Flash News

6/recent/ticker-posts

ലീഗ് എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് മുനീര്‍; 'അന്ധമായ സിപിഐഎം വിരോധമില്ല'

Views
കോഴിക്കോട്: മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീര്‍. രാജ്യത്തെ രാഷ്ടീയസാഹചര്യങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് എംകെ മുനീര്‍ മീഡിയാ വണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ലീഗ് എല്‍ഡിഎഫിലേക്ക് വന്നാല്‍ കൊള്ളാമെന്ന നിലപാടുള്ളവര്‍ സിപിഐഎമ്മിലുണ്ട്. ആശയപരമായി വ്യത്യാസമുളളവര്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും തനിക്ക് അന്ധമായ സിപിഐഎം വിരോധമില്ലെന്നും എംകെ മുനീര്‍ വ്യക്തമാക്കി.
 എംകെ മുനീര്‍ പറഞ്ഞത്: ''സിപിഐഎമ്മിലെ ചിലര്‍ക്ക് മുസ്ലീംലീഗിനെ അങ്ങോട്ട് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. അതാണല്ലോ ഇപി ജയരാജന്‍ പറഞ്ഞത്, അവര്‍ വരുന്നതില്‍ ഇഷ്ടമുണ്ടെന്ന്. അതേസമയം, നിയമസഭയില്‍ നോക്കിയാല്‍ കാണാം ഒരു വിഭാഗം ആളുകള്‍ മുസ്ലീംലീഗിനെ മാത്രം ആക്രമിക്കുന്നുണ്ട്.''
''വ്യത്യസ്തമായ ഐഡിയോളജികള്‍ ആണെങ്കിലും ഒരു മുന്നണിയെന്ന നിലയില്‍ മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നമില്ല. ഇന്ത്യയില്‍ തന്നെ സംഭവിച്ച് കൊണ്ടിരിക്കുന്നത് അതാണ്. വ്യത്യസ്തമായ ഐഡിയോളജികള്‍ ഒന്നിച്ചുള്ള പ്രതിപക്ഷത്തെക്കുറിച്ചാണ് എല്ലാവരും ആലോചിക്കുന്നത്.''എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് മുനീര്‍ നല്‍കിയ മറുപടി: ''രാഷ്ട്രീയം നമുക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. നാളെ എന്ത് സംഭവിക്കുമെന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പറയാന്‍ പറ്റില്ല. രാജ്യത്തെ രാഷ്ട്രീയം തന്നെ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ അന്ധമായ സിപിഐഎം വിരോധമുള്ള ആള്‍ അല്ല. പക്ഷെ ഇവിടെ എനിക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ക്കും അതേ രീതിയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.''

മുസ്ലിംലീഗ് എൽഡിഎഫിലേക്ക് പോകുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.




Post a Comment

0 Comments