇദ്ദേഹമായിരുന്നു. അത് കൊണ്ട് തന്നെ കുട്ടിയായിരുന്ന രായിൻ കുട്ടിഹാജി കൂട്ടുകാരോടൊത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴും മറ്റും റേഷൻ കടയിലെ കണക്കുകൾ നോക്കാനും മറ്റുമായി വിളിച്ചിരുത്തും. കളി മുടങ്ങിയ രോഷം കുട്ടി പ്രകടിപ്പിച്ചാലും കണക്ക് കൂട്ടിക്കിഴിക്കാൻ അറിവ് നേടിയവരില്ലാത്തതിനാൽ  രക്ഷയില്ലല്ലോ ....
കണക്കിന്റെ കാര്യത്തിൽ ഒരു അദ്ഭുതം തന്നെയായിരുന്നു ഇദ്ദേഹം. എത്ര വർഷം പഴക്കമുള്ള കലണ്ടറിലെയും തിയതി പറഞ്ഞാൽ ആ ദിവസം ഏതെന്ന് തിരിച്ച് പറഞ്ഞു തരുമായിരുന്നത്രെ. ഈ മഹാ മനീഷിയുടെ ജീവിത കഥകൾ മുഴുവൻ വർണ്ണിക്കാൻ പോപ്പുലർ ന്യൂസ് പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു അമൂല്യഗ്രന്ഥമാണ് രായിൻ കുട്ടി ഹാജി.

 പാലക്കാട് മണ്ണാർക്കാട് ഫോറസ്റ്റിൽ അസി. ക്ലാർക്കായി നിയമനം ലഭിച്ച ശേഷം റെയിൽവേയിൽ ജോലി അന്വേഷിച്ചു. ഫോറസ്റ്റ് ജോലിയിൽ ഏറെ വൈകിയും ജോലികൾ ചെയ്യുന്നതിനാൽ ഫോറസ്റ്റ് റൈഞ്ച് ഓഫീസർക്ക്  ഇദ്ദേഹത്തോട് നല്ല മതിപ്പായിരുന്നു. എന്നാൽ, റെയിൽവേയിൽ നിന്നും ഇന്റവ്യൂവിന് വിളിച്ചപ്പോൾ ഫോറസ്റ്റിൽ നിന്നും ലീവ് ചോദിച്ചു. പക്ഷേ, അവർ സമ്മതിച്ചില്ല. "ആ ജോലി കിട്ടിയില്ലെങ്കിൽ പിന്നെ ഈ വഴിക്ക് കണ്ട് പോകരുത്..." എന്ന് മേലുദ്യോഗസ്ഥൻ താക്കീത് നൽകി. അത്കൊണ്ട് തന്നെ അദ്ദേഹം ആ ജോലി രാജി വെച്ച് അവിടെ നിന്ന് ഇറങ്ങി. റെയിൽവേയിൽ ഇൻറർവ്യൂ നടത്തപ്പെടുകയും റെയിൽവേയിൽ ജോലി നേടുകയും ചെയ്തു.

    റേയിൽവേയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 1962 ൽ ഷോർണ്ണുർ റേയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ നിസ്കരിക്കാൻ അടുത്തുള്ള പള്ളിയിൽ പോയിരുന്നു. നാട്ടുകാരുമായി കൂടുതൽ ഇടപഴക്കാൻ തുടങ്ങിയതോടെ അവർ മഹല്ല് കമ്മിറ്റി ജോയിൻ സെക്രട്ടറിയായി ഇദ്ദേഹത്തേ തിരെഞ്ഞടുത്തു. മഹല്ല് കമ്മിറ്റിക്ക് കീഴിൽ ഏതാനും മദ്റസകളുണ്ടായിരുന്നു. മദ്റസകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചെപ്പെടുത്തുന്നതിനായി മദ്റസകളുടെ സൂപ്പർ വൈസറായി ഇദ്ദേഹത്തേ നിയമിക്കുകയും ചെയ്തു. കുട്ടികളുടെ പഠന പുരോഗതി മനസ്സിലാക്കി പോരായ്മകൾ പരിഹരിക്കാനുള്ള ചുമതലയുമുണ്ടായി. ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ ഖുർആൻ പാരായണം നന്നാക്കുക എന്നതാണ്. എന്നാൽ അധ്യാപകർക്ക് ഇതിൽ നല്ല പരിജ്ഞാനം ഉണ്ടാക്കണമെന്നതിനാൽ ഇതിനായി ആദ്യം പഠിക്കേണ്ടത് താൻ തന്നെയാണ് എന്ന ബോധമാണ് ഈ രംഗത്തെത്തിച്ചത് എന്ന് ഇദ്ദേഹം പറഞ്ഞു. അതിനിടെയാണ് 'അർരി സ്വലാത്തുൽ ഗറാഇ ഫീഹിയ്യതിൽ ഖുർറഅ'  എന്ന അമൂല്യമായ ഗ്രന്ഥം ലഭിച്ചത്.അറബിയിലുള്ള ഈ ഗ്രന്ഥം  അടുത്തുള്ള പള്ളിയിലെ മുദരിസിൽ നിന്ന് പഠിച്ചു. തുടർന്ന് ഈ രംഗത്ത് നീണ്ട ഒരു പഠനയാത്ര തന്നെ ആയിരുന്നു. പിന്നീട് പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് മാറിയപ്പോൾ കൂടുതൽ സൗകര്യ പ്രധാനമായി അവിഭക്ത സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റേ പ്രവർത്തനം പരപ്പനങ്ങാടി ബയ്യാനിയ പ്രസ് കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. അൽമയാൻ മാസികയടക്കമുള്ള പ്രസിദ്ധീകരണങ്ങളും മറ്റും ബയ്യാനിയയിൽ നിന്ന് അച്ചടിച്ച് വിവിധ ഭാഗങ്ങളിലേക്ക് ട്രെയിൻ മാർഗം കോണ്ടു പോകുന്നതിനുള്ള വഴികൾ ചെയ്തു കൊടുത്തു. അങ്ങനെ വിദ്യാഭ്യാസ ബോർഡിലെ മനേജറുമായി വലിയ ബന്ധമുണ്ടായി. മദ്റസാധ്യാപകർക്ക് റൈഞ്ച് തലത്തിൽ നടക്കാറുളള ഒട്ടുമിക്ക ഹിസ്ബ് ക്ലാസുകളിലും പങ്കെടുക്കാൻ ഇതു വഴി അവസരമുണ്ടായി.
       മദ്റസാധ്യാപകരല്ലാത്ത ആർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ പ്രത്യേക സമ്മതത്തോടു കൂടിയാണ് പങ്കെടുത്തിരുന്നത്. മദ്റസാധ്യാപകർക്ക് ഹിസ്ബ് ക്ലാസ് തുടങ്ങിയതോടെ ഈ രംഗത്ത് കാര്യമായ മാറ്റമാണുണ്ടായത്. ഔദ്യോഗിക ജീവിതത്തിനിടയിലും ഖുർആൻ പാരായണം മെച്ചെപ്പെടുത്തുന്നതിനു സമയം കണ്ടെത്തിയിരുന്നു. അതിനിടെ പള്ളിദർസുകളിൽ മുതഅല്ലിംകൾക്ക് തജ് വീദ് പരിശീലനം നടത്തണെമെന്ന് ആവശ്യം ഉയർന്നു. ഇതിന്റെ ഭാഗമായി വേങ്ങരയിൽ മുദരീസിങ്ങളുടെ യോഗം ചേർന്നു. പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായിരുന്ന മർഹൂം എൻ.കുട്ടി മുസ്ലിയാരായിരുന്നു യോഗത്തിന് വേണ്ട കാര്യങ്ങൾ ചെയ്തത്. മദ്റസകളിൽ തജ് വീദ് പരിശീലനം വേണമായിരുന്നു എന്നാണ് എല്ലാവരുടേയും ആവശ്യം. എന്നാൽ ആദ്യം ക്ലാസ് വേണ്ടത് മുദരിസീങ്ങൾക്കാണ്. അവർക്ക് ആര് ക്ലാസ് എടുക്കും എന്ന ചോദ്യം ഉയർന്നു. ഇരിങ്ങല്ലൂർ സ്വദേശിയായ ഒരു പണ്ഡിതൻ അതിന് തയ്യാറായി. എന്നാൽ അതിനിടെ കുട്ടി ഹസൻ മുസ്ലിയാർ മരണപ്പെട്ടു. അതോടെ കാര്യങ്ങൾ എല്ലാം മുടങ്ങുകയുണ്ടായി. ഇന്ന് മദ്റസകളിലും കോളേജുകളിലും തജ്‌വീദ് ഒരു പ്രത്യേക വിഷയമായി എടുക്കുന്നുണ്ട് എന്നത് വലിയ ആശ്വാസകരമാണെന്ന് രായിൽ കുട്ടി ഹാജി പറയുന്നു. 
ഖുർആൻ പാരായണത്തിൽ പ്രമുഖ ഖാരിഉകളിൽ നിന്നുള്ള സനദും (പരമ്പര) ഇദ്ദേഹത്തിനുണ്ട്. കാരന്തൂർ സുന്നി മർക്കസിൽ ഹാഫിളുകൾക്ക് തജ്‌വീദ് ക്ലാസ് എടുത്തിരുന്നു.  കൂടാതെ വലിയോറ ദാറുൽ മആരിഫ് അറബിക്ക് കോളോജ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും പള്ളി ദർസുകളിലും വിദ്യാർഥികൾക്ക് തജ്‌വീദ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സാധാരണക്കാർക്കും പരിശീലനം കൊടുത്തിട്ടുണ്ട്. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ചെമ്മാട് ടൗൺ സുന്നി മസ്ജിദിൽ ദർസ് നടത്തിരുന്നപ്പോൾ മുതഅല്ലിമീങ്ങൾക്ക് തജീവിദ് ക്ലാസ് എടുത്തിരുന്നു. മുതിർന്നവർ അടക്കം 200 പേർ ആണ് ക്ലാസിൽ ഉണ്ടായിരുന്നത്. അത്യാവശ്യം ഓതാൻ അറിയുന്ന 25 പേർക്ക് രാവിലെ ക്ലാസിൽ ഓതിക്കോടുക്കുകയും മറ്റു കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അവർ ഈ കുട്ടികൾക്ക് വൈകുന്നേരം പഠിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്.
റെയിൽവേ ജോലിക്കിടെ മത വിദ്യാഭ്യാസത്തിലൂടെ നിരവധി ശിഷ്യരെ വാർത്തെടുത്തു.
ഒടുവിൽ റെയിൽവേ ചീഫ് സൂപ്രണ്ടായി രായിൻ കുട്ടി ഹാജി സർവ്വീസിൽ നിന്നും വിരമിച്ചു.

     പ്രായാധിക്യം കാരണം ഇപ്പോൾ വീട്ടിൽ കഴിയുകയാണെങ്കിലും തജ് വീദുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളും ചോദിച്ചാൽ ഇദ്ദേഹം വാചാലനാകും. വലിയ പണ്ഡിതൻമാർ അടക്കം ഇദ്ദേഹത്തിന്റെ അടുത്ത് രാവിലെ വന്ന് ഓതിക്കൊടുത്ത് സംശയങ്ങൾ തീർക്കുകയും ഖുർആൻ പാരായണ രീതി പഠിക്കുകയും ചെയ്യുന്നുണ്ട്. കുറ്റമറ്റ രീതിയിൽ ഖുർആൻ പാരായണ രീതി പഠിക്കുക എന്നത് അനിവാര്യമാണെന്നും സമൂഹം ഇക്കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും ഇദ്ദേഹം പറയുന്നു. പള്ളി ദർസുകളിലും അറബിക് കോളേജുകളിലും ശരീഅത്ത് - ദഅവ കോളേജുകളിലും കിതാബുകൾ പഠിക്കാൻ മീസാൻ അടക്കമുള്ള നഹ്‌വ്(വ്യാകരണശാസ്ത്രം) പഠിക്കുന്നതുപോലെ  ഖുർആനും ഹദീസും പഠിപ്പിക്കാൻ തജ്‌വീദിന് പ്രാമുഖ്യം നൽകണം. കാരണം ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരാണ് മതപരമായ കാര്യത്തിൽ നേതൃതം നൽകുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.
 സാധാരണക്കാർക്കും ഇത് ഒഴിച്ച് കൂടാൻ പറ്റാത്തതാണ് ഏറ്റവും കൂടുതൽ നിസ്കാരത്തിൽ ഓതേണ്ട കാര്യങ്ങൾ തജ് വീദ് അനുസരിച്ച് ഓതാൻ കഴിയണം. അല്ലാത്തപക്ഷം നിസ്കാരം ശരിയാക്കുകയില്ല. അതിനാൽ ഇക്കാര്യത്തിൽ നല്ല ബോധവൽക്കരണം തന്നെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. 

കരകൗശല മേഖലയിലും ഖാരിഅ് രായിൻ കുട്ടി ഹാജി തന്റെ കഴിവ് സമൂഹത്തിന് സമർപ്പിച്ചു.
വിവാഹ സൽക്കാരങ്ങളിലെ അലങ്കാരങ്ങൾ, കുരുത്തോലകളിലുള്ള അലങ്കരങ്ങൾ, ഇതിനെല്ലാം പുറമെ കല്യാണ ക്ഷണക്കത്തുകൾ പോലും സ്വന്തം കൈപടയിലെഴുതിയിട്ടുണ്ട്. സ്വന്തം വിവാഹ ക്ഷണക്കത്ത് ഇദ്ദേഹം എഴുതി തയ്യാറാക്കിയതായിരുന്നു. അക്കാലത്ത് എഴുതിയ ആ കത്തിൽ ഒരു കത്ത് ഇന്നും അദ്ദേഹം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അച്ചടിയന്ത്രം പോലും നാണിച്ച് പോകുന്ന കയ്യക്ഷരങ്ങൾ കണ്ടാൽ അതിശയിപ്പിക്കും. വല്യൂപ്പയുടെ വിവാഹ ക്ഷണക്കത്ത് കണ്ട് പേരമകൻ ഫഹദ് റഹ്മാൻ 2017 ൽ  തന്റെ വിവാഹ ക്ഷണക്കത്ത് വല്യുപ്പയെ കൊണ്ട് എഴുതിപ്പിച്ചതായിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ആ ക്ഷണക്കത്ത് കോപ്പി ചെയ്താണ് അന്ന് വിതരണം ചെയ്തത്. (രായിൻ കുട്ടി ഹാജി എഴുതിയ തയ്യാറാക്കിയ ക്ഷണക്കത്തിന്റെ ഫോട്ടോ ഇതിൽ കാണാം).

     പരേതയായ ഖദീജ ഹജ്ജുമ്മയാണ് രായിൻ കുട്ടി ഹാജിയുടെ ഭാര്യ. കുടുംബത്തിനിടയിൽ ഉത്തമ വഴികാട്ടിയായ ഇദ്ദേഹം മക്കളുടെയും പേരമക്കളുടെയും ജനന വിവരങ്ങൾ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. മക്കൾക്കും പേരമക്കൾക്കും ഉസ്താദും അധ്യാപകനും ചരിത്ര കാഥികനും നല്ലൊരു വഴികാട്ടിയുമാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ഏറെ നാളുകൾ റെയിൽവേ ചീഫ് സൂപ്രണ്ടായിരുന്ന ആ കാലത്തെ തീവണ്ടികളിൽ നിന്നും പുരോഗമിച്ച് മെട്രോ എന്ന രീതി വരുന്നതിനെ കുറിച്ച് ഏറെ അറിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും പേരമകൻ  ഇദ്ദേഹത്തെ കൊച്ചി മെട്രോയിൽ കൊണ്ട് പോകുകയും സമർത്ഥനായ ഒരു പഠിതാവിനെ പോലെ അദ്ദേഹം മെട്രോയുടെ പ്രവർത്തനത്തെ കുറിച്ചും മറ്റും ചോദിച്ച് മനസ്സിലാക്കിയിരുന്നത്രെ.
 ഈ അതുല്യ വ്യക്തിയെ ജനം അറിയണം. മത ഭൗതിക  വിദ്യാഭ്യാസങ്ങൾക്ക് ഏറെ ത്യാഗം സഹിക്കേണ്ടിവന്ന മഹാൻ ഈ കാലഘട്ടത്തിലെ ന്യൂജനറേഷന് ഒരു പാഠമാണ്. ഈ മഹത് വ്യക്തിത്വത്തിലേക്ക് പോപ്പുലർ ന്യൂസിനെ ആഴത്തിലേക്കിറങ്ങാൻ പേരമകൻ ഫഹദ് റഹ്മാൻ ഏറെ സഹായിച്ചു.


Post a Comment

0 Comments