കെഎസ്ആർടിസി തിരുവനന്തപുരം – കൊല്ലൂർ സർവീസ് ഡീസൽ കിട്ടാതെ കുടുങ്ങി. ഇന്നലെ പുലർച്ചെയാണു ബസ് കാസർകോടെത്തിയത്. 2 മണിക്കൂറോളം ബസ് നിർത്തിയിടേണ്ടി വന്നു. സ്വകാര്യ പമ്പിൽ നിന്ന് ഡീസൽ അടിക്കാൻ അനുവാദമുണ്ടെങ്കിലും സീറ്റുകൾ മിക്കവയും മുൻകൂർ ബുക്കിങ് ചെയ്യുന്നതിനാൽ കണ്ടക്ടറുടെ കൈവശം പണമുണ്ടായിരുന്നില്ല. ജീവനക്കാരുടെ കയ്യിൽ ആവശ്യത്തിനു പണം നൽകാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് വിമർശനമുണ്ട്.
പുലർച്ചെ 3.15ന് കാസർകോട് എത്തേണ്ട ബസ് ഇന്നലെ 5.30നാണെത്തിയത്. മുൻപ് കാസർകോട് ഡിപ്പോയിൽ നിന്നാണു ഡീസലടിച്ചിരുന്നത്. ഡീസൽ പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ പമ്പുകളിലേക്ക് മാറിയിരുന്നു. 2 മണിക്കൂറോളം വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് കെഎസ്ആർടിസി അധികൃതർ ഇടപെട്ട് കാസർകോട് ഡിപ്പോയിൽ നിന്ന് പണം നൽകുകയായിരുന്നു.
രാവിലെ 7.30നാണു ബസ് പിന്നീട് പുറപ്പെട്ടത്.20,000 രൂപയാണു കാസർകോട് ഡിപ്പോയിൽ നിന്നു തിരുവനന്തപുരത്തെ ബസിനു നൽകിയത്. ഡീസൽ ക്ഷാമമുള്ള സാഹചര്യത്തിൽ കണ്ടക്ടറുടെ കയ്യിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മാതൃ ഡിപ്പോയുടെ ചുമതലയാണ്. മുൻപൊരിക്കലും തിരുവനന്തപുരത്തെ കെഎസ്ആർടിസി പണമില്ലാതെ കാസർകോടെത്തിയിരുന്നു.
0 Comments