Flash News

6/recent/ticker-posts

പ്രിയ വർഗീസിന്റെ നിയമനം ഹൈകോടതി സ്റ്റേ ചെയ്തുരണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ് നടപടി

Views

പ്രിയ വർഗീസിന്റെ നിയമനം ഹൈകോടതി സ്റ്റേ ചെയ്തു
രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ് നടപടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമത്തിന് താല്‍ക്കാലിക സ്റ്റേ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. ഹരജി 31 ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിയമനം തടഞ്ഞത്. യു.ജി.സിയെ ഹരജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. സര്‍വകലാശാല ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയയുടെ ഹരജിയിലാണ് നടപടി.

പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.

ഹരജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി കേസിൽ യു.ജി.സിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു.

തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി. സി ഗോപിനാഥ്​ രവീന്ദ്ര​ന്‍റെ കാലാവധി നീട്ടുന്നതിന്​ തൊട്ടുമുമ്പ്​ ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.

25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഡോ. ജോസഫ്​ സ്​കറിയയെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയത് എന്നാണ് ആരോപണം


Post a Comment

0 Comments