Flash News

6/recent/ticker-posts

ഗുലാം നബിയുടെ രാജി; കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതില്‍ ആശങ്കപ്പെട്ട് മുസ്ലിം ലീഗ്

Views


മലപ്പുറം: തലയെടുപ്പുള്ള നേതാക്കള്‍ ഒന്നൊന്നായി വിട്ടുപോയി കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതില്‍ ആശങ്കാകുലരാണ് കേരളത്തിലെ മുസ്ലിംലീഗ് നേതൃത്വം. ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ട ഗുലാംനബി ആസാദ് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ന്യൂനപക്ഷമുഖം മാത്രമായിരുന്നില്ല, പാണക്കാട് തങ്ങള്‍ കുടുംബവുമായി വ്യക്തിബന്ധം പുലര്‍ത്തിയ ആളുമായിരുന്നു. ഇതിനുമുമ്പ് കോണ്‍ഗ്രസ് വിട്ട കപില്‍ സിബലാകട്ടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരായ നിയമപോരാട്ടങ്ങളില്‍ മുമ്പനുമായിരുന്നു.

കോണ്‍ഗ്രസ് ഏറ്റവും ശക്തമായി നില്‍ക്കേണ്ട സമയത്ത് ഇങ്ങനെ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് ന്യൂനപക്ഷങ്ങളെ മാത്രമല്ല മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ആകെ ദുര്‍ബലപ്പെടുത്തുമെന്ന് ആസാദിന്റെ രാജിയെക്കുറിച്ച് മുതിര്‍ന്ന ലീഗ് നേതാവ് പ്രതികരിച്ചു.

”പ്രത്യക്ഷത്തില്‍ ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. പേക്ഷ, അതിനപ്പുറം മാനങ്ങളുണ്ടെന്ന ഞങ്ങള്‍ കരുതുന്നു. കേരളത്തിലായിരുന്നു ഇങ്ങനെ വിട്ടുപോക്കെങ്കില്‍ ഏതെങ്കിലും തലത്തില്‍ ഇടപെടാന്‍ ലീഗിന് അവസരം കിട്ടുമായിരുന്നു. ‘-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആസാദ് പലപ്പോഴും പാണക്കാട് സന്ദര്‍ശിച്ചിട്ടുണ്ട്. 2000-ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പമാണ് അദ്ദേഹം ഈദ് ആഘോഷിച്ചത്. പിന്നീട് ശിഹാബ് തങ്ങള്‍ അന്തരിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പാണക്കാട്ടെത്തി. പിന്‍ഗാമിയായി വന്ന ഹൈദരലി തങ്ങളുമായും അദ്ദേഹം അടുപ്പം പുലര്‍ത്തി. ഡല്‍ഹിയില്‍ ലീഗിന്റെ പോഷകസംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണച്ചടങ്ങിലും കോഴിക്കോട്ടെ ഇ. അഹമ്മദിന്റെ അനുസ്മരണച്ചടങ്ങിലും ഗുലാം നബി പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് വിട്ടെങ്കിലും മതനിരപേക്ഷ മുന്നണിയില്‍ അദ്ദേഹം ഉണ്ടാകുമെന്ന ആശ്വസിക്കുകയാണ് ലീഗ് നേതൃത്വം. ആസാദിന് രാജ്യസഭാംഗ്വതം കോണ്‍ഗ്രസ് നീട്ടിക്കൊടുക്കേണ്ടതായിരുന്നുവെന്ന് മറ്റൊരു ലീഗ് നേതാവ് അഭിപ്രായപ്പെട്ടു.



Post a Comment

0 Comments